ദുബൈ ട്രാം പാത അഞ്ച് കിലോമീറ്റര്‍ നീട്ടുന്നു
text_fieldsദുബൈ: ദുബൈ ട്രാം പാത അഞ്ചുകിലോമീറ്റര്‍ നീട്ടാന്‍ ആര്‍.ടി.എ ആലോചിക്കുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബുര്‍ജുല്‍ അറബ്, മദീനത്ത് ജുമൈറ, മാള്‍ ഓഫ് ദി എമിറേറ്റ്സ് എന്നിവയിലേക്ക് കൂടി ട്രാമില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് രണ്ടാംഘട്ട ട്രാം വികസന പദ്ധതിയുടെ ഭാഗമായി ഒരുക്കുക. നിലവില്‍ ജുമൈറ ബീച്ച് റെസിഡന്‍സ് മുതല്‍ അല്‍ സുഫൂഹ് വരെയാണ് ട്രാം സര്‍വീസ് നടത്തുന്നത്.
2014 നവംബറില്‍ തുടങ്ങിയ ട്രാം സര്‍വീസിന് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 11 കിലോമീറ്റര്‍ പാതയില്‍ 11 സ്റ്റേഷനുകളാണ് ഇപ്പോഴുള്ളത്. ഈ വര്‍ഷം ആദ്യ മൂന്നുമാസം മാത്രം 13 ലക്ഷത്തോളം പേര്‍ ട്രാമില്‍ യാത്ര ചെയ്തതായി ആര്‍.ടി.എ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
വര്‍ധിച്ച ജനപ്രീതി കണക്കിലെടുത്താണ് ട്രാം പാത നീട്ടാന്‍ തീരുമാനമെടുത്തതെന്ന് ആര്‍.ടി.എ റെയില്‍ ഏജന്‍സി സി.ഇ.ഒ അബ്ദുല്‍ മുഹ്സിന്‍ ഇബ്രാഹിം യൂനുസ് പറഞ്ഞു. പാതയുടെ സാധ്യതാപഠനത്തിനും രൂപകല്‍പനക്കും ഉടന്‍ തുടക്കമിടും. മറ്റൊരു ജനപ്രിയ പൊതുഗതാഗത സംവിധാനമായ ദുബൈ മെട്രോയുടെ ചുവപ്പ് പാത എക്സ്പോ 2020 വേദിയിലേക്ക് നീട്ടുന്ന പ്രവൃത്തിക്കും ആര്‍.ടി.എ തുടക്കം കുറിച്ചിട്ടുണ്ട്. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനില്‍ നിന്നാണ് ദുബൈ സൗത്തിലെ എക്സ്പോ വേദിയിലേക്ക് പാത നീട്ടുക.
പ്രവൃത്തിക്കുള്ള കരാര്‍ ഉടന്‍ നല്‍കും. ഇതോടൊപ്പം പച്ച പാത അല്‍ ജദ്ദാഫില്‍ നിന്ന് അക്കാദമിക് സിറ്റിയിലേക്ക് നീട്ടുന്ന പദ്ധതിയും ആര്‍.ടി.എയുടെ പരിഗണനയിലുണ്ട്. റാസല്‍ഖോര്‍, ഇന്‍റര്‍നാഷണല്‍ സിറ്റി, സിലിക്കോണ്‍ ഒയാസിസ് എന്നീ മേഖലകളുടെ വികസനത്തിന് ഇത് വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.