ദുബൈയിലെ ദേരയില്‍ വന്‍ തീപ്പിടിത്തം
text_fieldsദുബൈ: നഗരത്തിന്‍െറ ഹൃദയ ഭാഗമായ ദേരയില്‍ താമസ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ദേര മുറാഖാബാദ് പൊലീസ് സ്റ്റേഷനുസമീപം സലാഹുദ്ദീന്‍ സ്ട്രീറ്റിലെ അല്‍ ശംസി കെട്ടിടത്തിലാണ് തിങ്കളാഴ്ച വൈകിട്ട് 5.40 ഓടെ തീ ആളിപ്പടര്‍ന്നത്. രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. തീപ്പിടിത്തത്തെ തുടര്‍ന്ന് ദുബൈ മെട്രോ പച്ചവരിപ്പാതയിലുടെയുള്ള ട്രെയിന്‍ സര്‍വീസ് മണിക്കൂറുകള്‍ നിര്‍ത്തിവെച്ചു. ഇതുവഴിയുള്ള റോഡു ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു.
മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ താമസിക്കുന്ന കെട്ടിടമാണിത്. ശക്തമായ കാറ്റില്‍ അഞ്ചുനില കെട്ടിടത്തിന്‍െറ മൂന്നു ബ്ളോക്കുകളില്‍ നിന്നും തീ ആളിപ്പടരുകയായിരുന്നു. ബി ബ്ളോക്കില്‍ തുടക്കമിട്ട തീ എ, സി ബ്ളോക്കിലേക്കും പടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. നിരവധി അഗ്നിശമന സേനാ യൂണിറ്റുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് കറുത്ത പുക തുപ്പി വന്‍തോതില്‍ ആളിപ്പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കിയത്. അല്‍ റാശിദീയ, അല്‍ ഹംരിയ, അല്‍ ഖിസൈസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിന് അഗ്നിശമന യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്ത് കുതിച്ചത്തെി തീ കൂടുതല്‍ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. കെട്ടിടത്തിലെ താമസക്കാരെ ഉടന്‍ മാറ്റി. 30 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് അറിയുന്നു.
ഇതിന് സമീപം പെട്രോള്‍ പമ്പ് ഉണ്ടായിരുന്നതും ആശങ്ക വര്‍ധിപ്പിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നിരവധി സ്ഫോടക ശബ്ദം കേട്ടതായി സമീപ വാസികള്‍ പറഞ്ഞു. ശക്തമായ കാറ്റ് തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ തടസ്സമായി. താമസക്കാര്‍ ഇറങ്ങിയോടിയതിനാല്‍ നിരവധി ജീവനുകള്‍ രക്ഷപ്പെട്ടെങ്കിലൂം ഇവിടെയുണ്ടായിരുന്നു വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും കത്തിച്ചാരമായതായി താമസക്കാര്‍ പറഞ്ഞു. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകളും സ്വര്‍ണാഭരണങ്ങളും വീട്ടുപകരണങ്ങളുമെല്ലാം തീ നക്കിത്തുടച്ചു.
സമീപത്തെ നാലു കെട്ടിടങ്ങളിലെ മുഴുവന്‍ താമസക്കാരെയും പൊലീസ് മുന്‍കരുതലായി ഒഴിപ്പിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള താമസക്കാര്‍ സമീപത്തെ തുറന്ന സ്ഥലങ്ങളില്‍ രാത്രി വൈകിയും നിന്നും ഇരുന്നും സമയം ചെലവഴിക്കുകയാണ്. തീപിടിച്ച കെട്ടിത്തിലെ താമസക്കാരില്‍ പലരും നഷ്ടമോര്‍ത്ത് കരയുന്നുണ്ടായിരുന്നു. സലാഹുദ്ദീന്‍ സ്ട്രീറ്റ്,അബൂബക്കര്‍ സിദ്ദീഖ് സ്റ്റേഷനുകള്‍ക്കിടയിലാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചത്. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
കറുത്ത കട്ടിപുക ഉയരുന്നത് കിലോമീറ്ററുകള്‍ ദുരെ നിന്ന് കാണാമായിരുന്നു. എന്തെല്ലാമോ പൊട്ടിത്തെറിക്കുന്ന ശബ്ദവും കേള്‍ക്കാമായിരുന്നു. പാചക വാതക സിലിണ്ടറുകളാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് ആദ്യ നിഗമനം. തീ ആളിയതോടെ സമീപ പ്രദേശങ്ങളില്‍ കടുത്ത ചൂടും അനുഭവപ്പെട്ടു. കെട്ടിടത്തിന് സമീപം തടിച്ചുകൂടിയവരെയെല്ലാം സുരക്ഷ കണക്കിലെടുത്ത് പൊലീസ് മാറ്റി. സലാഹുദ്ദീന്‍ സ്ട്രീറ്റില്‍ രണ്ടു ദിശയിലേക്കുള്ള റോഡു ഗതാഗതവും പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.