ജനസാഗരം; ഇന്ന് കൊടിയിറക്കം
text_fieldsഷാര്‍ജ: ഇന്ന് പതിനൊന്നാം ദിവസം 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറക്കം. പതിനൊന്നാം രാവില്‍ വെള്ളിയാഴ്ച പുസ്തക നഗരി അക്ഷരാര്‍ഥത്തില്‍ ജനസഗാരമായി. വൈകിട്ട് നാലുമണിക്ക് നഗരിയുടെ കവാടം തുറന്നതുമുതല്‍ അവധിദിനം അക്ഷരോത്സവത്തിന് നീക്കിവെച്ച ജനസഞ്ചയം എക്സ്പോ സെന്‍ററിലേക്ക് ഒഴുകുകയായിരുന്നു. സന്ദര്‍ശകരുടെ വൈവിധ്യം വിളിച്ചറിയിച്ച് വിവിധ വേഷങ്ങളും ഭാഷകളും സംഗമിച്ചൊഴുകി. മലയാളികളുടെ വലിയൊരു കൂട്ടം കുടുംബസമേതം എത്തി. ഈ മേളയിലെ അവസാന വെള്ളിയാഴ്ചയായതിനാലൂം ഇന്ത്യന്‍ സ്കൂളുകളില്‍ പരീക്ഷ വ്യാഴാഴ്ച കഴിഞ്ഞതിനാലും കുട്ടികള്‍ ധാരാളമായി എത്തിയിരുന്നു. വിവിധ പുസ്തകശാലകളില്‍ കച്ചവടം പൊടിപൊടിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ. വിവിധ ഹാളുകളിലായി നടന്ന പുസ്തക പ്രകാശനചടങ്ങുകള്‍ക്ക് ഉള്‍പ്പെടെ ജനം തിങ്ങിക്കൂടി.
മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരന്‍ എം.മുകുന്ദനും നടനും എം.എല്‍.എയുമായ മുകേഷും സംവിധായകന്‍ ലാല്‍ ജോസും കഥകാരന്‍ ഉണ്ണി.ആറും മറുനാടന്‍ മലയാളികളുടെ നിറഞ്ഞ സദസ്സിന് മുന്നില്‍ വാചാലരായി.
ഈ മാസം രണ്ടിന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത പുസ്തകമേളയില്‍ ഇതുവരെ 17 ലക്ഷം പേര്‍ എത്തിയതായാണ് കണക്ക്. 15 ലക്ഷം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്. ആദ്യ നാലു ദിവസം ആറര ലക്ഷം സന്ദര്‍ശകരത്തെി പുസ്തക മേള ഇത്തവണ ചരിത്രം സൃഷ്ടിച്ചിരുന്നു. അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള 1680 പ്രസാധകരാണ് മേളയില്‍ അണിനിരന്നത്. ഇന്ത്യയില്‍ നിന്ന് 110 പുസ്തക പ്രസാധകരത്തെി. 15ലക്ഷം പുസ്തകങ്ങളാണ് വിവിധ സ്റ്റാളുകളിലായി നിറഞ്ഞത്.
11ദിവസങ്ങളിലായി പുസ്തക പ്രകാശനവും ചര്‍ച്ചയും സംവാദവും എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചയും സാംസ്കാരിക-കലാ പരിപാടികളും ഉള്‍പ്പെടെ 1400- ലേറെ പരിപാടികളും മേളയോടനുബന്ധിച്ച് അരങ്ങേറി. മലയാളത്തില്‍ നിന്ന് മാത്രം അമ്പതിലേറെ പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.