ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഫീസുകളും പിഴകളും നിശ്ചയിച്ച് ഉത്തരവ്
text_fieldsദുബൈ: ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കുള്ള വിവിധ ഫീസുകളും പിഴകളും നിശ്ചയിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉത്തരവിറക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലക്ക് മേല്‍നോട്ടം വഹിക്കാനും ഫീസുകളും പിഴകളും പിരിക്കാനുമുള്ള ഉത്തരവാദിത്തം ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ ഹെല്‍ത്ത്കെയര്‍ സിറ്റി എന്നിവക്കായിരിക്കും.
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പെര്‍മിറ്റ് അനുവദിക്കേണ്ടത് ഈ രണ്ട് സ്ഥാപനങ്ങളാണ്. പെര്‍മിറ്റുകള്‍ക്കുള്ള ഫീസ് ഉത്തരവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്‍ഷുറന്‍സ് കമ്പനികള്‍, ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാര്‍, ക്ളെയിം മാനേജ്മെന്‍റ് കമ്പനികള്‍, ആശുപത്രികള്‍, പോളി ക്ളിനിക്കുകള്‍, സ്പെഷ്യലൈസ്ഡ് ക്ളിനിക്കുകള്‍, ഫാര്‍മസികള്‍, ലബോറട്ടറികള്‍, റേഡിയോളജി സെന്‍ററുകള്‍ എന്നിവക്കുള്ള വിവിധ ഫീസുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 56 നിയമലംഘനങ്ങളും അവക്കുള്ള പിഴകളും വിശദീകരിച്ചിരിക്കുന്നു.
ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയാണെങ്കില്‍ പ്രാദേശിക അറബി, ഇംഗ്ളീഷ് പത്രങ്ങളില്‍ അക്കാര്യം ചൂണ്ടിക്കാട്ടി രണ്ട് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം 1.5 ലക്ഷം ദിര്‍ഹം പിഴ ചുമത്തും. ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി ലഭിക്കും മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കമ്പനികള്‍ക്ക് ഒരുലക്ഷം ദിര്‍ഹവും പിഴയുണ്ടാകും. നിയമലംഘനത്തിന് ഒരുതവണ പിഴ ലഭിച്ച കമ്പനി ഒരുവര്‍ഷത്തിനകം നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകും. പരമാവധി പിഴ അഞ്ച് ലക്ഷം ദിര്‍ഹമായിരിക്കും. രണ്ടുവര്‍ഷം വരെ കമ്പനിയെ മാറ്റി നിര്‍ത്താനും ലൈസന്‍സ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്. പുതിയ നിയമം നടപ്പാക്കാനുള്ള ചുമതല ദുബൈ ഹെല്‍ത്ത് അതോറിറ്റി ചെയര്‍മാനില്‍ നിക്ഷിപ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.