സീബ്രാവരക്ക് പുറത്ത് റോഡ് മുറിച്ചുകടന്ന 10,744 കാല്‍നടയാത്രികര്‍ പിടിയിലായി
text_fieldsഅബൂദബി: കാല്‍നടയാത്രികര്‍ക്കായി നിര്‍ദേശിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടന്ന 10744 പേര്‍ അബൂദബിയില്‍ പിടിയിലായി. 2016ലെ ആദ്യ മൂന്ന് മാസത്തിനിടയിലാണ് ഇത്രയും പേര്‍ പിടിയിലായത്. അബൂദബിയിലെ റോഡുകളിലെ സീബ്രാ വരകളില്‍ കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന നല്‍കാതിരുന്നതിന് 5080 ഡ്രൈവര്‍മാര്‍ക്കും ഈ കാലയളവില്‍ പിഴ ശിക്ഷ വിധിച്ചതായി അബൂദബി പൊലീസ് ട്രാഫിക് ആന്‍റ് പട്രോള്‍സ് വിഭാഗം അറിയിച്ചു.
2016 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ കാലയളവില്‍ ഒമ്പത് കാല്‍നടയാത്രികര്‍ വാഹനമിടിച്ച് മരണപ്പെടുകയും ചെയ്തു. 2015ലെ ആദ്യ മൂന്ന് മാസത്തില്‍ 14 കാല്‍നടയാത്രികരാണ് മരിച്ചത്.
അബൂദബി മുനിസിപ്പാലിറ്റിയും ഗതാഗത വിഭാഗവും ആയി സഹകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് റോഡുകളില്‍ കാല്‍നടയാത്രികര്‍ അപകടത്തില്‍ പെടുന്നത് കുറക്കാന്‍ സാധിച്ചതെന്ന് ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ഖൈലി പറഞ്ഞു.
നിര്‍ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ കാല്‍നടയാത്രികര്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടായിട്ടുള്ളത്. തിരക്കുള്ള റോഡുകളില്‍ കാല്‍നട യാത്രികരുടെ കണക്കുകൂട്ടല്‍ തെറ്റുന്നതും ഡ്രൈവര്‍മാര്‍ മുന്‍ഗണന നല്‍കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നിര്‍ദിഷ്ട കേന്ദ്രങ്ങളിലൂടെ മാത്രമേ കാല്‍നടയാത്രികര്‍ റോഡ് മുറിച്ചുകടക്കാവൂ.
സിഗ്നലുകള്‍ പാലിക്കുകയും വേണം. നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നവരെ പിടികൂടുന്നതിന് സിവില്‍ വേഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
റോഡുകള്‍ നിയമം ലംഘിച്ച് മുറിച്ചുകടക്കുന്നവര്‍ക്ക് 200 ദിര്‍ഹമാണ് പിഴ. സീബ്രാ വരകളിലും മറ്റും കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന നല്‍കിയില്ളെങ്കില്‍ 500 ദിര്‍ഹം പിഴയും ആറ് ബ്ളാക്ക് പോയിന്‍റും ലഭിക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ നടപ്പാലങ്ങള്‍ പ്രധാന കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്ന കാല്‍നടയാത്രികരുടെ എണ്ണത്തില്‍ കുറവുണ്ട്.
2014ല്‍ 54 പേര്‍ വാഹനങ്ങള്‍ ഇടിച്ച് മരിച്ചപ്പോള്‍ 2015ല്‍ ഇത് 48 ആയി കുറഞ്ഞു. കാല്‍നടയാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.