‘ഹേ ക്യാഹുവാ’; തെരഞ്ഞെടുപ്പ് ചൂടുതട്ടി പ്രവാസവും
text_fieldsഅജ്മാന്: കാലാവസ്ഥ അൽപം തണുപ്പാണെങ്കിലും നാട്ടിലെ തെരഞ്ഞെടുപ്പ് ചൂട് പ്രവാസലോകത്തെയും ഹരം കൊള്ളിക്കുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് 2024 ലെ തെരഞ്ഞെടുപ്പെന്ന് പ്രവാസ ലോകവും തിരിച്ചറിയുന്നുണ്ട്. വിവിധ സംഘടനകള്‍ തങ്ങളുടെ മുന്നണികള്‍ക്ക് വോട്ട് ഉറപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലാണിപ്പോൾ. പ്രവാസികളെ നാട്ടില്‍ കൊണ്ടുപോയി വോട്ട് ചെയ്യിപ്പിക്കാനുള്ള വിമാനം ഒരുക്കുന്ന ചര്‍ച്ച വരെ ആരംഭിച്ചു കഴിഞ്ഞു. ബാച്ചിലര്‍ റൂമുകളും മലയാളികള്‍ കൂട്ടം കൂടുന്ന പ്രധാനയിടങ്ങളും ചര്‍ച്ചകളാലും അവകാശവാദങ്ങളാലും മുഖരിതമാണ്.
അജ്മാനിലെ ബാര്‍ബര്‍ ഷോപ്പില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുചേര്‍ന്നപ്പോഴുണ്ടായ സംവാദം ഇങ്ങനെ: തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ചാവക്കാട് ഇടക്കഴിയൂര്‍ സ്വദേശി മുഹമ്മദലി ഇടതുപക്ഷ സ്ഥാനാര്‍ഥി സുനില്‍ കുമാറിന്റെ വിജയത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്ത് വന്നാലും ഇക്കുറി തൃശൂര്‍ ഇടതുപക്ഷം നേടുമെന്ന് ഇദ്ദേഹം ഉറച്ചുപറയുന്നു. കോഴിക്കോട് കിണാശ്ശേരി സ്വദേശി മുനീര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഘവേട്ടന് എപ്പഴേ ജയിച്ചുകിടക്കുകയാണ് എന്ന അവകാശവാദത്തിലാണ്. രാഘവന് ഇതുവരെചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ മുൻ നിര്‍ത്തി അദ്ദേഹം മികച്ച വിജയം ആവര്‍ത്തിക്കുമെന്നാണ് മുനീറിന്റെ അവകാശവാദം. എന്നാല്‍ ഇക്കുറി എളമരം കരീം മണ്ഡലം പിടിച്ചെടുക്കുമെന്ന അവകാശവാദം ഉന്നയിക്കുകയാണ് ഇടതുപക്ഷ അനുയായിയായ അർഷാദ് കുണ്ടായിത്തോട്. പൊന്നാനി മണ്ഡലത്തിലെ സ്വാലിഹ് കൊടക്കല്ലും സൈനു പുത്തനത്താണിയും യു.ഡി.എഫ് സ്ഥാനാര്‍ഥി സമദാനി മികച്ച ഭൂരിപക്ഷം നേടുമെന്ന് വാദിക്കുമ്പോള്‍ ശരീഫ് കൊടുമുടിയും നാസര്‍ കല്പകഞ്ചേരിയും ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.എസ്. ഹംസ അട്ടിമറി ജയം നേടുമെന്ന അവകാശവാദം ഉന്നയിക്കുകയാണ്. തങ്ങളുടെ മണ്ഡലങ്ങള്‍ കടന്ന് ചര്‍ച്ച വടകരയിലേക്ക് മാറുമ്പോള്‍ ഷാഫി പറമ്പിലിനും ശൈലജ ടീച്ചര്‍ക്കും വേണ്ടി ഇരുകൂട്ടരും പരസ്പരം വാദിക്കുകയാണ്. ഇതെല്ലാം കണ്ട് അപ്പുറത്തെ ബംഗാളികള്‍ ചോദിക്കുന്നു ‘ഹേ ക്യാഹുവാ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.