ഇത്തിഹാദ് എയര്‍വേസ് അബൂദബി-കോഴിക്കോട് റൂട്ടില്‍ പുതിയ സര്‍വീസ് തുടങ്ങുന്നു
text_fieldsഅബൂദബി: ഇത്തിഹാദ് എയര്‍വേസ് അബൂദബി-കോഴിക്കോട് റൂട്ടില്‍ ദിനംപ്രതി ഒരു വിമാന സര്‍വീസ് കൂടി തുടങ്ങുന്നു. 2017 മാര്‍ച്ച് 26ന് ആയിരിക്കും സര്‍വീസ് ആരംഭിക്കുക. കോഴിക്കോട്ടേക്കുള്ള ഇത്തിഹാദിന്‍െറ നാലാമത് സര്‍വീസാണിത്. യു.എ.ഇക്കും കേരളത്തിനുമിടയിലെ ഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സര്‍വീസ് ഉപകരിക്കുമെന്ന് ഇത്തിഹാദ് അധികൃതര്‍ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 15 മുതല്‍ ഗുജറാത്തിലെ അഹമ്മദാബാദിലേക്കും ഇത്തിഹാദ് പുതിയ ദിനംപ്രതി സര്‍വീസ് ആരംഭിക്കുന്നുണ്ട്.
ഇത്തിഹാദ് എയര്‍വേസിന്‍െറ സേവന പങ്കാളിയായ ജെറ്റ് എയര്‍വേസ് അബൂദബിയില്‍നിന്ന് രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്കും അടുത്ത വര്‍ഷം ആദ്യത്തോടെ പുതിയ സര്‍വീസുകള്‍ തുടങ്ങും. ജനുവരി 15 മുതല്‍ ന്യൂഡല്‍ഹിയിലേക്കും ഫെബ്രുവരി ഒന്നിന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കുമാണ് ജെറ്റ് എയര്‍വേസ് ദിവസേന സര്‍വീസ് ആരംഭിക്കുന്നത്. ന്യൂഡല്‍ഹിയിലേക്ക് ജെറ്റ് എയര്‍വേസിന്‍െറ രണ്ടാമത്തെ സര്‍വീസാണിത്. ഇരു വിമാനക്കമ്പനികളുടേതുമായി ആഴ്ചയില്‍ മൊത്തം 28 സര്‍വീസുകളാണ് ഇതോടെ ഇന്ത്യയിലേക്ക് വര്‍ധിക്കുക.
നിര്‍മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളം, പഞ്ചാബിലെ ഛണ്ഡീഗഡ് വിമാനത്താവളം എന്നിവിടങ്ങളില്‍നിന്നും ജെറ്റ് എയര്‍വേസ് ദിവസേന സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. രണ്ട് വിമാനത്താവളങ്ങളില്‍നിന്നും 2017 മധ്യത്തോടെ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് ജെറ്റ് എയര്‍വേസ് കണക്കുകൂട്ടുന്നത്.
നിലവില്‍ ഇത്തിഹാദ് എയര്‍വേസ് മാത്രം അബൂദബിയില്‍നിന്ന് ഇന്ത്യയിലെ 11 നഗരങ്ങളിലേക്കായി ആഴ്ചയില്‍ 175 സര്‍വീസുകളാണ് നടത്തുന്നത്. ഇത്തിഹാദ് എയര്‍വേസ് ജെറ്റ് എയര്‍വേസുമായി ചേര്‍ന്ന് ഇന്ത്യയിലെ 15 നഗരങ്ങളിലേക്കായി ആഴ്ചയില്‍ 252 സര്‍വീസുകള്‍ നടത്തുന്നുണ്ട്. പുതുതായി പ്രഖ്യാപിച്ചവയടക്കം 15 നഗരങ്ങളിലേക്കായി 280 സര്‍വീസുകള്‍ ആഴ്ചയിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.