പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയതില്‍ വ്യാപക പ്രതിഷേധം
text_fieldsദുബൈ: പ്രവാസി കാര്യ മന്ത്രാലയം നിര്‍ത്തലാക്കി വിദേശ കാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്‍െറ തീരുമാനത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് വ്യാപക പ്രതിഷേധമുയരുന്നു. 12 വര്‍ഷം മുമ്പ് പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി രൂപവത്കരിച്ച പ്രത്യേക പ്രവാസി കാര്യമന്ത്രാലയം കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന മുറവിളി ഉയരുന്നതിനിടയിലാണ് മന്ത്രാലയം തന്നെ വേണ്ടെന്ന തീരുമാനം കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.
പ്രവാസി വകുപ്പിന്‍െറ പ്രവര്‍ത്തനം പ്രധാനമായും നടക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിലൂടെ ആയതിനാലാണ് പ്രത്യേക വകുപ്പ് വേണ്ടതില്ളെന്ന തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എന്നാല്‍ പ്രവാസികളെ മോദി സര്‍ക്കാര്‍ അവഹേളിച്ചിരിക്കുകയാണെന്നും ലോകം മുഴുവന്‍ സഞ്ചരിച്ച് പ്രവാസികളുടെ മഹത്വം വാഴ്ത്തുന്ന മോദിയുടെ സര്‍ക്കാരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ളെന്നുമാണ് യു.എ.ഇയിലെ വിവിധ സംഘടനാ നേതാക്കള്‍ കക്ഷിരാഷ്ട്രീയ ദേഭമന്യേ പ്രതികരിച്ചത്.
പ്രവാസി കാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്‍െറ തീരുമാനം അപ്രതീക്ഷിതമായിപ്പോയെന്ന് ആരോഗ്യ മേഖലയിലെ പ്രമുഖ സംരംഭകനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ആസാദ ്മൂപ്പന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജനുവരി ഒമ്പതിന് പ്രവാസി ഭാരതീയ ദിവസത്തോടനുബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് സമ്മാനം പ്രതീക്ഷിച്ചിരുന്ന പ്രവാസികള്‍ക്ക് ലഭിച്ചത് പ്രഹരമായിപ്പോയി. എല്ലാ വര്‍ഷവും നടത്തിയിരുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇത്തവണ അവസാന നിമിഷം റദ്ദാക്കിയതും ഇതോട് ചേര്‍ത്ത് വായിക്കണം. ഏറ്റവും കൂടുതല്‍ പ്രവാസ ലോകത്ത് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയില്‍ നിന്ന് അനുകൂല നടപടികളായിരുന്നു പ്രതീക്ഷിച്ചത്. പ്രവാസികാര്യങ്ങള്‍ക്കായി പ്രത്യേക മന്ത്രാലയവും മന്ത്രിയും ഉണ്ടാവുന്നത് അവരുടെ വിഷയങ്ങളിലേക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനും ഫലപ്രദമായ നടപടിയെടുക്കാനും സഹായികരമായിരുന്നു. എന്നാല്‍ മറ്റു നിരവധി ചുമതലകളുള്ള, നയതന്ത്ര ബന്ധങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കേണ്ട വിദേശകാര്യ വകുപ്പിന് പ്രവാസി വിഷയങ്ങളില്‍ പ്രത്യേകമായി ശ്രദ്ധിക്കാന്‍ കഴിയില്ളെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഈ തീരുമാനം ഖേദകരമാണെന്ന് പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് കൂടിയായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.
പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ നടപടി കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പ്രമുഖ യുവ വ്യവസായിയും കേന്ദ്ര സര്‍ക്കാരിന്‍െറ പ്രവാസി ഭാരതീയ ദിവസ് അവാര്‍ഡ് ജേതാവുമായ ഡോ. ഷംഷീര്‍ വയലില്‍ ആവശ്യപ്പെട്ടു. 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ഒരു വകുപ്പ് ഇല്ലാതായതോടെ, പ്രവാസി സമൂഹത്തോടുള്ള മാറി മാറി വരുന്ന സര്‍ക്കാരുകളുടെ നയം കൂടിയാണ് വ്യക്തമാകുന്നത്. കോടികണക്കിന് വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍െറ പരാതികളും ക്ഷേമ കാര്യങ്ങളും ഇനി ആര് അറിയുമെന്ന ആശങ്കയും ഇതിലൂടെ ഉയര്‍ന്നിരിക്കുന്നു. പ്രവാസി ഇന്ത്യക്കാരെ മാതൃരാജ്യവുമായി ബന്ധപ്പെടുത്തുന്ന എറ്റവും വലിയ കണ്ണി കൂടിയാണ് ഇതോടെ അറ്റുപോയതെന്നും ഡോ. ഷംഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു. എണ്ണ പ്രതിസന്ധി മൂലം ഗള്‍ഫ് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങളില്‍ ആശങ്ക വര്‍ധിച്ച് വരുകയാണ്. ഈ ഘട്ടങ്ങളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസവും വഴികാട്ടിയുമായി പ്രവര്‍ത്തിക്കേണ്ട വകുപ്പാണ് ഇപ്പോള്‍ ഇല്ലാതായതെന്നും ഡോ. ഷംഷീര്‍ വയലില്‍ ചൂണ്ടിക്കാട്ടി.
അതേസമയം പ്രവാസി മന്ത്രാലയം ലയിപ്പിച്ചത് വളരെ നല്ല തീരുമാനമാണെന്നായിരുന്നു എന്‍.എം.സി ഹെല്‍ത്ത്കെയര്‍ സി.ഇ.ഒയായ ഡോ. ബി.ആര്‍.ഷെട്ടിയുടെ പ്രതികരണം. പ്രവാസികാര്യങ്ങള്‍ക്കായി പ്രത്യേക മന്ത്രാലയത്തിന്‍െറ ആവശ്യമില്ല. ഒരു ഉപകാരവുമില്ലാത്ത മന്ത്രാലയമായിരുന്നു ഇത്രയും നാളത്. വെറുതെ ഒരാള്‍ക്ക് മന്ത്രിപ്പണി കൊടുക്കാന്‍ വേണ്ടി തുടങ്ങിയത്. അത് ഇല്ലാതാക്കിയത് സ്വാഗതാര്‍ഹമാണ്.വിദേശകാര്യ മന്ത്രാലയത്തിന് പ്രവാസി വിഷയങ്ങള്‍ ഫലപ്രദമായി കൈാര്യം ചെയ്യാന്‍ കഴിയുമെന്ന് പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് കൂടിയായ ഡോ.ബി.ആര്‍.ഷെട്ടി പറഞ്ഞു.
പ്രവാസികാര്യ വകുപ്പ് വന്നതിന് ശേഷം ഒട്ടനവധി പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രവാസികള്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കാനും സാധിച്ചിരുന്നെന്നും അതാണ് ഇല്ലാതാക്കിയതതെന്നും കോണ്‍ഗ്രസ് അനുകുല സംഘടനയായ ഇന്‍കാസ് യു.എ.ഇ ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. പ്രവാസി വിഷയങ്ങളില്‍ അന്വേഷണം നടത്താനും പരാതിപ്പെടാനുമുള്ള സംവിധാനമാണ് ഇല്ലാതാക്കിയിരിക്കുന്നത്. പ്രവാസി അനുകൂല തീരുമാനങ്ങള്‍ക്ക് പകരം ഉള്ളത് ഇല്ലാതാക്കുന്നത് പ്രവാസികളോടുള്ള അസഹിഷ്ണുതയാണ് കാണിക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയത്തിന് അതീതമായ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണം. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.
പ്രവാസികളോട് മോദി സര്‍ക്കാര്‍ ചെയ്ത വലിയ അനീതിയാണ് പുതിയ തീരുമാനമെന്ന് മുസ്ലിം ലീഗ് അനുകൂല സംഘടനയായ കെ.എം.സി.സി യു.എ.ഇ കമ്മിറ്റി പ്രസിഡന്‍റ് പുത്തൂര്‍ റഹ്മാനും ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റിലും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ദുബൈയില്‍ വന്നപ്പോള്‍ മോദി പ്രഖ്യാപിച്ചത് പ്രവാസി പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാരാണ് തന്‍േറതെന്നും അവര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്നുമായിരുന്നു. എന്നാല്‍ അവര്‍ക്ക് ഇരുട്ടടിയാണ് ലഭിച്ചിരിക്കുന്നത്. വര്‍ഷം ഒരുലക്ഷം കോടി രൂപ രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടുക്കുന്ന പ്രവാസികളോടാണ് ബി.ജെ.പി സര്‍ക്കാര്‍ ഈ കൊടും ചതി ചെയ്തിരിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ലോകമെങ്ങും സഞ്ചരിച്ച് പ്രവാസികളാണ് രാജ്യത്തിന്‍െറ എല്ലാമെല്ലാം എന്ന് പറയുന്ന മോദിയുടെ സര്‍ക്കാര്‍ തന്നെയാണ് ഈ തീരുമാനമെടുത്തത് ബി.ജെ.പിയുടെ യഥാര്‍ഥ മുഖം വ്യക്തമാക്കുന്നുണ്ടെന്ന് ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകനായ കെ.എല്‍. ഗോപി അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ യാതൊരു വിധത്തിലും മോദി സര്‍ക്കാര്‍ പരിഗണിക്കുന്നില്ളെന്നതിന് തെളിവാണിത്. പ്രവാസി ഇന്ത്യക്കാരോടുള്ള അവഹേളനമാണ്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മിക്ക സംവിധാനങ്ങളെയും ഇല്ലാതാക്കുന്നത രീതിയാണ് ബി.ജെ.പി സര്‍ക്കാര്‍ അവലംബിക്കുന്നത്. ജന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ ശത്രുതാപരമായ നിലപാടാണ് കേന്ദ്രത്തിനെന്നും ഇതില്‍ ശക്തമായ പ്രതിഷേധമുയരണമെന്നും കെ.എല്‍.ഗോപി അഭിപ്രായപ്പെട്ടു.
പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയതില്‍ പ്രവാസി എന്ന നിലയില്‍ വിഷമമുണ്ടെന്ന് ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബി.ജെ.പി മുന്‍ ഭാരവാഹി ഭഗീഷ് പൂരാടന്‍ പ്രതികരിച്ചു. എന്നാല്‍ പ്രവാസി വകുപ്പും അതിനായി പ്രത്യേക മന്ത്രിയും ഉണ്ടായിട്ടും കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പ്രവാസികള്‍ക്ക് എന്ത് ഉപകരമാണുണ്ടായതെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.