യു.എ.ഇ മന്ത്രിസഭാ ഘടനയില്‍ വന്‍ അഴിച്ചുപണി
text_fieldsദുബൈ: യു.എ.ഇ മന്ത്രിസഭാ ഘടനയില്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വന്‍ അഴിച്ചുപണി പ്രഖ്യാപിച്ചു. ദുബൈ മദീനത്ത് ജുമൈറയില്‍ നടക്കുന്ന സര്‍ക്കാര്‍ ഉച്ചകോടിയോടനുബന്ധിച്ച് പൊതുജനങ്ങളുമായുള്ള സാമൂഹിക മാധ്യമ സംവാദത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കുറഞ്ഞ മന്ത്രാലയങ്ങളും കൂടുതല്‍ മന്ത്രിമാരുമുള്ള സര്‍ക്കാറാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ലയിപ്പിക്കാനുള്ള തീരുമാനമാണ് ഏറ്റവും പ്രധാനം. വകുപ്പിന് രണ്ട് സഹമന്ത്രിമാരെ നിയമിക്കും. സര്‍ക്കാര്‍ സ്കൂളുകളുടെ നടത്തിപ്പിനായി സ്വതന്ത്ര ഫൗണ്ടേഷന്‍ രൂപവത്കരിക്കും. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആയിരിക്കും ഇതിനെ നയിക്കുക. ദേശീയ വിദ്യാഭ്യാസ അജണ്ടയെക്കുറിച്ച് ഫൗണ്ടേഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് പുതിയ തീരുമാനം. നഴ്സറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെയുള്ള സ്ഥാപനങ്ങളുടെ മേല്‍നോട്ടം വിദ്യാഭ്യാസ മന്ത്രാലയത്തിനായിരിക്കും.
ആരോഗ്യ മന്ത്രാലയം പുനസംഘടിപ്പിക്കുകയും പേര് മാറ്റുകയും ചെയ്യും. രോഗബാധ തടയുന്നതിന് മുന്‍ഗണന നല്‍കും. മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് ഡിസീസസ് എന്നായിരിക്കും മന്ത്രാലയത്തിന്‍െറ പുതിയ പേര്. സര്‍ക്കാര്‍ ഹോസ്പിറ്റലുകളുടെ നടത്തിപ്പിനായി സ്വതന്ത്ര സ്ഥാപനം രൂപവത്കരിക്കും. തൊഴില്‍ മന്ത്രാലയത്തിന്‍െറ പേര് മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ എന്നാക്കും. നാഷണല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് അതോറിറ്റിയെ ഈ മന്ത്രാലയവുമായി കൂട്ടിച്ചേര്‍ക്കും. മാര്യേജ് ഫണ്ട് സാമൂഹിക കാര്യ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റും. മന്ത്രാലയത്തിന്‍െറ പേര് മിനിസ്ട്രി ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് എന്നാക്കി മാറ്റും. അറബി ഭാഷയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി സാംസ്കാരിക മന്ത്രാലയത്തില്‍ മാറ്റങ്ങള്‍ വരുത്തും. കാലാവസ്ഥാമാറ്റ വകുപ്പിനെ പരിസ്ഥിതി- ജല മന്ത്രാലയത്തിന് കീഴിലാക്കും. മന്ത്രാലയത്തിന്‍െറ പേര് മിനിസ്ട്രി ഓഫ് കൈ്ളമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് എന്നാക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ സ്വകാര്യ മേഖലക്ക് ഒൗട്സോഴ്സ് ചെയ്യുന്നത് സംബന്ധിച്ച പദ്ധതി തയാറാക്കും. ജനങ്ങളുടെ സന്തോഷം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സഹമന്ത്രി സ്ഥാനം സൃഷ്ടിക്കും. ജനങ്ങള്‍ക്ക് അനുഗുണമായ രീതിയില്‍ സര്‍ക്കാര്‍ പദ്ധതികളും നയങ്ങളും പരിപാടികളും തയാറാക്കുകയും പ്രാവര്‍ത്തികമാക്കുകയുമാണ് മന്ത്രിയുടെ ഉത്തരവാദിത്തം. യുവതലമുറയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ചെറുപ്പവും വഴക്കമുള്ളതുമായ സര്‍ക്കാറാണ് വേണ്ടതെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
യുവാക്കളുടെ വിഷയങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ പെടുത്താന്‍ യൂത്ത് കൗണ്‍സില്‍ രൂപവത്കരിക്കും. 22 വയസ്സിന് താഴെയുള്ള സഹമന്ത്രിയെ ഇതിന്‍െറ ചുമതല ഏല്‍പിക്കും. ശാസ്ത്രജ്ഞന്മാരുടെ കൗണ്‍സിലും പണ്ഡിതന്മാരുടെ കൗണ്‍സിലും രൂപവത്കരിക്കും. ശാസ്ത്ര- സാങ്കേതിക വിഷയങ്ങളില്‍ ഇവര്‍ സര്‍ക്കാറിന് ഉപദേശങ്ങള്‍ നല്‍കും. എണ്ണ യുഗാനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ട ചുമതല കാബിനറ്റ് കാര്യ മന്ത്രാലയത്തിനായിരിക്കും. മിനിസ്ട്രി ഓഫ് കാബിനറ്റ് അഫയേഴ്സ് ആന്‍ഡ് ഫ്യൂചര്‍ എന്ന് ഇതിന് പുനര്‍നാമകരണം ചെയ്യും. വികസന- അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തെ വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കും. മന്ത്രാലയത്തിന്‍െറ പേര് മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ഇന്‍റര്‍നാഷണല്‍ കോഓപറേഷന്‍ എന്നാക്കും. രണ്ട് സഹമന്ത്രിമാര്‍ ഉണ്ടാകും. വിദേശ ധനസഹായത്തിന് മന്ത്രാലയം മേല്‍നോട്ടം വഹിക്കും. സഹിഷ്ണുതാ കാര്യ സഹമന്ത്രിയെ പുതുതായി നിയമിക്കും.
നാഷണല്‍ കൗണ്‍സില്‍ ഓഫ് ടൂറിസം സാമ്പത്തിക മന്ത്രാലയത്തിന് കീഴിലാക്കും. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ അനുമതിയോടെയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി ചര്‍ച്ച ചെയ്തതിന് ശേഷവുമാണ് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സംവാദം ഒരുമണിക്കൂറോളം നീണ്ടു. പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.