യു.എസ് വിസയുള്ള ഇന്ത്യക്കാർക്ക് യു.എ.ഇയിൽ ഒാൺ അറൈവൽ വിസ
text_fieldsഅബൂദബി: യു.എസ് വിസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യക്കാർക്ക് ഒാൺ അറൈവൽ വിസ നൽകാനുള്ള തീരുമാനത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ കുറഞ്ഞത് ആറ് മാസ കാലാവധിയുള്ള യു.എസ് വിസയോ ഗ്രീൻ കാർഡോ സ്വന്തമായ ഇന്ത്യക്കാർക്ക് യു.എ.ഇയുടെ ഏത് പ്രവേശന മാർഗങ്ങളിലൂടെയും ഒാൺ അറൈവൽ വിസയിലൂടെ രാജ്യത്തേക്ക് വരാം. 14 ദിവസത്തെ കാലാവധിയുള്ള ഇൗ ഒാൺ അറൈവൽ വിസ 14 ദിവസത്തേക്ക് പുതുക്കുകയും ചെയ്യാം. അതിനാൽ മൊത്തം 28 ദിവസം യു.എ.ഇയിൽ തങ്ങാൻ സാധിക്കും. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
യു.എ.ഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം 389,220 കോടി രൂപയുടേതാണ്. യു.എ.ഇ ഇന്ത്യയിലേക്ക് വർഷത്തിൽ കയറ്റിയയക്കുന്നത് 175,149 കോടി രൂപയുെട ഉൽപന്നങ്ങളാണ്. ഇന്ത്യ യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യുന്നത് 214,071 കോടി രൂപയുടെ ഉൽപന്നങ്ങളും.
യു.എ.ഇയിൽ 45,000 ഇന്ത്യൻ കമ്പനികളിലൂടെയുള്ള നിക്ഷേപം ഏകദേശം 454,090 കോടി രൂപയുടേതാണ്. ഇന്ത്യയിൽ ഉൗർജ, ലോഹസംസ്കരണ, സേവന, സാേങ്കതികവിദ്യ, നിർമാണ മേഖലകളിലായി യു.എ.ഇ 64,870 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, അബൂദബി നാഷനൽ എനർജി കമ്പനി, എമാർ, ഡി.പി വേൾഡ് തുടങ്ങിയ യു.എ.ഇ കമ്പനികൾ ഇന്ത്യയിൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കുകയും നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആറ് പ്രധാന തുറമുഖങ്ങളിൽ ഡി.പി വേൾഡ് പ്രവർത്തിക്കുന്നുണ്ട്.
ഇരു രാജ്യങ്ങളിലെയും നഗരങ്ങൾക്കിടയിൽ ദിവസേന 143ഒാളം വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ആഴ്ചയിൽ 1000 വിമാന സർവീസുകളുണ്ട്. ഒാരോ പത്ത് മിനിറ്റിലും ഒരു വിമാനം എന്ന നിലയിലാണിത്. 16 ലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികളാണ് 2016ൽ യു.എ.ഇയിലെത്തിയത്. ഇതേ വർഷം 50,000 യു.എ.ഇ വിനോദസഞ്ചാരികൾ ഇന്ത്യയിൽ സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.