ഇന്ത്യ- യു.എ.ഇ വ്യാപാരത്തില്‍ കുറവുണ്ടായത് സ്വര്‍ണത്തിന് നികുതി ഏര്‍പ്പെടുത്തിയത് മൂലമെന്ന് റിപ്പോര്‍ട്ട്
text_fieldsഅബൂദബി: ഇന്ത്യ- യു.എ.ഇ ഉഭയകക്ഷി വ്യാപാരത്തില്‍ കുറവുണ്ടായത് സ്വര്‍ണ ഇറക്കുമതിക്ക് ഇന്ത്യ നികുതി ഏര്‍പ്പെടുത്തിയത് മൂലമെന്ന് റിപ്പോര്‍ട്ട്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം 7500 കോടി ഡോളര്‍ എന്ന റെക്കോഡില്‍ എത്തിയിരുന്നു. എന്നാല്‍, തൊട്ടടുത്ത വര്‍ഷം 1500 കോടി ഡോളര്‍ കുറഞ്ഞ് ഇത് 6000 കോടി ഡോളറായി.
രൂപയുടെ മൂല്യം ഇടിയല്‍ അടക്കം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വര്‍ണ ഇറക്കുമതിക്ക് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെയാണ് വ്യാപാരത്തില്‍ കുറവുണ്ടായത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം യു.എ.ഇക്കാണ്. യു.എ.ഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര ബന്ധം കൂടുതല്‍ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. 2020ഓടെ ഉഭയകക്ഷി വ്യാപാരം 10000 കോടി ഡോളറില്‍ എത്തിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള വ്യാപാരത്തില്‍ 60 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നത്. ഇതിന്‍െറ ഭാഗമായി ഇരുരാജ്യങ്ങളും വ്യാപാരത്തില്‍ വൈവിധ്യവത്കരണത്തിന് ലക്ഷ്യമിടുന്നുണ്ടെന്നും ടി.പി. സീതാറാം വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മരുന്ന്, യന്ത്രങ്ങള്‍, ഗതാഗതം തുടങ്ങിയ മേഖലകളിലും വ്യാപാരം വിപുലമാക്കുകയാണ് ലക്ഷ്യം.
യു.എ.ഇ ഇന്ത്യയില്‍ നടത്തിയ 800 കോടി ഡോളറിന്‍െറ നിക്ഷേപത്തില്‍ 313 കോടിയും നേരിട്ടുള്ള വിദേശനിക്ഷേപമാണ്. 20000 ഇന്ത്യന്‍ കമ്പനികള്‍ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2015ലെ യു.എ.ഇ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഉതകിയതായും ടി.പി. സീതാറാം വ്യക്തമാക്കി. ഇക്കണോമിക് ഹബ്ബ് എന്നതിനൊപ്പം വലിയൊരു അന്താരാഷ്ട്ര സമൂഹത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യം എന്ന നിലയിലും യു.എ.ഇയുമായുള്ള ബന്ധം ശക്തമാക്കുന്നതിന് ഇന്ത്യ പ്രാധാന്യം നല്‍കുന്നുണ്ട്. ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലെ സുഹൃദ് ബന്ധം കൂടുതല്‍ ശക്തമാകുന്നതിന് സഹായകമാകുമെന്നും ടി.പി. സീതാറാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.