ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഹ്രസ്വചലച്ചിത്രമേളക്ക് തുടക്കം
text_fieldsദുബൈ: മൂന്ന് ദിവസം നീളുന്ന ഹ്രസ്വചലച്ചിത്രമേളക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് തുടക്കമായി. കേരള ചലച്ചിത്ര അക്കാദമി, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ.എ. റഹിം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച വരെ നീളുന്ന മേളയില്‍ 60ഓളം ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ യു.എ.ഇയില്‍ ചിത്രീകരിച്ച 10 ചിത്രങ്ങളാണുള്ളത്. വ്യാഴാഴ്ച രാത്രി 7.30നായിരുന്നു ഉദ്ഘാടന ചടങ്ങ്.
രാത്രി 8.30 മുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ രാത്രി 10.30 വരെ പ്രദര്‍ശനം നടക്കും. ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയും. 8.15ന് അവാര്‍ഡ് ദാന ചടങ്ങ് നടക്കും. 9.30ന് സമാപന ചിത്രം പ്രദര്‍ശിപ്പിക്കും.
മികച്ച മൂന്ന് ഹ്രസ്വചിത്രങ്ങള്‍ക്ക് 3000, 2000, 1000 ദിര്‍ഹം വീതം സമ്മാനം നല്‍കും. മത്സരവിഭാഗത്തിലേക്ക് 50 എന്‍ട്രികളാണ് ലഭിച്ചത്.
ഇതില്‍ നിന്ന് പത്തെണ്ണം തെരഞ്ഞെടുക്കുകയായിരുന്നു. പ്രശസ്ത സംവിധായകന്‍ ഗൗതം ഘോഷ്, എഡിറ്റര്‍ ബീന പോള്‍, നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.
അടുത്തവര്‍ഷം മുതല്‍ സ്ഥിരമായി ചലച്ചിത്രോത്സവം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വൈ.എ.റഹിം പറഞ്ഞു. യു.എ.ഇയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയില്‍ യൂത്ത് ഫെസ്റ്റിവല്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജന. സെക്രട്ടറി ബിജു സോമന്‍, നടന്‍ നിയാസ്, അഡ്വ. അജി കുര്യാക്കോസ്, നാഷണല്‍ പെയിന്‍റ്സ് ജനറല്‍ മാനേജര്‍ ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.