ഷാര്‍ജ തെരുവുകള്‍ക്ക് ചൂടപ്പങ്ങളുടെ മണം
text_fieldsഷാര്‍ജ: റദമാനില്‍ വഴിയോര പലഹാര കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നു. വിവിധ രാജ്യക്കാരുടെ എണ്ണ പലഹാരങ്ങള്‍ വാങ്ങാന്‍ നിരവധി പേരാണ് എത്തുന്നത്. മലയാളികളും ബംഗ്ളാദേശുകാരുമാണ് പലഹാര കച്ചവടങ്ങളില്‍ കേമന്‍മാര്‍. പാകിസ്താനികളും പിന്നിലല്ല. പഴം പൊരി, പഴം നിറച്ചത്, ഉന്നക്കായ, പക്കവട, ഉള്ളിവട, ഉഴുന്ന് വട, പരിപ്പ് വട, സമൂസ, ബജികള്‍, കടല മസാല, പൊരി എന്നിവയാണ് വില്‍പ്പനക്കുള്ളത്. ഭക്ഷണ വില്‍പ്പന ശാലകളുടെ ശാഖകളായാണ് ഇവ വഴിയോരങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. കച്ചവടക്കാര്‍ ദക്ഷിണേഷ്യക്കാരാണെങ്കിലും വാങ്ങാന്‍ എല്ലാ രാജ്യക്കാരും എത്തുന്നു.
മലയാളികളുടെ സമൂസയാണ് ആളുകള്‍ക്ക് കൂടുതലിഷ്ടം. കൃത്യമാര്‍ന്ന ത്രികോണാകൃതിയിലുള്ളതാണ് മലയാളി സമൂസ. എന്നാല്‍ ബംഗ്ളാദേശി, പാകിസ്താന്‍ സമൂസകള്‍ക്ക് താഴ് ഭാഗത്ത് മിനുക്ക് പണി കുറവാണ്. മധുരപലഹാരങ്ങള്‍ ഒരുക്കുന്നതും തിന്നുന്നതും കൂടുതല്‍ പാകിസ്താനികളാണ്. ബംഗ്ളാദേശുക്കാരുടെ ഇഷ്ടം കടല മസാലയോടും പൊരിയോടുമാണ്. എന്നാല്‍ മറ്റ് രാജ്യക്കാര്‍ പക്കവടയില്‍ പക്കമേളം തന്നെ തീര്‍ക്കുന്നു.
തക്കാളി കെച്ചപ്പില്‍ മുക്കി പക്കവട തിന്നാന്‍ നല്ല രസമാണ്. ഉന്നക്കായയും പഴം നിറച്ചതും വാങ്ങാനും നല്ല തിരക്കാണ്. രാജ്യമേതായാലും ഇഫ്താറിന് എണ്ണ പലഹാരം നിര്‍ബന്ധമാണെന്നാണ് ചൂടപ്പങ്ങളുടെ വില്‍പ്പനയില്‍ തെളിയുന്നത്. എന്നാല്‍ ആരോഗ്യ വിദഗ്ധര്‍ ഇതിന്‍െറ ഉപയോഗം കുറക്കാനാണ് നിര്‍ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.