ഷാര്‍ജ-ദൈദ് റോഡില്‍ അപകട മരണങ്ങള്‍ പതിവാകുന്നു
text_fieldsഅജ്മാന്‍: ഷാര്‍ജ- ദൈദ് റോഡില്‍ അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാകുന്നു. കഴിഞ്ഞയാഴ്്ച്ച അപകടത്തില്‍ പാക്കിസ്താന്‍ സ്വദേശി വഹീദിന്‍െറ മരണമാണ് ഒടുവിലത്തെ സംഭവം .ദുബൈയില്‍ നിന്ന് ജോലി കഴിഞ്ഞ് റാസല്‍ഖൈമയിലെ താമസ സ്ഥലത്തേക്ക് വരുന്ന വഴിയാണ് ഇദേഹത്തിന്‍െറ വാഹനം അപകടത്തില്‍ പെട്ടതും തല്‍ക്ഷണം മരണം സംഭവിച്ചതും.അതിന് തൊട്ട് രണ്ട് ദിവസം മുമ്പാണ് കര്‍ണ്ണാടക കുടക് സ്വദേശി ശശിധരന്‍ പിള്ള ഈ റോഡില്‍ മരണം വരിച്ചത്. പിക്കപ്പ് നിയന്ത്രണം വിട്ട് മറിയുകയും വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
ബാതായ മുനിസിപാലിറ്റി ജീവനക്കാരനായിരുന്ന കോട്ടക്കല്‍ കോട്ടൂരിലെ മൊയ്തീന്‍ കുട്ടി വാഹനം കൂട്ടിയിടിച്ച് മരിച്ചത് ഈ പാതയില്‍ ഒരു ബലി പെരുന്നാള്‍ അവധി ദിനത്തിലായിരുന്നു. ഏകദേശം തൊട്ടു മുമ്പുള്ള ആഴ്ചയിലാണ് തിരൂര്‍ അന്നാര ചട്ടിക പറമ്പ് കുഞ്ഞി മൊയിതീന്‍ കുട്ടിയുടെ മകന്‍ മുഹമ്മദും കണ്ണൂര്‍ കണാടിപ്പറമ്പ് മുങ്ങേരികയം കോട് വളപ്പില്‍ അബ്ദുള്ളയും യു.എ.ഇ.സ്വദേശിയുടെ വാഹനമിടിച്ച് മരിച്ചത്. തൃശൂര്‍ സ്വദേശി പുനേലി പറമ്പില്‍ പോള്‍സണ്‍ ,തൃശൂര്‍ കൊടകര സ്വദേശി അയ്യപ്പന്‍ കുട്ടി, പത്തനംതിട്ട സ്വദേശി റോയി, കോഴിക്കോട് മുക്കം കാരശ്ശേരി മഞ്ചിറകണ്ടി ഹാറൂന്‍ റഷീദിന്‍െറ മക്കളായ ആയിശ ദിയ , ദിന റൂബിയ തുടങ്ങി നിരവധി മലയാളികള്‍ ഈ റോഡിലെ രക്തസാക്ഷികളാണ്.
ട്രെയ്ലര്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടങ്ങള്‍ക്കും , മരണങ്ങള്‍ക്കും പ്രധാന കാരണമെന്ന റിപ്പോട്ടിനെ തുടര്‍ന്ന് ഗതാഗത വകുപ്പ് ഹെവി വാഹനങ്ങള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഗതാഗതം അനുവദിച്ച സമയത്ത് ലോഡുമായി വലിയ വാഹനങ്ങള്‍ മരണപ്പാച്ചിലാണ് നടത്തുന്നത്.
ഇത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്നു.
ഷാര്‍ജ സിമന്‍്റ് ഫാക്ടറിയുടെ എതിര്‍ഭാഗത്ത് ദുബൈ ഖവാനിജ് റോഡില്‍ നിന്ന് ദൈദ് റോഡിലേക്ക് അമിതവേഗതയില്‍ വരുന്ന ട്രയിലറുകള്‍ മുന്‍ഗണന ക്രമപ്രകാരം മെയിന്‍ റോഡിലൂടെ പോകുന്ന ചെറുകിട വാഹനങ്ങള്‍ കടന്ന് പോകുന്നത് കാത്തുനില്‍കാതെ മെയിന്‍ പാതയിലേക്ക് ഇടിച്ച് കേറുന്നതും പതിവാണ്. ഈ പാതയിലെ സ്ഥിരം യാാത്രക്കാര്‍ക്ക് ഈ അപകട മേഖലയെക്കുറിച്ച് ധാരണയുള്ളതിനാല്‍ മുന്‍ കരുതല്‍ എടുക്കാന്‍ സാധിക്കും.എന്നാല്‍ ആദ്യ യാത്രക്കാരാണ് അപകടത്തില്‍ പെടുന്നത്.
ട്രയിലറുകളില്‍ നിന്ന് പുറത്ത് ചാടുന്ന കല്ലുകളും മറ്റും പിന്നില്‍ പോകുന്ന വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട് . കൂട്ടത്തോടെയുള്ള വാഹനപകടങ്ങള്‍ക്ക് പുലര്‍ച്ചയുള്ള മൂടല്‍മഞ്ഞും കാരണമാവാറുണ്ട്.
സൂര്യനുദിക്കും മുമ്പെ ദുബൈയില്‍ നിന്നും മറ്റും പച്ചക്കറി,മത്സ്യം,പാല്‍,പത്രം എന്നിവയുമായി എത്തുന്ന ഡ്രൈവര്‍മാര്‍ കടുത്ത മൂടല്‍ മഞ്ഞ് കാരണം അപകടത്തില്‍ പെടാറുണ്ട്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ധാരാളം കാമറകള്‍ ഈ റോഡില്‍ സ്ഥാപിച്ചിട്ടുണ്ടങ്കിലും അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കുറവൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.