പാസ്പോര്‍ട്ട് അപേക്ഷകളില്‍ അഞ്ചു ദിവസത്തിനകം നടപടി-കോണ്‍സുലേറ്റ്
text_fieldsദുബൈ: പാസ്പോര്‍ട്ട് സേവനം സംബന്ധിച്ച കാലവിളംബം പൂര്‍ണമായും പരിഹരിച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ദുബൈയിലെയും യു.എ.ഇയിലെ വടക്കന്‍ മേഖലയിലെയും ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ ഇനി അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭുഷണ്‍ അറിയിച്ചു.
ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 45 ദിവസം വരെ സമയമെടുത്തിരുന്ന നടപടികളാണ് ഇപ്പോള്‍ വേഗത്തിലായതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കോണ്‍സുല്‍ ജനറല്‍. പരമാവധി എട്ടു ദിവസത്തില്‍ പാസ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കും.
പിന്നിട്ട ഒരു മാസത്തിനുള്ളില്‍ 35,000 പാസ്പോര്‍ട്ടുകളാണ് നടപടി പൂര്‍ത്തിയാക്കി വിതരണം ചെയ്തത്. കൈ കൊണ്ടെഴുതിയ പാസ്പോര്‍ട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കാനുള്ള കേന്ദ്രതീരുമാനത്തെ തുടര്‍ന്നാണ് ഇത്രയേറെ പാസ്പോര്‍ട്ടുകള്‍ ഒരുമിച്ച് നല്‍കേണ്ടി വന്നത്.
പാസ്പോര്‍ട്ട് ലഭിക്കാന്‍ മാസത്തിലേറെ കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു രൂപപ്പെട്ടത്. ഇതു സംബന്ധിച്ച് നിരവധി പരാതികളും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അധികൃതരുടെ വിശദീകരണം. ഇന്ത്യക്ക് വെളിയില്‍ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്ന നയതന്ത്ര കേന്ദ്രമാണ് ദുബൈ കോണ്‍സുലേറ്റ്. 16,000 മുതല്‍ 18,000 വരെയുള്ള പാസ്പോര്‍ട്ടുകളാണ് ഓരോ മാസവും ഇന്ത്യന്‍ കോണ്‍സുലേറ്റ് വിതരണം ചെയ്യുന്നത്.
പാസ്പോര്‍ട്ടിനായി അപേക്ഷിച്ചവര്‍ക്ക് അനുവദിച്ചുകിട്ടാന്‍ കാലതാമസം ഉണ്ടായാല്‍ dubai@mea.gov.in എന്ന വിലാസത്തില്‍ അറിയിക്കണം.
അതിനിടെ, പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായി യു.എ.ഇയില്‍ രണ്ടു മാസത്തിനകം പുതിയ ഒൗട്ട്സോഴ്സിങ് സേവന വിഭാഗം വരും. നേരത്തെ, ടെണ്ടര്‍ ക്ഷണിച്ചത് പ്രകാരം ലഭിച്ച അപേക്ഷകളില്‍ അവസാനവട്ട പരിശോധനകള്‍ നടക്കുകയാണെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.
പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ്, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ എന്ന കാര്‍ഡിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ നടന്ന് വരുകയാണ്. ഇതിനായി അനുവദിച്ച സമയം ജൂണ്‍ വരെ നീട്ടിയതായും അദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.