സ്കൂളുകളുടെ നിലവാര പരിശോധന: പകുതിയോളം സ്ഥാപനങ്ങളും നില മെച്ചപ്പെടുത്തി
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ നിലവാരം വിലയിരുത്തുന്നതിന് അബൂദബി വിദ്യാഭ്യാസ കൗണ്‍സില്‍ (അഡെക്) നടത്തിയ പരിശോധനയില്‍ പകുതിയോളം സ്ഥാപനങ്ങളും നില മെച്ചപ്പെടുത്തി. മുന്‍വര്‍ഷത്തെ ഗുണമേന്‍മാ റാങ്കിങിനേക്കാള്‍ മികച്ച നേട്ടമാണ് 20ലധികം സ്കൂളുകള്‍ കൊയ്തത്. അതേസമയം, മോശം നിലവാരമുള്ള സ്കൂളുകളുടെ പട്ടികയില്‍ രണ്ടെണ്ണം ഇന്ത്യന്‍ സിലബസ് സ്ഥാപനങ്ങളാണ്. കഴിഞ്ഞ പരിശോധനയില്‍ നിലവാരം മെച്ചപ്പെടല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട രണ്ട് സ്കൂളുകള്‍ ഇത്തവണത്തെ പരിശോധനയില്‍ മികച്ച നിലവാരം നേടിയതായി കണ്ടത്തെി. സണ്‍റൈസ് ഇംഗ്ളീഷ്, അല്‍ഐന്‍ അമേരിക്കന്‍ എന്നീ സ്കൂളുകളാണ് മികച്ച നേട്ടം കൊയ്തത്.
2016 ജനുവരി- മാര്‍ച്ച് കാലയളവിലായി 42 സ്കൂളുകളിലായാണ് പരിശോധന നടന്നത്. വിശിഷ്ട സ്കൂളിനുള്ള ബാന്‍ഡ് എ റഹ ഇന്‍റര്‍നാഷനല്‍ സ്കൂളിന് മാത്രമാണ് ലഭിച്ചത്. ഏറ്റവും മികച്ച സ്കൂളുകളുടെ പട്ടികയില്‍ അഞ്ച് സ്ഥാപനങ്ങള്‍ ഇടം കണ്ടു. ഈ രണ്ട് നിലവാരത്തിലും ഇന്ത്യന്‍ സ്കൂളുകള്‍ ഇല്ല. 15 സ്കൂളുകള്‍ മികച്ച സ്കൂളുകളുടെ പട്ടികയിലും 16 സ്കൂളുകള്‍ സ്വീകാര്യമായ നിലവാരത്തിലും ഉള്‍പ്പെട്ടു. അഞ്ച് സ്കൂളുകളാണ് ദുര്‍ബലമായ നിലവാരമുള്ളവയില്‍ ഉള്‍പ്പെട്ടത്. റുവൈസിലെ ഏഷ്യന്‍ ഇന്‍റര്‍നാഷനല്‍ പ്രൈവറ്റ് സ്കൂള്‍, മുസഫയിലെ ഷൈനിങ് സ്റ്റാര്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സ്കൂളുകള്‍. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയെ അപേക്ഷിച്ച് പത്ത് സ്കൂളുകള്‍ സംതൃപ്തിയുള്ളത് എന്ന നിലവാരത്തില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിഭാഗത്തിലേക്ക് ഉയര്‍ന്നപ്പോള്‍ എട്ടെണ്ണം പുരോഗതി ആവശ്യമുള്ള വിഭാഗത്തില്‍ നിന്ന് സംതൃപ്തിയുള്ള വിഭാഗത്തിലേക്ക് മാറുകയും ചെയ്തു. അബൂദബി എമിറേറ്റില്‍ മൊത്തം 186 സ്വകാര്യ സ്കൂളുകളിലായി 2.36 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്. ഇവയില്‍ 112 സ്കൂളുകളിലാണ് 2015- 16 വര്‍ഷം പരിശോധന നടത്തുന്നത്. ആദ്യ മൂന്ന് മാസത്തില്‍ 43 സ്കൂളുകളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. സെപ്റ്റംബര്‍- ഡിസംബര്‍ കാലയളവില്‍ നടത്തിയ പരിശോധനയില്‍ 24 സ്കൂളുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 19 എണ്ണം മോശം പ്രകടനമാണ് രേഖപ്പെടുത്തിയത്. ജനുവരി- മാര്‍ച്ച് കാലയളവില്‍ പരിശോധിച്ച 42 സ്കൂളുകളുടെ നിലവാരമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 27 സ്കൂളുകളാണ് പരിശോധനാ വിധേയമാക്കുന്നത്. ഇവയുടെ റിപ്പോര്‍ട്ട് ജൂലൈയില്‍ പുറത്തുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.