എണ്ണ വിലയിടിവ്: ഗള്‍ഫ് രാഷ്ട്രങ്ങള്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് ഐ.എം.എഫ്
text_fieldsഅബൂദബി: ഒന്നര വര്‍ഷത്തോളമായി തുടരുന്ന എണ്ണ വിലയിടിവ് മൂലമുള്ള വരുമാന കുറവ് പരിഹരിക്കുന്നതിന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിവിധ നികുതികള്‍ ഏര്‍പ്പെടുത്തണമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ആവശ്യപ്പെട്ടു. നികുതികള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സമ്പദ്വ്യവസ്ഥയെ ശക്തമാക്കാനും യു.എ.ഇ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങള്‍ക്ക് സാധിക്കും. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണവും നടപ്പാക്കണം. ഇതുവഴി സാമ്പത്തിക വളര്‍ച്ച കുറയാതെ നോക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് ഐ.എം.എഫ് ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡെ വ്യക്തമാക്കി.
അബൂദബിയില്‍ അറബ് നാണയ നിധി (എ.എം.എഫ്) സംഘടിപ്പിച്ച ദ്വിദിന അറബ് സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മൂല്യവര്‍ധിത നികുതി (വാറ്റ്), കോര്‍പറേറ്റ് ആദായ നികുതി, എക്സൈസ് നികുതി, സ്വത്ത് നികുതി എന്നിവ ഏര്‍പ്പെടുത്തണം. ഇതോടൊപ്പം വ്യക്തിഗത വരുമാന നികുതി നടപ്പാക്കുന്നത് ആരംഭിക്കുകയും വേണം. ഇത്തരം നികുതികളിലൂടെ ജി.സി.സി രാജ്യങ്ങള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ക്രിസ്റ്റീന്‍ ലഗാര്‍ഡെ പറഞ്ഞു. എണ്ണ ഉല്‍പാദക- കയറ്റുമതി രാജ്യങ്ങള്‍ ചെലവ് ചുരുക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഓരോ രാജ്യങ്ങള്‍ക്കും അനുസരിച്ച് സാമ്പത്തിക ക്രമീകരണം നടത്തേണ്ടതുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരത്തേ സാമ്പത്തിക ക്രമീകരണം നടത്തി അനുഭവ പരിചയമുളളവര്‍ ആണെന്നും വീണ്ടും ഇത് സാധിക്കുമെന്ന കാര്യത്തില്‍ ശുഭ പ്രതീക്ഷയാണുള്ളതെന്ന് ക്രിസ്റ്റീന്‍ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആദ്യ ഘട്ടത്തില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്)യില്‍ ഊന്നല്‍ നല്‍കാന്‍ ജി.സി.സി രാഷ്ട്രങ്ങള്‍ക്ക് സാധിക്കും. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ രണ്ട് ശതമാനം നികുതിയില്‍ നിന്ന് ലഭ്യമാകും. തുടര്‍ന്ന് കോര്‍പറേറ്റ് വരുമാന നികുതി, എക്സൈസ് നികുതി തുടങ്ങിയവ ഏര്‍പ്പെടുത്തണം. ചില രാഷ്ട്രങ്ങളില്‍ നികുതി ഘടന ഏര്‍പ്പെടുത്തുന്നതില്‍ പുരോഗതിയുണ്ടെന്നും അവര്‍ പറഞ്ഞു. കുവൈത്തില്‍ വിപുലമായ രീതിയില്‍ നികുതി ഏര്‍പ്പെടുത്തുന്നതിന് ഐ.എം.എഫിന്‍െറ സഹായത്തോടെ പഠനം നടന്നിട്ടുണ്ട്. മൂല്യവര്‍ധിത നികുതിയും വ്യാപാര ലാഭത്തില്‍ നിന്നുള്ള നികുതിയും ഏര്‍പ്പെടുത്തുന്നത് അടക്കമാണ് പഠനം നടന്നത്.
ഈ പഠനത്തിലൂടെ കുവൈത്തിന്‍െറ വരുമാന സ്രോതസ്സുകള്‍ എന്തിന് വൈവിധ്യവത്കരിക്കണമെന്നും എപ്രകാരം നടപ്പാക്കണമെന്നും ദേശീയ ചര്‍ച്ച നടക്കാന്‍ കാരണമായതായും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.