ദുബൈയിലെ 45 ശതമാനം ഷവര്‍മ കടകളും അടച്ചുപൂട്ടുന്നു
text_fieldsദുബൈ: ജനപ്രിയ അറേബ്യന്‍ ഭക്ഷ്യവിഭവങ്ങളുടെ വില്‍പനക്ക് ദുബൈ നഗരസഭ ഏര്‍പ്പെടുത്തിയ പുതിയ നിയമം പ്രാബല്യത്തിലായതോടെ 45 ശതമാനത്തോളം ഷവര്‍മ കടകളും അടച്ചുപൂട്ടലിലേക്ക്. നവംബര്‍ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിലായത്.
ആരോഗ്യവും സുരക്ഷയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കടകളുടെ വിസ്തൃതി, ഉപകരണങ്ങള്‍, സംഭരണ സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 572 ചെറുകിട-ഇടത്തരം ഷവര്‍മ കടകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ച് ആറ് മാസത്തിനകം പുതിയ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ ക്രമീകരിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഈ കാലാവധി ഒക്ടോബര്‍ 31ന് അവസാനിച്ചു.
നോട്ടീസ് ലഭിച്ച 572 കടകളില്‍ 318 എണ്ണം മാത്രമേ മാനദണ്ഡത്തിന് അനുസൃതമായ മാറ്റം വരുത്തിയിട്ടുള്ളുവെന്ന് നഗരസഭ അറിയിച്ചു. നോട്ടീസ് ലഭിച്ചവയില്‍ 146 കടകള്‍ (25.5 ശതമാനം) ആവശ്യമായ മാറ്റങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ ഭക്ഷ്യപരിശോധനാ മേധാവി സുല്‍ത്താന്‍ അലി ആല്‍ താഹിര്‍ പറഞ്ഞു. 172 എണ്ണം (30.07) മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. 113 സ്ഥാപനങ്ങള്‍ (19.75 ശതമാനം) ഷവര്‍മ വില്‍പന പൂര്‍ണമായി നിര്‍ത്തി. 141 എണ്ണം (24.65 ശതമാനം) ഒരു നടപടിയും സ്വീകരിച്ചിട്ടില്ളെന്നും വാര്‍ത്താകുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
ആവശ്യമായ നടപടികള്‍ എടുക്കാത്ത കടകളില്‍ ഷവര്‍മ വില്‍പന അനുവദിക്കില്ല. കടകളില്‍ മാറ്റം വരുത്താന്‍ ഇനി സാവകാശം അനുവദിക്കുകയുമില്ല. നിയമം ലംഘിച്ച് ഷവര്‍മ വില്‍പന നടത്തിയാല്‍ പിഴ ഈടാക്കും. അതേസമയം, അത്തരം റെസ്റ്റോറന്‍റുകളിലും കഫ്റ്റീരിയകളിലും മറ്റു ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്താമെന്നും സുല്‍ത്താന്‍ അലി ആല്‍ താഹിര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.