ഡ്രോണുകളുടെ വില്‍പനക്ക് പുതിയ നിയമങ്ങള്‍ തയാറാകുന്നു
text_fieldsഅബൂദബി: ഡ്രോണുകളുടെ വില്‍പനയും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ കര്‍ശനമായ നിയമങ്ങള്‍ അവതരിപ്പിക്കാന്‍ യു.എ.ഇ ഒരുങ്ങുന്നു. ഡ്രോണുകള്‍ കാരണമായുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കുകയാണ് പുതിയ നിയമങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യോമനിയന്ത്രണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
വ്യോമപരിധിയില്‍ അനധികൃത ഡ്രോണ്‍ പറന്നതിനാല്‍ ജൂണ്‍ 12ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഒരു മണിക്കൂറിലേറെ അടച്ചിടേണ്ടിവന്നിരുന്നു. ഇതു കാരണം ദശലക്ഷക്കണക്കിന് ഡോളറിന്‍െറ നഷ്ടമാണ് സംഭവിച്ചത്.
അനധികൃത ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന നിരവധി സംഭവങ്ങളുണ്ടാകുന്നുണ്ടെന്നും വ്യോമഗതാഗതത്തിന് ഇത് ഭീഷണിയാണെന്നും യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ എയര്‍ നാവിഗേഷന്‍ ആന്‍ഡ് ഏയറോഡ്രോംസ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍ ആല്‍ ദൊസാരി പറഞ്ഞു.
2015 ഏപ്രിലില്‍ അവതരിപ്പിച്ച രാജ്യത്തെ ഡ്രോണ്‍ നിയമങ്ങള്‍ ഡ്രോണുകളുടെ വാണിജ്യ ലൈസന്‍സും കമ്പനികള്‍ അവ ഉപയോഗിക്കുന്നതിനുള്ള അനുമതിയും സംബന്ധിച്ചുള്ളതാണ്. ഡ്രോണുകളുടെ ഇറക്കുമതി, വില്‍പന, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ രൂപവത്കരിക്കുന്ന പ്രവൃത്തിയിലാണ് എമിറേറ്റ്സ് സ്റ്റാന്‍ഡേഡൈസേഷന്‍ ആന്‍ഡ് മെട്രോളജി അതോറിറ്റിയെന്നും മുഹമ്മദ് ഫൈസല്‍ ആല്‍ ദൊസാരി അറിയിച്ചു.
വ്യോമഗതാഗതത്തിന് ഭീഷണിയായതിനാല്‍ വിനോദത്തിനുള്ള ഡ്രോണുകള്‍ 2015 മാര്‍ച്ച് മുതല്‍ പുതിയ നിയമം കൊണ്ടുവരുന്നത് വരെ അബൂദബിയില്‍ നിരോധിച്ചിട്ടുണ്ട്.
പറപ്പിക്കാനുള്ള വലിയ ഡ്രോണുകളുടെ മാനദണ്ഡം, പൈലറ്റില്ലാവിമാനങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍, പൈലറ്റ് പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.
ഭൂപട നിര്‍മാണം, സുരക്ഷാ നിരീക്ഷണം, വന്യജീവി-പരിസ്ഥിതി സര്‍വേകള്‍, ഗതാഗതം, കൃഷി തുടങ്ങിയ കാര്യങ്ങള്‍ക്കാണ് യു.എ.ഇയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.