ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉമ്മുല്‍ഖുവൈനും
text_fieldsഉമ്മുല്‍ഖുവൈന്‍: 360 ഡിഗ്രി ദൃശ്യചാരുതയോടെ തെരുവുകളുടെ ചിത്രങ്ങള്‍ വിരല്‍തുമ്പിലത്തെിക്കുന്ന ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉമ്മുല്‍ഖുവൈനും ഉള്‍പ്പെടുത്തി. നഗരത്തിലെ പ്രധാന തെരുവുകളെല്ലാം സ്ട്രീറ്റ് വ്യൂവില്‍ ലഭ്യമാകും. 2007ല്‍ ഗൂഗ്ള്‍ തുടക്കമിട്ട സ്ട്രീറ്റ് വ്യൂ പദ്ധതിയില്‍ 63 രാജ്യങ്ങളിലെ 3000ഓളം നഗരങ്ങള്‍ ദൃശ്യമാണ്.
ഉമ്മുല്‍ഖുവൈനിലെ തെരുവുകള്‍, പരമ്പരാഗത പ്രദേശങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബീച്ച് ഗാര്‍ഡന്‍, ഓള്‍ഡ് ടൗണ്‍ പ്രദേശം, നാഷണല്‍ മ്യൂസിയം, ഉപേക്ഷിക്കപ്പെട്ട സോവിയറ്റ് കാലഘട്ടത്തിലെ കാര്‍ഗോ വിമാനം തുടങ്ങിയവയെല്ലാം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയും. ലോകത്തെവിടെ നിന്നും ഇന്‍റര്‍നെറ്റ് സഹായത്തോടെ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. ദുബൈ, അബൂദബി, ഷാര്‍ജ എന്നിവക്ക് പുറമെ ഉമ്മുല്‍ഖുവൈന്‍ കൂടി സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഏറെ സഹായകമാകുമെന്ന് ഗൂഗ്ള്‍ മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് മുറാദ് പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് താമസ കേന്ദ്രങ്ങളുടെയും റസ്റ്റോറന്‍റുകള്‍, കഫേകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെയും ദൃശ്യങ്ങള്‍ അതത് സ്ഥലങ്ങളില്‍ പോകാതെ തന്നെ കാണാമെന്നതാണ് സ്ട്രീറ്റ് വ്യൂവിന്‍െറ പ്രത്യേകത. പുതിയ താമസ കേന്ദ്രങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും മറ്റും സമയവും പണവും ലാഭിക്കാന്‍ ഇതിലൂടെ കഴിയും.
സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വെബ്സൈറ്റില്‍ സ്ട്രീറ്റ് വ്യൂ ഉള്‍പ്പെടുത്താം. ഇടപാടുകാര്‍ക്ക് സ്ഥലം എളുപ്പത്തില്‍ മനസ്സിലാകാന്‍ ഇത് ഉപകരിക്കും. പ്രത്യേക തരം കാമറകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് ചിത്രങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് 360 ഡിഗ്രി ദൃശ്യാനുഭവം സമ്മാനിക്കുന്നു. സ്വകാര്യത മാനിച്ച് വ്യക്തികളുടെ മുഖങ്ങളും വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റുകളും മറച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.