മൂന്നുമാസം ദുബൈ പൊലീസിന് 21 ലക്ഷം ഫോൺവിളികൾ
text_fieldsദുബൈ: ഈ വർഷം രണ്ടാം പാദത്തിൽ മൂന്നുമാസ കാലയളവിൽ ദുബൈ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ലഭിച്ചത് 21 ലക്ഷം ഫോൺ വിളികൾ. 97 ശതമാനം ഫോൺ വിളികളും 10 സെക്കൻഡിനകം കൈകാര്യം ചെയ്തതായും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊലീസ് ഓപറേഷൻസ് വകുപ്പിന്റെ പ്രവർത്തന വിലയിരുത്തൽ യോഗത്തിലാണ് കണക്കുകൾ അധികൃതർ പുറത്തുവിട്ടത്. പ്രവർത്തനത്തിന്റെ വിവിധ തലങ്ങൾക്കൊപ്പം യോഗത്തിൽ മുൻ കാലങ്ങളിലെ നിർദേശങ്ങളും തീരുമാനങ്ങളും നടപ്പിലായോ എന്നതും വിലയിരുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ പ്രകടനവുമായി താരതമ്യം ചെയ്ത് നേട്ടങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അസി. കമാൻഡന്റ് മേജർ ജനറൽ ഖലീൽ ഇബ്രാഹീം അൽ മൻസൂരിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. എല്ലാ വകുപ്പുകളും സഹകരണം ശക്തിപ്പെടുത്തണമെന്നും ഇത് ദുബൈ പൊലീസിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അനിവാര്യമാണെന്നും അൽ മൻസൂരി ഉണർത്തി. പൊലീസിന്റെ 901 എന്ന നമ്പറും അടിയന്തര ആവശ്യങ്ങൾക്കുള്ള 999 എന്ന നമ്പറും തമ്മിലെ വ്യത്യാസം പൊതുജനങ്ങൾ തിരിച്ചറിയണമെന്നും അടിയന്തര നമ്പറിലേക്ക് വിളിക്കുന്നതിൽ ശ്രദ്ധ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.