തൊഴില്‍ കരാര്‍ ഇനി മലയാളം അടക്കം 11 ഭാഷകളില്‍
text_fieldsഅബൂദബി: ഈ വര്‍ഷം ആദ്യം മുതല്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ പരിഷ്കരണങ്ങളുടെ ഭാഗമായി തൊഴില്‍ ഓഫറുകളിലും തൊഴില്‍ കരാറുകളിലും ഉപയോഗിക്കുന്നതിന് 11 ഭാഷകള്‍ക്ക് അനുമതി ലഭിച്ചു. മലയാളം അടക്കമുള്ള ഭാഷകളില്‍ ഇനി തൊഴില്‍ കരാറുകള്‍ ഉണ്ടാക്കാം. തൊഴിലാളികള്‍ക്ക് നല്‍കുന്ന കരാറുകള്‍ അവരുടെ മാതൃഭാഷയിലും വേണമെന്നാണ് പുതിയ നിര്‍ദേശം. അറബിയും ഇംഗ്ളീഷുമാണ് പ്രധാന ഭാഷകള്‍.
ഇതോടൊപ്പം മൂന്നാമതായി ഉപയോഗിക്കുന്നതിനാണ് പ്രാദേശിക ഭാഷകള്‍ തെരഞ്ഞെടുത്തത്. മലയാളത്തിന് പുറമെ ഹിന്ദി, ഉറുദു, ബംഗാളി, ദാരി, ചൈനീസ്, ശ്രീലങ്കന്‍, തമിഴ്, നേപ്പാളീസ് എന്നിവയാണ് അനുമതി ലഭിച്ച മറ്റു ഭാഷകള്‍.
യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്കും രാജ്യത്തിന് പുറത്തുള്ളവര്‍ക്കും തൊഴില്‍ കരാറുകള്‍ നല്‍കുമ്പോള്‍ ഈ ഭാഷകളിലൊന്ന് ഉപയോഗിക്കാമെന്ന് തൊഴില്‍ കാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് പറഞ്ഞു. കൂടുതല്‍ തൊഴിലാളികള്‍ ഉപയോഗിക്കുന്നത് എന്ന പരിഗണനയിലാണ് ഭാഷകള്‍ തെരഞ്ഞെടുത്തത്. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങളും കടമകളും വ്യക്തമായി മനസ്സിലാക്കാനും സുതാര്യത കൈവരിക്കാനും സ്വന്തം ഭാഷയിലുള്ള തൊഴില്‍ കരാറുകളിലൂടെ സാധിക്കും. കരാറിലെ നിബന്ധനകള്‍ എന്തെല്ലാമാണെന്ന് ഭാഷ അറിയാത്തതിനാല്‍ തൊഴിലാളികള്‍ അറിയാതെ പോകില്ല. ഇതു മൂലം തൊഴില്‍ തര്‍ക്കങ്ങള്‍ കുറയുകയും ആരോഗ്യകരമായ ബന്ധം വളര്‍ത്താന്‍ സാധിക്കുകയും ചെയ്യും. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന തൊഴിലുടമക്ക് 20000 ദിര്‍ഹം പിഴ വിധിക്കാനും തൊഴില്‍ മന്ത്രാലയത്തിന് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.