തലശ്ശേരി സ്വദേശി അബൂബക്കർ വധം: പ്രതി ബാസിത്തിന് തൂക്കുകയർ
text_fieldsഷാര്‍ജ: തലശ്ശേരി കടവത്തൂര്‍ സ്വദേശിയും ഷാര്‍ജ അസ്ഹര്‍ അല്‍ മദീന ട്രേഡിങ് സെന്‍റര്‍ മാനേജറുമായ അടിയോടത്ത് അബൂബക്കറിനെ (50) കൊലപ്പെടുത്തിയ കേസില്‍ പ്രതി കണ്ണൂര്‍ കൊളച്ചേരി കമ്പില്‍ പള്ളിപ്പറമ്പ് സ്വദേശി കൈതപ്പുറത്ത് അബ്ദുല്‍ ബാസിത്തിന് (24) വധശിക്ഷ. വ്യാഴാഴ്ചയാണ് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. ഷാര്‍ജ വ്യവസായ മേഖല 10ലെ ഖാന്‍സാഹിബ് കെട്ടിടത്തില്‍ 2013 സെപ്റ്റംബര്‍ ആറിന് രാത്രി 12.15നാണ് അബൂബക്കര്‍ കൊലചെയ്യപ്പെട്ടത്. ഇദ്ദേഹത്തിന്‍െറ കൈവശമുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം ദിര്‍ഹം (അന്നത്തെ കണക്ക് പ്രകാരം ഉദ്ദേശം 22.18 ലക്ഷം രൂപ) തട്ടിയെടുക്കാനായിരുന്നു കൊല. ഇതേ സ്ഥാപനത്തിലെ റെഡിമെയ്ഡ് വിഭാഗത്തിലെ ജീവനക്കാരനായിരുന്ന ബാസിത്ത് കൊലനടന്ന ദിവസവും തലേന്നും അവധിയിലായിരുന്നു. ഇതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്.
ബാസിത്തിന്‍െറ പിതാവ് അല്‍ മദീന ട്രേഡിങിന് സമീപത്തെ റസ്റ്റാറന്‍റിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ അപേക്ഷ പ്രകാരമാണ് അബൂബക്കര്‍ ബാസിത്തിന് ജോലി നല്‍കിയത്. ഇവിടെയത്തെി ഒമ്പത് മാസത്തിനുള്ളിലാണ് ബാസിത്ത് കൊലപാതകം നടത്തിയത്. അബൂബക്കറിന്‍െറ കൈവശമുണ്ടായിരുന്ന പണം തലയണ കവറിനുള്ളിലാക്കി ബാസിത്ത് കട്ടിലിനടിയിലാണ് ഒളിപ്പിച്ചിരുന്നത്. തെളിവെടുപ്പിനായി ബാസിത്തിനെ മുറിയില്‍ കൊണ്ടുവന്ന പൊലീസ് ഇത് കണ്ടെടുത്തിരുന്നു.
അബൂബക്കര്‍ കൊലചെയ്യപ്പെട്ട ദിവസം ഏറെ സങ്കടപ്പെട്ട് നടന്നിരുന്നത് ബാസിത്തായിരുന്നു. ബാസിത്തിന്‍െറ സഹോദരിയുടെ വിവാഹത്തിന് അബൂബക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സാമ്പത്തികമായി സഹായിച്ചിരുന്നു. അബൂബക്കര്‍ മരിച്ചവിവരം സഹപ്രവര്‍ത്തകര്‍ വന്നുപറയുമ്പോള്‍ ബാസിത്ത് സിഗരറ്റ് വലിക്കുകയായിരുന്നു.
മരണവാര്‍ത്ത തുടക്കത്തില്‍ ഇയാള്‍ വിശ്വസിക്കാത്ത പോലെ അഭിനയിച്ചു. പിന്നീട് അന്ന് അബൂബക്കറിന് അകമ്പടിപോയവരില്‍ ഒരാളുടെ ഷര്‍ട്ടിന് കുത്തിപ്പിടിച്ചു. താന്‍ അകമ്പടി പോയ ദിവസങ്ങളില്‍ ഇത്തരം ദുരന്തം ഉണ്ടായിട്ടില്ളെന്നും താനായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. മറ്റുള്ളവരോടൊപ്പം ഭാവമാറ്റങ്ങളില്ലാതെ ഇയാളും മൃതദേഹം കാണാന്‍ എത്തിയിരുന്നു. മയ്യിത്ത് നമസ്കാരത്തിലും പങ്കെടുത്തു.
സംഭവത്തിനുശേഷം വിസ റദ്ദാക്കി പോകുന്ന കാര്യവും ഇയാള്‍ കൂട്ടുകാരോട് സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.