കുളിരുള്ള രാവുകളെത്തി; മരുഭൂമിയിൽ രാപ്പാർക്കാൻ തിരക്ക്
text_fieldsഷാർജ: രാജ്യം ശൈത്യത്തിെൻറ പിടിയിലേക്ക് മാറി തുടങ്ങിയതോടെ മരുഭൂമികളിൽ ആളനക്കം കൂടി. രാത്രിയിലെ തണുത്ത കാറ്റിൽ ചൂടുള്ള ഭക്ഷണം പാചകം ചെയ്ത് മധുരമുള്ള കഥകൾ പറഞ്ഞിരിക്കാനാണ് നൂറു കണക്കിന് പേരെത്തുന്നത്. സ്വദേശികളുടെ ചുവടു പിടിച്ച് പ്രവാസികളും മരുഭൂമിയിൽ രാപ്പാർക്കാനെത്തുന്നു. കുട്ടികൾക്ക് ആവോളം കളിക്കാനും ഉറക്കം വന്നാൽ കിടക്കാനും ഇഷ്ടം പോലെ സ്ഥലമുള്ളത് കാരണം മരുഭൂവാസം ഏറെ ആനന്ദം പകരുന്നതായി അവധി ദിവസങ്ങളിൽ ഇവിടെ എത്തുന്ന മലപ്പുറം പൊന്നാനി സ്വദേശി മുജീബ് പറഞ്ഞു.
ഷാർജ–മലീഹ റോഡ് കടന്ന് പോകുന്ന അൽ ബറാഷി, ബദായർ മരുഭൂമികളിലാണ് ഏറ്റവും കൂടുതൽ തിരക്ക് കാണപ്പെടുന്നത്. അൽ തായി മരുഭൂമേഖലയിൽ നിന്ന് തുടങ്ങുന്ന തിരക്ക് മലീഹ വരെ നീളുന്നു. കാറ്റ് തീർത്ത മണൽ ചിത്രങ്ങൾക്കിടയിൽ നിന്ന് രാവിൽ കനലെരിയുന്നത് കാണാൻ വല്ലാത്ത രസമാണ്. വീശറി കൊണ്ട് വീശി വീശി കനലുകളെ ആളി കത്തിക്കുമ്പോൾ പണ്ട് കേരളത്തിലെ ഗ്രാമപാതയിലൂടെ രാത്രിയിൽ ചൂട്ടുമായി പോകുന്നവരെ ഓർമ വരും. മരുഭൂമിയിലൂടെ കടന്ന് പോകുന്ന തണുത്ത കാറ്റിനിപ്പോൾ വെന്ത ഇറച്ചിയുടെ മണമാണ്. ഗാഫ് മരങ്ങളുടെ നിഴലുകൾ വീണ് കിടക്കുന്ന മരുപ്രദേശമാണ് അൽ തായി, ബദായർ, ബറാശി മേഖലകൾ.
പകൽ സമയത്ത് ഗാഫിെൻറ ചുവട്ടിലിരുന്നാൽ ചൂട് വല്ലാതെ ഉപദ്രവിക്കാൻ വരില്ല. രാത്രിയിൽ ഈ മരത്തിനൊരു മുളിപ്പാട്ടുണ്ട്. വാഹനങ്ങളുടെ അലർച്ച കേൾക്കാത്ത മരുഭൂമിയുടെ അഴങ്ങളിലേക്ക് പോകണം ഈ ജൈവ സംഗീതം ആസ്വദിക്കാൻ. ഷാർജയിലെ കോർണിഷുകളിലും ഉദ്യാനങ്ങളിലും ഇറച്ചി ചുടുന്നതും ഹൂക്ക വലിക്കുന്നതും ശക്തമായി വിലക്കിയതോടെ മരുഭൂമിയിൽ എത്തുന്നവരുടെ എണ്ണം പോയ വർഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. മേപ്പടിയിടങ്ങളിൽ ഇറച്ചി ചുട്ടാൽ 500 ദിർഹമാണ് പിഴ. ചെറിയ കൂടാരങ്ങൾ കെട്ടിയാണ് മിക്കവരും മരുഭൂമിയിൽ രാപ്പാർക്കുന്നത്. ഇതിനുള്ള റെഡിമെയ്ഡ് കൂടാരങ്ങൾ കച്ചവട കേന്ദ്രങ്ങളിൽ ലഭിക്കും. എന്നാൽ സ്വദേശികൾ തണുപ്പ് കാലം തീരുന്ന വരെ കഴിയാനുള്ള കൂടാരങ്ങളാണ് ഒരുക്കുക. ജനറേറ്റർ മുതലുള്ള സാമഗ്രികളുമായിട്ടാണ് ഇവരെത്തുക. ഭക്ഷണം പാചകം ചെയ്യാനും കുട്ടികളെ നോക്കാനും ജോലിക്കാരികളും കാണും.
സന്ദർശകർ കൂടിയതോടെ മാലിന്യങ്ങളും കൂടിയിട്ടുണ്ട്. അലസമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ നിരീഷിക്കാൻ ഉദ്യോഗസ്ഥരുമുണ്ട്. മാലിന്യം തള്ളുന്നത് പരിധി കടന്നാൽ പിഴ ഉറപ്പാണ്. മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭയിലെ ശുചികരണ തൊഴിലാളികളും രംഗത്തുണ്ട്. മരുഭൂമിയിൽ വികസനം കടന്ന് വരാത്ത കാലത്ത് സ്വദേശികൾ സ്ഥിരം സഞ്ചാരികളായിരുന്നു. കാർഷിക, കാലിവളർത്തൽ മേഖല കഴിഞ്ഞാൽ സ്വദേശികളുടെ ഏറ്റവും ഇഷ്ടപ്പെട്ട മേഖല കച്ചവടമായിരുന്നു. ഒരു തീർഥാടനം എന്ന് വേണമെങ്കിൽ ഈ കച്ചവടത്തെ വിളിക്കാം. ഏറെ ദൂരങ്ങളും ദിവസങ്ങളും പിന്നിട്ടാണ് കച്ചവട സംഘങ്ങൾ തിരിച്ചെത്തുക. കുടുംബവും ഒത്തായിരിക്കും കച്ചവട യാത്ര. ഈ യാത്രകളിൽ ഉറങ്ങാനും വിശ്രമിക്കാനും മരുഭൂമിയിലാണ് കൂടാരങ്ങൾ കെട്ടുക. മരുഭൂമിയിൽ തന്നെ ഭക്ഷണവും ഒരുക്കും. ഈ ശീലമാണ് പുരോഗതിയുടെ ആധുനിക കാലത്തും സ്വദേശികൾ കൊണ്ട് നടക്കുന്നത്. പുറംവാസികളായ മറ്റു രാജ്യക്കാരും ഇത് അനുകരിക്കുന്നു. ഒരിക്കൽ മരുഭൂമിയുടെ രാവിൽ ചിലവഴിച്ചവർക്ക് പിന്നിടത് ഒഴിവാക്കാനാവില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. പകൽ നാം കാണുന്ന മരുഭൂമിയല്ല രാത്രിയിൽ. നിറവും മണവും സ്വരവും എല്ലാം മാറും. മണൽ പരപ്പുകളിൽ നിന്ന് ഇതുവരെ നാം കാണാത്ത പ്രാണികൾ പുറത്ത് വരും. രാവിനെ സാന്ദ്രമാക്കാനെത്തുന്ന നിരവധി ജീവജാലങ്ങളെയും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.