എക്സ്പോ 2020: പുതിയ ലോഗോ പുറത്തിറക്കി
text_fieldsദുബൈ: ലോകം കാത്തിരിക്കുന്ന വ്യാപാര മേളയായ എക്്സ്പോ 2020ക്ക് പുതിയ ലോഗോ. ഞായറാഴ്ച രാത്രി ദുബൈ ബുര്‍ജ് ഖലീഫക്ക് സമീപം നടന്ന വര്‍ണാഭമായ ചടങ്ങില്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പുതിയ ലോഗോ പുറത്തിറക്കി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ലേസര്‍ രശ്മികളാല്‍ പുതിയ ലോഗോ തെളിഞ്ഞു. ലോഗോ രൂപകല്‍പനക്കായി നടന്ന മത്സരത്തിലെ അവസാന പട്ടികയില്‍ മൂന്നുപേര്‍ ഇടംപിടിച്ചിരുന്നു.
എക്സ്പോ 2020യുടെ പുതിയ ലോഗോക്കായി കഴിഞ്ഞവര്‍ഷം പൊതുജനങ്ങളില്‍ നിന്ന് ഡിസൈനുകള്‍ ക്ഷണിച്ചിരുന്നു. 19,000 ലധികം പേരാണ് മത്സരത്തില്‍ പങ്കെടുത്തതെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയും വേള്‍ഡ് എക്സ്പോ 2020 ഹയര്‍കമ്മിറ്റി മാനേജിങ് ഡയറക്ടറുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി പറഞ്ഞു. ‘മനസ്സുകളെ കോര്‍ത്തിണക്കി ഭാവി സൃഷ്ടിക്കാം’ എന്ന പ്രമേയത്തില്‍ ഊന്നിയുള്ള ലോഗോകള്‍ രൂപകല്‍പന ചെയ്യാനാണ് ആവശ്യപ്പെട്ടത്.
ലഭിച്ച ലോഗോകള്‍ വിഗദ്ധ സമിതി പരിശോധിച്ച ശേഷം ചുരുക്കപ്പട്ടിക തയാറാക്കി. യു.എ.ഇ സ്വദേശിനി മൗസ അല്‍ മന്‍സൂരി, തുനീഷ്യ സ്വദേശി മുഹമ്മദ് സുഹൈല്‍ ബിന്‍ അലി, മോള്‍ഡോവ സ്വദേശി വലേരി ഇല്‍നിസ്കി എന്നിവര്‍ അവസാന പട്ടികയില്‍ ഇടം പിടിച്ചു. മൂന്നുപേര്‍ക്കും ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അവാര്‍ഡ് സമ്മാനിച്ചു. ലോഗോ രൂപകല്‍പന ചെയ്തവര്‍ക്ക് ഒരുലക്ഷം ദിര്‍ഹം സമ്മാനമായി ലഭിക്കും.
മൂന്ന് മുന്‍ വേള്‍ഡ് എക്സ്പോ നഗരങ്ങളിലേക്ക് സൗജന്യ യാത്ര, എക്സ്പോ 2020 സീസണ്‍ പാസ്, ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം എന്നിവയും ഇതോടൊപ്പമുണ്ട്. 2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ ജബല്‍ അലിയിലെ ദുബൈ ട്രേഡ് സെന്‍ററിലാണ് എക്്സ്പോ നടക്കുന്നത്. ആറുമാസം നീളുന്ന എക്സ്പോയിലേക്ക് 25 ദശലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.