2025 സാമൂഹിക വർഷം
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
ദുബൈ: സുസ്ഥിരത വർഷത്തിന് പിന്നാലെ രാജ്യത്തെ വിവിധ ജനസമൂഹങ്ങളുടെ പരസ്പര ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2025നെ സാമൂഹിക വർഷമായി പ്രഖ്യാപിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ‘കൈകോർക്കുക’ എന്നതാണ് പുതിയ സംരംഭത്തിന്റെ മുദ്രാവാക്യം.
സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരസ്പര ഉത്തരവാദിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരമായ വളർച്ചക്കുള്ള സാധ്യതകൾ തുറക്കുന്നതിനും നമുക്ക് പരസ്പരം കൈകോർത്ത് പ്രവർത്തിക്കാമെന്ന് എക്സിൽ കുറിച്ച സന്ദേശത്തിൽ ശൈഖ് മുഹമ്മദ് പറഞ്ഞു. ധീരമായ പ്രവർത്തനത്തോടൊപ്പം ആഗ്രഹങ്ങളും ചിന്തകളും രാഷ്ട്രം പുരോഗതിയുടെയും സമൃദ്ധിയുടെയും പ്രചോദനാത്മക മാതൃകയായി നിലനിൽക്കുമെന്ന് ഉറപ്പാക്കാൻ സഹായിക്കും.
ജനസമൂഹങ്ങളുടെ വികസനത്തിനായി സംഭാവന ചെയ്യുന്ന, യു.എ.ഇയെ വീട് എന്ന് വിളിക്കുന്ന എല്ലാവരെയും പ്രസിഡന്റ് അഭിനന്ദിക്കുകയും ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പുതിയ സംരംഭത്തെ പ്രശംസിച്ചു. സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും സമൂഹത്തിലുടനീളം ഐക്യം വളർത്തുകയും ചെയ്യുന്നതിന് പുതിയ സംരംഭം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശക്തമായ ഒരു സമൂഹം വരാനിരിക്കുന്ന തലമുറകൾക്ക് ശോഭനമായ ഭാവിക്ക് അടിത്തറ പാകും. വ്യക്തികൾ തമ്മിലുള്ള ബന്ധവും കരുതലുമാണ് രാജ്യത്തിന്റെ ശക്തമായ അടിത്തറ. രാജ്യത്തിന്റെ മുൻഗണന വിഷയങ്ങൾക്കൊപ്പം നിർമിതബുദ്ധി ഉൾപ്പെടെ വളർന്നുവരുന്ന വ്യവസായ മേഖലകളിൽ നവീകരണം പ്രോത്സാഹിപ്പിക്കാൻ പുതിയ സംരംഭം സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹങ്ങളുടെ കെട്ടുറപ്പ് ശക്തമാക്കാനും പൈതൃക സംരക്ഷണത്തിനും ഇമാറാത്തിന്റെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും തലമുറകൾ തമ്മിലുള്ള ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഇടങ്ങൾ സൃഷ്ടിക്കുന്നതിനുമായി 2025ൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
ദേശീയ പദ്ധതികൾക്കായുള്ള പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർപേഴ്സൻ ശൈഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനൊപ്പം വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കും. കഴിഞ്ഞ വർഷം ദേശീയ പരിസ്ഥിതി ദിനത്തിൽ 2024ലിനെ പ്രസിഡന്റ് സുസ്ഥിരത വർഷമായി പ്രഖ്യാപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.