അക്ഷരദീപം ഇന്നണയും; ജനത്തിരക്കിലമര്‍ന്ന് പുസ്തക നഗരി
text_fieldsഷാര്‍ജ: പത്തു ദിവസമായി അക്ഷരവെളിച്ചം തൂകി നിന്ന അന്താരാഷ്ട്ര പുസ്തക മേള നഗരിയില്‍ ഇന്ന് ദീപമണയും. അക്ഷരാര്‍ഥത്തില്‍ സാംസ്കാരിക ഉത്സവാന്തരീക്ഷം തീര്‍ത്ത 34ാമത് മേളയില്‍ അവസാനദിവസങ്ങളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഈ മാസം നാലിന് തുടങ്ങിയ മേളയില്‍ ആദ്യ ഒമ്പത് ദിവസം 10 ലക്ഷം പേര്‍ മേള സന്ദര്‍ശിച്ചതായാണ് കണക്ക്.
15 ലക്ഷം പേര്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് മേളക്കത്തെുമെന്ന സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റില്ളെന്നാണ് ഇന്നലെ അവധിദിനത്തില്‍ എത്തിയ ജനത്തിരക്ക് വിളിച്ചുപറയുന്നത്. പ്രസാധകരുടെ എണ്ണത്തില്‍ പുതിയ റെക്കോഡ് നേരത്തെ തന്നെ സ്ഥാപിച്ചുകഴിഞ്ഞ മേള സന്ദര്‍ശകരുടെ എണ്ണത്തിലും പുതിയ റെക്കോഡിടുമെന്ന് പുസ്തകമേള ഡയറക്ടര്‍ അഹ്മദ് ബിന്‍ റികാദ് അല്‍ അംറി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വാരാന്ത്യങ്ങളിലാണ് ജനക്കൂട്ടം എത്തിയിരുന്നതെങ്കില്‍ ഇത്തവണ അല്ലാത്ത ദിവസങ്ങളിലും മോശമല്ലാത്ത സന്ദര്‍ശകരുണ്ടായിരുന്നെന്നാണ് വിവിധ പുസ്തക സ്റ്റാളുകളിലുള്ളവര്‍ പറയുന്നത്. എന്നാല്‍ പുസ്തക വില്‍പ്പന കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലു മണി മുതല്‍ തന്നെ വന്‍ ജനക്കൂട്ടമാണ് എക്സ്പോ സെന്‍ററിലേക്ക് ഒഴുകിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എല്ലാ പ്രായക്കാരും കൂടുതലായത്തെി. നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയായിരുന്നു.
ഇന്ത്യന്‍ പവലിയനില്‍ തന്നെയായിരുന്നു കൂടുതല്‍ തിരക്ക്. അതില്‍ തന്നെ കേരളത്തില്‍ നിന്നു വന്ന വിവിധ പ്രസാധകരുടെ സ്റ്റാളുകളില്‍ മലയാളികള്‍ കൂട്ടത്തോടെ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നത്തെിയ പ്രമുഖ എഴുത്തുകാരുടെയും സാംസ്കാരിക-സിനിമാ പ്രവര്‍ത്തകരുടെയും പരിപാടികള്‍ക്കും സംവാദങ്ങള്‍ക്കും നിറഞ്ഞ സദസ്സായിരുന്നു. വ്യാഴാഴ്ച ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമയിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജും പാര്‍വതി മോനോനും സംവിധായകന്‍ ആര്‍.എസ്. വിമലും പങ്കെടുത്ത തിരക്കഥാ പ്രകാശന ചടങ്ങ് ബാള്‍ റൂമിലെ നിറഞ്ഞ സദസ്സിന് മുന്നിലാണ് നടന്നത്.
900ഓളം സാംസ്കാരിക പരിപാടികളാണ് മേളയുടെ ഭാഗമായി ഒരുക്കിയത്. ടി.പത്മനാഭന്‍, എന്‍.എസ്. മാധവന്‍, പി.കെ.പാറക്കടവ്, മുരുകന്‍ കാട്ടാക്കട, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ബാലചന്ദ്രമേനോന്‍, പൃഥ്വിരാജ്, പാര്‍വതി മേനോന്‍, ആര്‍.എസ് വിമല്‍, ഡോ. ഡി. ബാബു പോള്‍, ഡോ. വി.പി.ഗംഗാധരന്‍, ഡോ. ചിത്രംഗദ ഗംഗാധരന്‍, ടി.ഡി.രാമകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ.ആര്‍. ടോണി, ഷെമി, ഷാഹിന ബഷീര്‍, അനീസ് ബഷീര്‍, ഉമ്മി അബ്ദുല്ല, ഫൈസ മൂസ തുടങ്ങിയവരാണ് മലയാളത്തില്‍ നിന്ന് മേളക്കത്തെിയ പ്രമുഖര്‍. അതേസമയം പരിപാടി പട്ടികയിലുണ്ടായിരുന്ന നടന്‍ മോഹന്‍ലാല്‍, കവി സച്ചിദാനന്ദന്‍, അബ്ദുസ്സമദ് സമദാനി എം.എല്‍.എ എന്നിവര്‍ക്ക് എത്താനായില്ല.
ഇന്ത്യയില്‍ നിന്ന് സുധാ മൂര്‍ത്തി, നിതാ മത്തേ, സുബ്രതോ ബാച്ചി, രുചുത ദിവേകര്‍, സുസ്മിത ബാച്ചി, ഗുര്‍ചരണ്‍ ദാസ്, ടി.എന്‍. മനോഹരന്‍, ദര്‍ജോയ് ദത്ത, വൈരമുത്തു തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നത്തെിയ പ്രമുഖര്‍.
മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാമിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്‍െറ സഹചാരി ശ്രിജന്‍പാല്‍ സിങ് എത്തിയിരുന്നു.
ലോകപ്രശസ്തരായ നിരവധി എഴുത്തുകാരും അഭിനേതാക്കളും മേളയുടെ അതിഥികളായിരുന്നു. ഈജിപ്ഷ്യന്‍ നടന്‍ മുഹമ്മദ് സുബ്ഹി, ഈജിപ്ഷ്യന്‍ അംബാസഡറും എഴുത്തുകാരനുമായ ഡോ. മുസ്തഫ അല്‍ ഫിഖി, 2015ലെ ബുക്കര്‍ പ്രൈസ് ജേതാവായ തുനീഷ്യന്‍ എഴുത്തുകാരന്‍ ഡോ. ശുക്രി അല്‍ മബ്ഖൂത്, സൗദി എഴുത്തുകാരന്‍ ഡോ. സഅദ് അല്‍ ബാസി, മൊറോക്കന്‍ എഴുത്തുകാരന്‍ ഡോ. മുഹമ്മദ് ബറാദ, ഒമാനി കവി സൈഫ് അല്‍ റഹ്ബി, ഖത്തര്‍ സാഹിത്യകാരനും അഭിനേതാവുമായ വിദാദ് അല്‍ കുവാരി, ഈജിപ്ഷ്യന്‍ കവി ഫാറൂഖ് ശൂശ, ബഹ്റൈനി നാടകകൃത്ത് ഡോ. ഇബ്രാഹിം ഗുലൂം, ജോര്‍ഡന്‍ മന്ത്രിയും കവിയുമായ ജെര്‍യസ് സമാവി, സിറിയന്‍ നോവലിസ്റ്റ് ലിന അല്‍ ഹസന്‍, ഈജിപ്ഷ്യന്‍ നോവലിസ്റ്റ് മുഹമ്മദ് മന്‍സി ഖന്‍ദില്‍, ലബനീസ് കവി നദ അല്‍ ഹാജ്, ഈജിപ്ഷ്യന്‍ ടി.വി അവതാരകന്‍ അഹ്മദ് അല്‍ മുസ്ലിമാനി, സുഡാനീസ് നോവലിസ്റ്റ് ഹമൂര്‍ സിയാദ, കുവൈത്തി കവി സഅദിയ മുഫര്‍റിഹ്, ഫലസ്തീനിയന്‍ നോവലിസ്റ്റും കവിയുമായ സുസന്‍ അബു അല്‍ ഹവ്വ, ഇറാഖ് എഴുത്തുകാരന്‍ ഡോ. സബ്രി മുസല്ലം ഹമ്മാദി, കുവൈത്ത് എഴുത്തുകാരി ഹിബ മിശാരി ഹമാദ, ലബനീസ് നോവലിസ്റ്റ് ഹുദ ബറകാത് എന്നിവര്‍ മേളക്കത്തെിയ പ്രമുഖ അറബ് അതിഥികളായിരുന്നു.
അയര്‍ലന്‍റിലെ ജനപ്രിയ എഴുത്തുകാരന്‍ ഡാരന്‍ ഷാന്‍, ബ്രിട്ടീഷ് എഴുത്തുകാരന്‍ ജോണ്‍ മക്കാര്‍ത്തി, നൈജീരിയന്‍ സാഹിത്യകാരനും മാന്‍ ബുക്കര്‍ പ്രൈസ് ജേതാവുമായ ബെന്‍ ഓക്രി, പാകിസ്താനി എഴുത്തുകാരി ഫാത്തിമ ഭുട്ടോ, ഗായകന്‍ സമി യൂസുഫ് തുടങ്ങിയവരും എത്തി.
കോമിക് പുസ്തകങ്ങള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗം ഉണ്ടായിരുന്നു. പ്രശസ്ത പാചക വിദഗ്ധരുടെ തത്സമയ പ്രദര്‍ശനം എല്ലാദിവസവും ഉണ്ടായിരുന്നു.
അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത സമ്മേളനത്തില്‍ 16 രാജ്യങ്ങളില്‍ നിന്ന് 255 ലൈബ്രേറിയന്മാരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.