Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുവതലമുറ...

യുവതലമുറ രാജ്യത്തിന്‍െറ കരുത്ത് –ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്

text_fields
bookmark_border
യുവതലമുറ രാജ്യത്തിന്‍െറ കരുത്ത് –ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്
cancel

ദുബൈ: യുവതലമുറയുടെ ആശയങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ചെവികൊടുക്കാതെ മുന്നോട്ടുപോകുന്ന സമൂഹത്തിന് വളര്‍ച്ചയും വികസനവുമുണ്ടാകില്ളെന്ന് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. അറബ് രാജ്യങ്ങളിലെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന യുവതയുടെ ആവശ്യങ്ങളോട് വേണ്ടവിധം പ്രതികരിക്കാനായില്ളെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മേഖലയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. 
മുന്‍കാലങ്ങളിലെ പരാജയങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തി മുന്നോട്ടുപോകാനാണ് യു.എ.ഇ ശ്രമിക്കുന്നതെന്നും അദ്ദേഹം സ്വന്തം വെബ്സൈറ്റിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു. യു.എ.ഇ മന്ത്രിസഭയില്‍ അടുത്തിടെ വരുത്തിയ പരിഷ്കാരങ്ങള്‍ എന്തിനെന്ന് വിശദീകരിക്കുന്നത് കൂടിയാണ് ലേഖനം. സന്തോഷം, സഹിഷ്ണുത, ഭാവി എന്നിവക്കായി വകുപ്പുകള്‍ രൂപവത്കരിക്കുകയും 22 കാരിയെ യുവജനകാര്യ മന്ത്രിയായി നിയമിക്കുകയും ചെയ്തതെന്തിനെന്ന് ലേഖനത്തില്‍ വിശദമാക്കുന്നു. മന്ത്രിസഭാ മാറ്റങ്ങളെക്കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി പലവിധ അഭിപ്രായങ്ങളും ചോദ്യങ്ങളും ഉയരുന്നുണ്ടെന്നും അതിന് വിശദീകരണമാണ് ലേഖനമെന്നും അദ്ദേഹം കുറിക്കുന്നു. 
യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് സര്‍ക്കാറുകള്‍ തടയിടുകയും മികച്ച ജീവിതത്തിലേക്കുള്ള പാത തടസ്സപ്പെടുത്തുകയും ചെയ്യുമ്പോള്‍ അവരുടെ സമൂഹത്തിലേക്കുള്ള വാതായനമാണ് അടച്ചിടപ്പെടുന്നത്. ‘അറബ് വസന്തം’ എന്ന പേരില്‍ മേഖലയില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷാന്തരീക്ഷം യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് തടയിട്ടതുമൂലം ഉണ്ടായതാണെന്ന വസ്തുത മറക്കുന്നില്ല. ചെറുപ്പം തുടിച്ചുനില്‍ക്കുന്ന രാജ്യമാണ് യു.എ.ഇ എന്നതില്‍ അഭിമാനമുണ്ട്. ചെറുപ്പക്കാര്‍ ഞങ്ങളുടെ അഭിമാനമാണ്. രാജ്യത്തിന്‍െറ ഭാവി അവരിലാണെന്നതിനാല്‍ യുവാക്കളുടെ ശാക്തീകരണത്തിന് ബദ്ധശ്രദ്ധ പുലര്‍ത്തുന്നു. വിജ്ഞാനം കരസ്ഥമാക്കുന്നതില്‍ പഴയ തലമുറയേക്കാള്‍ മുന്നിലാണവര്‍. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ അവര്‍ക്കാകുമെന്ന് വിശ്വസിക്കുന്നു. 
അതിനാലാണ് യുവാക്കളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവരുടെ പ്രായമുള്ള മന്ത്രിയെ നിയമിക്കുകയും യൂത്ത് കൗണ്‍സില്‍ രൂപവത്കരിക്കുകയും ചെയ്തത്.  
വിഭാഗീയ, തീവ്രവാദ ചിന്താഗതികള്‍ അറബ് മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കുമെന്ന് മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ എണ്ണം തെളിയിക്കുന്നു. ഇത്തരം ചിന്തകള്‍ നമ്മുടെ രാജ്യത്ത് വളര്‍ന്നുവരരുത്. 
സഹിഷ്ണുതയെക്കുറിച്ച പാഠങ്ങള്‍ ആളുകളെ പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം. വിദ്യാഭ്യാസത്തിലൂടെ കുട്ടികളില്‍ സഹിഷ്ണുതാ ചിന്താഗതി വളര്‍ത്തിയെടുക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ് സഹിഷ്ണുതാ കാര്യ സഹമന്ത്രിയെ നിയമിച്ചത്. ഇതിലൂടെ അയല്‍രാജ്യങ്ങള്‍ക്ക് മാതൃകയായി മാറും. 
അറബ് ജനത സഹിഷ്ണുക്കളായിരുന്ന ഭൂതകാലത്ത് ലോകത്തെ നയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബഗ്ദാദും ദമസ്കസും ആന്ദലൂസ്യയും കടന്ന് വിജ്ഞാനത്തിന്‍െറയും സംസ്കാരത്തിന്‍െറയും ചക്രവാളങ്ങള്‍ വ്യാപിച്ചു. ഇവിടങ്ങളിലെല്ലാം വിവിധ സംസ്കാരങ്ങളുമായും മതങ്ങളുമായും ഇടപഴകി ജീവിക്കാന്‍ കഴിഞ്ഞു. 
നമ്മുടെ പൂര്‍വപിതാക്കള്‍ ആന്ദലൂസ്യ വിട്ടപ്പോള്‍ മറ്റ് മതവിശ്വാസികള്‍ അവരെ അനുഗമിക്കുകയും ചെയ്തു. വൈവിധ്യങ്ങളെയും എതിരഭിപ്രായങ്ങളെയും മതങ്ങളെയും സംസ്കാരങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ കഴിയുന്നില്ളെങ്കില്‍ മിഡിലീസ്റ്റിന്‍െറ ഭാവി ഇരുളടഞ്ഞതാകും.   
ഭൂതകാലത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഭാവിയെ നാം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. എണ്ണയുഗാനന്തര സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 30000 കോടി ദിര്‍ഹത്തിലധികം ഭാവി പദ്ധതികള്‍ക്കായി നിക്ഷേപിച്ചിരിക്കുന്നത്. 
അസ്ഥിരമായ എണ്ണ വിപണിയെ ആശ്രയിക്കുന്നതില്‍ നിന്ന് ഭാവി തലമുറയെ മോചിപ്പിക്കാന്‍ ഇതിലൂടെ കഴിയും. നിലവിലെ സംവിധാനങ്ങളിലെല്ലാം പൊളിച്ചെഴുത്ത് ഇതിന് അനിവാര്യമാണ്. മാറ്റങ്ങള്‍ വേണമെങ്കില്‍ അത് നാം തന്നെ വിചാരിക്കണം. ബാഹ്യശക്തികളെക്കൊണ്ട് അതിനാകില്ല. അതിനാല്‍ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ മാറിചിന്തിക്കണം. 
ആളുകള്‍ക്ക് വളരാനുള്ള അവസരങ്ങള്‍ സര്‍ക്കാറുകള്‍ ഒരുക്കി കൊടുക്കണം. അവര്‍ക്ക് സന്തോഷകരമായ സാഹചര്യങ്ങള്‍ ഉറപ്പാക്കണം. അരിസ്റ്റോട്ടിലും ഇബ്നുഖല്‍ദൂനും അടക്കമുള്ള മഹാന്മാര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സര്‍ക്കാറുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ക്ക് പകരം ഐക്യരാഷ്ട്രസഭ ഇപ്പോള്‍ പരിഗണിക്കുന്നത് ആളുകളുടെ സന്തോഷമാണ്. പൊതുജനങ്ങളുടെ സന്തോഷം അളക്കുകയും വിലയിരുത്തുകയും വേണം. 
സന്തോഷവാന്മാരായ ആളുകള്‍ കൂടുതല്‍ ഉല്‍പാദനക്ഷമതയുള്ളവരും ദീര്‍ഘനാള്‍ ജീവിക്കുന്നവരും സാമ്പത്തിക കുതിപ്പിന് ശക്തിപകരുന്നവരുമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വ്യക്തികള്‍, കുടുംബങ്ങള്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാ വിഭാഗത്തിന്‍െറയും സന്തോഷം ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായാണ് പ്രത്യേക വകുപ്പ് രൂപവത്കരിക്കുകയും സഹമന്ത്രിയെ നിയമിക്കുകയും ചെയ്തത്. 
ശോഭനമായ ഭാവി മുന്‍നിര്‍ത്തി യുവാക്കള്‍ നയിക്കുന്ന രാജ്യത്ത് സദാ സന്തോഷം കളിയാടുമെന്ന് അഭിപ്രായപ്പെട്ടാണ് ശൈഖ് മുഹമ്മദ് ലേഖനം അവസാനിപ്പിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shaikh muhammad
Next Story