സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് പുതിയ പരിചരണ രീതി
text_fieldsഅബൂദബി: അബൂദബി എമിറേറ്റിലെ പൊതു ആരോഗ്യകേന്ദ്രങ്ങളിലെ നഴ്സുമാര്‍ കൂടുതല്‍ സമയം രോഗികളുടെ കൂടെ ചെലവഴിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തി. എമിറേറ്റിലെ 13 സര്‍ക്കാര്‍ ആശുപത്രികളുടെയും 69 പൊതു ക്ളിനിക്കുകളുടെയും ചുമതല വഹിക്കുന്ന അബൂദബി ആരോഗ്യ സേവന കമ്പനിയാണ് (സേഹ) ഞായറാഴ്ച പുതിയ സംവിധാനം കൊണ്ടുവന്നത്.
ആരോഗ്യപരിചരണ മേഖല വളരെ സജീവമാണെങ്കിലും പതിറ്റാണ്ടായി തുടരുന്ന രോഗീപരിചരണ രീതികള്‍ കാലഹരണപ്പെട്ടതാണെന്ന് സേഹ സ്റ്റാഫ് ഗ്രൂപ്പ് ചീഫ് ഡോ. മുഹമ്മദ് ആല്‍ സിആറി പറഞ്ഞു. ഇന്നത്തെ കാലത്തെ രോഗികളുടെ ആവശ്യങ്ങളും പ്രതീക്ഷകളും യാഥാര്‍ഥ്യമാക്കുന്ന തരത്തിലാണ് പുതിയ പരിചരണ രീതിയെന്നും അദ്ദേഹം അറിയിച്ചു.
സേഹ അന്താരാഷ്ട്ര രോഗീപരിചരണ-പ്രസവശുശ്രൂഷ അനുബന്ധ ആരോഗ്യ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് സിആറി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ സംവിധാനമനുസരിച്ച് സേഹയുടെ 7,200 നഴ്സുമാര്‍ രോഗികളെ കൂടുതല്‍ തവണ സന്ദര്‍ശിക്കുകയും അവരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയുകയും ചികിത്സാപദ്ധതികള്‍, ആഥിതേയത്വം, സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്യും. രോഗികളുടെ അനുഭവങ്ങള്‍ ക്രോഡീകരിക്കാന്‍ സേഹയുടെ സ്വതന്ത്ര സംഘം പരിശോധന നടത്തും. അടുത്ത ആറ് മാസങ്ങള്‍ക്കകം സംവിധാനം പൂര്‍ണമായി നടപ്പാക്കും. അതിന് ശേഷം ഇന്‍സ്പെക്ടര്‍മാര്‍ രോഗികളെ സന്ദര്‍ശിച്ച് വിവിധ നഴ്സുമാരില്‍നിന്നുള്ള അവരുടെ അനുഭവങ്ങള്‍ ശേഖരിക്കും. ഇത് ഓരോ നഴ്സുമാരുടെയും വാര്‍ഷിക വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുമെന്നും ഡോ. മുഹമ്മദ് ആല്‍ സിആറി അറിയിച്ചു. പകല്‍ മണിക്കൂറില്‍ ഒരു തവണയും രാത്രി രണ്ട് മണിക്കൂറില്‍ ഒരു തവണയും ഓരോ രോഗികളെയും നഴ്സുമാര്‍ പരിശോധിക്കണമെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സേഹയിലെ പ്രഫ. ഗെഡ് വില്യംസ് പറഞ്ഞു. പകല്‍സമയത്ത് നാല് രോഗികള്‍ക്കും രാത്രി അഞ്ച് രോഗികള്‍ക്കും ഒരു നഴ്സ് ലഭ്യമായിരിക്കണമെന്നാണ് സേഹയുടെ മാനദണ്ഡം. ഈ മാനദണ്ഡം പാലിക്കാന്‍ ഈ വര്‍ഷം 200 പുതിയ നഴ്സുമാരെ നിയമിച്ചിട്ടുണ്ട്. പുതിയ സംവിധാനത്തില്‍ സുരക്ഷിതത്വം അനുഭവിക്കാന്‍ രോഗികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 3,000 ഡോക്ടര്‍മാരടക്കം 17,000 മെഡിക്കല്‍ ജീവനക്കാരാണ് സേഹക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.