തൊഴിലാളി ദിനം: ആറ് കേന്ദ്രങ്ങളില്‍ കലാ സാംസ്കാരിക പരിപാടികളുമായി സാംസ്കാരിക മന്ത്രാലയം
text_fieldsഅബൂദബി: ലോക തൊഴിലാളി ദിനത്തിന്‍െറ ഭാഗമായി അബൂദബിയില്‍ തൊഴിലാളികള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാജ്യത്തിന്‍െറ സമഗ്ര വികസനത്തിന്‍െറ ചാലക ശക്തികളായ തൊഴിലാളികള്‍ക്ക് പരിഗണന നല്‍കിക്കൊണ്ടാണ് സാംസ്കാരിക- വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തില്‍ തൊഴിലാളികള്‍ക്കായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ‘ശൈഖ് സായിദിന്‍െറ യു.എ.ഇ നമ്മളെ ഒരുമിപ്പിച്ചു’ എന്ന തലവാചകത്തില്‍ യാസ് ഐലന്‍റിലെ ലേബര്‍ ആസ്ഥാനത്തും മുസഫയിലെ അഞ്ച് കേന്ദ്രങ്ങളിലുമായാണ് പരിപാടി നടത്തുക.
സാംസ്കാരിക- വിജ്ഞാന വികസന വകുപ്പിന്‍െറയും വിവിധ ഫെഡറല്‍, ലോക്കല്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുക. യാസ് ഐലന്‍റിലും മുസഫയിലുമായി നടക്കുന്ന പരിപാടികളില്‍ വിവിധ രാജ്യക്കാരായ പതിനായിരത്തിലധികം തൊഴിലാളികള്‍ സംബന്ധിക്കും.
പ്രധാന ആഘോഷങ്ങള്‍ മുസഫയിലാണ് നടക്കുക. യു.എ.ഇ, ഏഷ്യന്‍, അറബ് തദ്ദേശീയ കലാപ്രകടനങ്ങളും സാംസ്കാരിക പരിപാടികളും വിവിധ മത്സരങ്ങളും നടക്കും. വിവിധ കലാ- സാംസ്കാരിക മത്സരങ്ങളില്‍ വിജയിക്കുന്ന തൊഴിലാളികള്‍ക്ക് വിലയേറിയ സമ്മാനങ്ങളും നല്‍കും. പാട്ട്, അഭിനയം തുടങ്ങിയവയിലെ തൊഴിലാളികളുടെ കഴിവുകള്‍ വേദിയില്‍ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടാകും.
ആരോഗ്യ ബോധവത്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, യു.എ.ഇയുടെ ചരിത്രത്തെ ഉയര്‍ത്തിക്കാട്ടുന്ന സാംസ്കാരിക പരിപാടികള്‍, ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായി ഉണ്ടാകും. ബ്ളാങ്കറ്റുകള്‍, ആരോഗ്യ കിറ്റുകള്‍, ദൈനംദിന ജീവിതത്തിന് ആവശ്യമായ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ സമ്മാനങ്ങളും തൊഴിലാളികള്‍ക്ക് നല്‍കും.
രാജ്യത്തെ വികസന പാതയില്‍ എത്തിച്ച തൊഴിലാളികള്‍ക്കുള്ള നന്ദിപ്രകടനം കൂടിയായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ ഏത് രാജ്യക്കാരാണെങ്കിലും അവരുടെ തുടര്‍ച്ചയായതും അക്ഷീണവുമായ പ്രയത്നം യു.എ.ഇയോടും രാജ്യ നേതൃത്വത്തോടുമുള്ള സമര്‍പ്പണവും കൂറും വ്യക്തമാക്കുന്നതാണ്. ശൈഖ് സായിദിന്‍െറ നേതൃത്വത്തില്‍ യു.എ.ഇ സ്ഥാപിതമായത് മുതല്‍ തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കാനുള്ള ഒരു അവസരവും യു.എ.ഇ പാഴാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ‘ശൈഖ് സായിദിന്‍െറ യു.എ.ഇ നമ്മളെ ഒരുമിപ്പിച്ചു’എന്ന തലക്കെട്ട് സാംസ്കാരിക മന്ത്രാലയം തെരഞ്ഞെടുത്തത്. യു.എ.ഇ നേതൃത്വരും ജനങ്ങളും സഹവര്‍തിത്വവും സഹിഷ്ണുതയും സൗമനസ്യവും മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്സും ഉള്ളവരാണ്. അതിനാലാണ് ലോകത്തിന്‍െറ പരിച്ഛേദമായി യു.എ.ഇ മാറിയത്. എല്ലാ രാജ്യക്കാരും ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നു.
പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ തൊഴിലാളികള്‍ക്കും സമൂഹത്തിന്‍െറ മുഴുവന്‍ തുറകളിലുള്ളവര്‍ക്കും പിന്തുണ നല്‍കുന്നവരാണെന്നും നഹ്യാന്‍ ബിന്‍ മുബാറക്ക് പറഞ്ഞു.
ഷാര്‍ജയിലും പരിപാടികള്‍
ഷാര്‍ജ: ഷാര്‍ജ സര്‍ക്കാറിന് കീഴിലെ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡെവലപ്മെന്‍റ് അതോറിറ്റി ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 29 മുതല്‍ മേയ് ഒന്ന് വരെ നടക്കുന്ന പരിപാടികള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറ സഹകരണത്തോടെ സജ്ജയിലാണ്.
29ന് രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ചുവരെ മെഡിക്കല്‍ ക്യാമ്പും കായിക മത്സരങ്ങളും നടക്കും. രാത്രി ഏഴിന് ബസാര്‍ ഉദ്ഘാടനവും തുടര്‍ന്ന് കലാപരിപാടികളും. 30ന് വൈകിട്ട് ആറുമുതല്‍ ബോധവത്കരണ പരിപാടിയും കലാപരിപാടികളും. മേയ് ഒന്നിന് വൈകിട്ട് ആറുമുതല്‍ മേയ്ദിന പ്രഭാഷണം. തുടര്‍ന്ന് 10 തൊഴിലാളികള്‍ക്ക് അവാര്‍ഡ് ദാനം. 7.30 മുതല്‍ കലാപരിപാടികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.