യു.എ.ഇ തൊഴില്‍വിസ ഇനി ഇന്ത്യയില്‍നിന്ന് തന്നെ ലഭിക്കും
text_fieldsഅബൂദബി: യു.എ.ഇ തൊഴില്‍വിസ ഇന്ത്യയിലെ യു.എ.ഇ കോണ്‍സുലേറ്റ് വഴി ഇഷ്യൂ ചെയ്യാവുന്ന സംവിധാനം തുടങ്ങി. ബുധനാഴ്ച മുതലാണ് ഇതിനുള്ള സൗകര്യം നിലവില്‍ വന്നത്. ഒക്ടോബര്‍ മധ്യത്തോടെ തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് തിരുവനന്തപുരത്ത് പോയി വിസ കൈപ്പറ്റാന്‍ സാധിക്കും. വിസാ തട്ടിപ്പുകള്‍ തടയാന്‍ നടപടി സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു.
നേരത്തെ തൊഴില്‍വിസക്ക് അപേക്ഷിക്കുന്ന സ്പോണ്‍സര്‍ക്കും കമ്പനികള്‍ക്കുമാണ് തൊഴിലാളിയുടെ എന്‍ട്രി പെര്‍മിറ്റ് നല്‍കിയിരുന്നത്. ഈ എന്‍ട്രി പെര്‍മിറ്റോ ഇതിന്‍െറ പകര്‍പ്പോ നാട്ടിലുള്ള തൊഴിലാളിക്ക് അയച്ചുകൊടുക്കുകയും അതുമായി തൊഴിലാളി യു.എ.ഇയിലേക്ക് വരികയുമായിരുന്നു രീതി.
എന്നാല്‍, പുതിയ നടപടിക്രമമനുസരിച്ച് സ്പോണ്‍സര്‍ക്ക് എന്‍ട്രി പെര്‍മിറ്റിന് പകരം റഫറന്‍സ് കോഡ് നമ്പറാണ് നല്‍കുകയെന്ന് റാസല്‍ഖൈമയിലെ ട്രാവല്‍സ് ജീവനക്കാരന്‍ അബ്ദുല്‍ വാഹിദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്പോണ്‍സറില്‍നിന്ന് ഈ കോഡ് നമ്പര്‍ സ്വീകരിച്ച് അതും അസ്സല്‍ പാസ്പോര്‍ട്ടുമായി നാട്ടിലെ യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയാല്‍ എന്‍ട്രി പെര്‍മിറ്റ് നേരിട്ട് തൊഴിലാളിക്ക് കൈപ്പറ്റാം. കഴിഞ്ഞ ദിവസം അബൂദബി എമിറേറ്റില്‍നിന്ന് തൊഴില്‍വിസക്ക് അപേക്ഷിച്ച കമ്പനികള്‍ക്കെല്ലാം ഇത്തരത്തില്‍ റഫറന്‍സ് കോഡാണ് ലഭിച്ചതെന്ന് ടൈപ്പിങ് സെന്‍ററര്‍ അധികൃതരും പറയുന്നു.
അതേസമയം, നടപടിക്രമങ്ങളിലെ മാറ്റം സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തേ ഇന്തോനേഷ്യ, എത്യോപ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
നാട്ടില്‍നിന്നുള്ള തൊഴിലാളികള്‍ യു.എ.ഇയില്‍ എത്തിയ ശേഷമായിരിക്കും മെഡിക്കല്‍, എമിറേറ്റ്സ് ഐഡി തുടങ്ങി വിസ സ്റ്റാമ്പിങ് നടപടികള്‍ ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.