ഷാര്‍ജയിലെ മേയ്ദിനാഘോഷങ്ങള്‍ക്ക് സമാപനം
text_fieldsഷാര്‍ജ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഷാര്‍ജ ഗവണ്‍മെന്‍റ് ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റിയും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയും സംയുക്തമായി മൂന്നു ദിവസമായി ഷാര്‍ജ സജയിലെ ലേബര്‍ ക്യാമ്പില്‍ നടത്തി വന്ന ആഘോഷ പരിപാടികള്‍ സമാപിച്ചു.
ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ സലീം ഖസീര്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതം പറഞ്ഞു. ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ.മുരളീധരന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ രക്ഷാധികാരിയും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ ചെയര്‍മാനുമായ അഹമ്മദ് മുഹമ്മദ് അല്‍ മിദ്ഫ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീം, ട്രഷറര്‍ വി.നാരായണന്‍ നായര്‍, ഡോ.പി.എ.ഇബ്രാഹിം ഹാജി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങളും നടന്നു. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി തൊഴിലാളികള്‍ക്കുള്ള കലാ-കായിക മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ ക്ളാസുകള്‍ എന്നിവ നടന്നു.
സമാപന ദിവസമായ മേയ് ദിനത്തില്‍ ഇന്ത്യ- പാകിസ്താന്‍ കലാകാരന്മാര്‍ അണിനിരന്ന ഗസല്‍ സന്ധ്യയും ഗാനമേള, ഡാന്‍സ് തുടങ്ങിയവയും അരങ്ങേറി. സംഘാടകര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കുമുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മൂന്നു ദിവസങ്ങളിലായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും സ്റ്റാഫംഗങ്ങളും ജീവനക്കാരുമുള്‍പ്പെടെ നൂറോളം പേരടങ്ങുന്ന സംഘം ആഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സജയിലെ ലേബര്‍ ക്യാമ്പ് പരിസരത്ത് സജീവമായുണ്ടായിരുന്നു.
സമാപന പരിപാടികളുള്‍പ്പെടെ ഷാര്‍ജ സജയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ നിറഞ്ഞ ആവേശത്തോടെയാണ് പരിപാടിയില്‍ സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.