Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി എഴുത്തുകാരുടെ...

പ്രവാസി എഴുത്തുകാരുടെ രചനകള്‍ക്ക് പ്രിയം കൂടുന്നു

text_fields
bookmark_border

ഷാര്‍ജ: 34ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് ശനിയാഴ്ച കൊടിയിറങ്ങിയപ്പോള്‍ മലയാള പുസ്തകങ്ങളില്‍ വില്‍പനയില്‍ മുന്നില്‍ നവാഗത എഴുത്തുകാരി ഷെമിയുടെ ആദ്യ നോവലായ ‘നടവഴിയിലെ നേരുകള്‍’. വിവിധ പുസ്തകശാലകളില്‍ നിന്ന് ലഭ്യമായ കണക്കനുസരിച്ച് ഷെമി ഉള്‍പ്പെടെ പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളാണ് മലയാളത്തില്‍ ഏറെ വിറ്റുപോയത്. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകനായ ഷാബു കിളിത്തട്ടില്‍ രചിച്ച ‘നിലാച്ചോര്‍’ആണ് വില്‍പനയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ബെന്യാമിന്‍െറ ‘ആടുജീവിതം’, ഹണി ഭാസ്കറിന്‍െറ ‘ഉടല്‍ രാഷ്ട്രീയം’ എന്നീ നോവലുകളാണ് തൊട്ടുപിന്നില്‍. ദാരിദ്ര്യവും അനാഥത്വവും വരിഞ്ഞുമുറുക്കിയ നീണ്ട ജീവിതപാതകള്‍ താണ്ടേണ്ടിവന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ‘നടവഴിയിലെ നേരുകള്‍’ 1250 കോപ്പിയാണ് ഷാര്‍ജയില്‍ വിറ്റതെന്ന് ഡി.സി.ബുക്സ് വൃത്തങ്ങള്‍ പറഞ്ഞു.ആദ്യം രണ്ടുതവണയായി കൊണ്ടുവന്ന 750 കോപ്പികള്‍ തീര്‍ന്നതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ടു ദിവസംകൊണ്ട് വീണ്ടും കോട്ടയത്ത് അച്ചടിച്ച് വിമാനത്തില്‍ കൊണ്ടുവരികയായിരുന്നു. ഈ  500 കോപ്പിയും തീര്‍ന്നു. ഡിമാന്‍റ് കൂടിയതിനാല്‍ ഇത്ര തിരക്കിട്ട് അച്ചടിച്ച് കൊണ്ടുവരുന്നത് ഡി.സി ബുക്സിന്‍െറ ചരിത്രത്തില്‍ ആദ്യമാണ്. പുസ്തകം തീര്‍ന്നിട്ടും നൂറിലേറെ ബുക്കിങ് ലഭിച്ചു. കഴിഞ്ഞ തവണ 1000 കോപ്പി വിറ്റ് ഒന്നാം സ്ഥാനത്തത്തെിയ കെ.ആര്‍. മീരയുടെ ‘ആരാച്ചാര്‍’ ഈ വര്‍ഷവും  500 ലേറെ കോപ്പി തീര്‍ന്നു.
ഷെമി കഴിഞ്ഞാല്‍ സുഭാഷ് ചന്ദ്രന്‍െറ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയ ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലാണ് ഡി.സി.ബുക്സ് കൂടുതല്‍ വിറ്റത്. 580 കോപ്പി. മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ടി.ഡി രാമകൃഷണന്‍െറ നോവലുകളായ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’, ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്നിവ കൊണ്ടുവന്ന 300 കോപ്പികളും വിറ്റു തീര്‍ന്നു. സചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിത കഥ, ഭാഗ്യലക്ഷ്മിയുടെ ‘സ്വരഭേദങ്ങള്‍’ എന്നിവയും നന്നായി വിറ്റതായി ജീവനക്കാര്‍ പറഞ്ഞു. 
ഷാബു കിളിത്തട്ടിലിന്‍െറ ‘നിലാച്ചോര്‍’ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന്‍െറ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ്. കേരളത്തില്‍ ബീഫ് വിവാദത്തിലൂടെ ശ്രദ്ധേയയായ തൃശൂര്‍ കേരള വര്‍മ കോളജ് അധ്യാപിക ദീപ നിശാന്തിന്‍െറ ഓര്‍മക്കുറിപ്പ് ‘കുന്നോളമുണ്ടല്ളോ ഭൂതകാലക്കുളിര്‍’ സ്റ്റോക്കുണ്ടായിരുന്ന 250 കോപ്പിയും വിറ്റതായി കൈരളി ബുക്സ് ജീവനക്കാര്‍ പറഞ്ഞു.
ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരണങ്ങളില്‍ ആടുജീവിതം, ഉടല്‍ രാഷ്ട്രീയം എന്നീ നോവലുകള്‍ 600 കോപ്പികള്‍ വീതം വിറ്റതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ദുബൈയില്‍ താമസിക്കുന്ന ഹണി ഭാസ്കറിന്‍െറ ആദ്യ നോവലായ ‘ഉടല്‍ രാഷ്ട്രീയം’ 14 ദിര്‍ഹത്തിനാണ് വിറ്റത്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ അശ്റഫ് താമരശ്ശേരിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രവാസി എഴുത്തുകാരന്‍ ഒ.എം.അബൂബക്കര്‍ രചിച്ച ‘മരണ പുസ്തകം’ 400 കോപ്പി തീര്‍ന്നു. മാധവിക്കുട്ടിയുടെ കൂടെ താമസിച്ച് കാനഡക്കാരി മെറിലി വെയ്സ്ബോഡ് രചിച്ച ‘പ്രണയത്തിന്‍െറ രാജകുമാരി’ 380 കോപ്പി വിറ്റു. 
പ്രവാസി എഴുത്തുകാരായ കെ.എം. അബ്ബാസിന്‍െറ ‘സങ്കടബെഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍’,തോമസ് ചെറിയാന്‍െറ ‘സ്വപ്നഗോപുരം’ എന്നിവയാണ് പിന്നെ കൂടുതല്‍ വിറ്റതെന്ന് ഗ്രീന്‍ബുക്സ് ജീവനക്കാര്‍ പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി.വാസുദേവന്‍ നായര്‍, ഒ.വി.വിജയന്‍ തുടങ്ങിയ ചിരപ്രതിഷ്ഠരായ എഴുത്തുകാര്‍ ഇപ്പോഴും വായനക്കാര്‍ക്ക് പ്രിയപ്പെട്ടവരാണെന്ന് കണക്കുകള്‍ തെളിവ് നിരത്തുന്നു. ഡി.സി.ബുക്സ് രണ്ടു വാള്യങ്ങളായി പ്രസിദ്ധീകരിച്ച ബഷീറിന്‍െറ സമ്പുര്‍ണ കൃതികള്‍ 280 കോപ്പികളാണ് വിറ്റഴിഞ്ഞത്. 120 ദിര്‍ഹമായിരുന്നു വില. എം.ടിയുടെ രണ്ടാമൂഴം ഡി.സി ബുക്സ്, മാതൃഭൂമി ബുക്സ് എന്നീ സ്റ്റാളുകളിലായി നിരവധി കോപ്പികള്‍ വിറ്റു. ഒ.വി.വിജയന്‍െറ ‘ഖസാക്കിന്‍െറ ഇതിഹാസ’ത്തിന് ഡി.സി.ബുക്സ് സ്റ്റാളില്‍ ഇന്നും ആവശ്യക്കാരേറെയാണ്. പൂര്‍ണ പബ്ളിക്കേഷന്‍സിന്‍െറ സ്റ്റാളില്‍ പ്രമുഖ ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരനായ അമീഷ് ത്രിപാഠിയുടെ നോവലുകളായ മെലൂഹ, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നിവക്കായിരുന്നു ആവശ്യക്കാരേറെ. 250 ഓളം കോപ്പി വീതമാണ് വിറ്റുപോയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ‘ടി.പത്മനാഭന്‍െറ കഥകള്‍’, കെ.വി. മോഹന്‍കുമാറിന്‍െറ ‘ഉഷ്ണരാശി’ ,വിലാസിനിയുടെ ‘ഊഞ്ഞാല്‍’ എന്നിവക്കും ആവശ്യക്കാര്‍ ഏറെയത്തെി.
മാതൃഭൂമി ബുക്സ് സ്റ്റാളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന വന്യജീവി ഫോട്ടോഗ്രാഫറായ എന്‍.എ. നസീര്‍ എഴുതിയ ‘കാടിനെ ചെന്ന് തൊടുമ്പോള്‍’ എന്ന പുസ്തകത്തിനായിരുന്നു.  ആനന്ദ് നീലകണ്ഠന്‍െറ ‘രാവണന്‍-പരാജിതരുടെ ഗാഥ’, നടന്‍ ഇന്നസെന്‍റിന്‍െറ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’,കെ. ആര്‍. മീരയുടെ നോവല്‍ ‘നേത്രോന്മീലനം’ എന്നിവയും നൂറോളം കോപ്പികള്‍ വിറ്റതായി മാതൃഭൂമി ബുക്സ് വൃത്തങ്ങള്‍ പറഞ്ഞു.
കോഴിക്കോടു നിന്നുള്ള മറ്റൊരു പ്രസാധകരായ ലിപി പബ്ളിക്കേഷന്‍സില്‍ എ.വി.അനില്‍കുമാറിന്‍െറ രണ്ടു യാത്രാവിവരണ പുസ്തകങ്ങള്‍ക്കായിരുന്നു കൂടുതല്‍ ഡിമാന്‍റ്. ‘സൈക്കിള്‍ റിക്ഷകളുടെ ലോക തലസ്ഥാനം’, ജീവിതത്തിലേക്കൊരു പലായനം’ എന്നിവയാണിവ. എ.പി.ജെ.അബ്ദുല്‍ കലാമിന്‍െറ ജീവചരിത്രത്തിന്‍െറ അറബ് പരിഭാഷ ആദ്യമായിറക്കിയ ലിപിയില്‍ അതിനും നല്ല വില്‍പനയായിരുന്നു. 
ഒലീവ് ബുക്സില്‍ ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്‍െറ ജീവചരിത്രമാണ് കൂടുതല്‍ വിറ്റത്. പ്രഭാത് ബുക്സില്‍ മാക്സിം ഗോര്‍ക്കിയുടെ ‘അമ്മ’ യാണ് ഇപ്പോഴും കൂടുതല്‍ വില്‍ക്കുന്നത്. ചിന്ത ബുക്സില്‍  ഒ.എന്‍.വി. കുറുപ്പിന്‍െറ ജീവചരിത്രം ‘പോക്കുവെയില്‍ മണ്ണിലെഴുതിയത്’,ഇ.എം.എസിന്‍െറ ജീവചരിത്രം ഉള്‍പ്പെടെയുള്ള കൃതികള്‍ക്കായിരുന്നു കൂടുതല്‍ വില്‍പ്പന.
ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് സ്റ്റാളില്‍ കര്‍മശാസ്ത്ര ഗ്രന്ഥമായ ‘ഫിഖ്ഹ്സുന്ന’യാണ് വില്‍പനയില്‍ മുന്നില്‍. ടി.കെ.അബ്ദുല്ലയുടെ ‘നടന്നു തീരാത്ത വഴികള്‍’, ഡോ.ജാസിമുല്‍ മുത്വവ്വയുടെ ‘സ്വര്‍ഗം പൂക്കുന്ന കുടുംബം’ എന്നീ പുസ്തകങ്ങള്‍ വിറ്റുതീര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book Fair
Next Story