മഹാമാരിക്കെതിരെ 220 ദശലക്ഷം ദിർഹമിന്റെ സഹായവുമായി യു.എ.ഇ
text_fieldsദുബൈ: മഹാമാരിയെ ചെറുക്കാൻ ലോകത്തിന് 220 ദശലക്ഷം ദിർഹം സഹായമൊഴുക്കി യു.എ.ഇ. ഭാവിയിൽ കോവിഡ് പകരാനുള്ള സാധ്യതകൾ ഒഴിവാക്കാനും വകഭേതങ്ങൾ വന്നാൽ ചെറുക്കാനും ലക്ഷ്യമിട്ടാണ് സഹായം പ്രഖ്യാപിച്ചത്. കോവിഡ് പരിശോധന കിറ്റിന്ന് 36 ദശലക്ഷം ദിർഹം, പ്രത്യേക ചികിത്സ ഉപകരണങ്ങൾക്കും പ്രതിരോധ മരുന്നുകൾക്കും 183 ദശലക്ഷം ദിർഹം എന്നിങ്ങനെയാണ് തുക സംഭാവന നൽകുക. യു.എസ്, ജെർമനി, ബെലൈസ്, ഇൻഡോനേഷ്യ, സെനഗൽ എന്നീ രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ആഗോള കോവിഡ് ഉച്ചകോടിയിൽ യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കോവിഡിനെ പോലെ മനുഷ്യരാശിയെ ഭീഷണിപ്പെടുത്തുന്ന മഹാമാരികളെ നേരിടാൻ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങൾക്ക് യു.എ.ഇയുടെ നിരന്തര പിന്തുണയുണ്ടായിരിക്കുമെന്ന് റീം അൽ ഹാഷിമി അറിയിച്ചു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ നടപ്പാക്കുന്ന പദ്ധതികളെ യു.എ.ഇ പിന്തുണക്കും.
മഹാമാരിയുടെ ആഘാതം കുറക്കുന്നതിന് യു.എ.ഇ നടപ്പാക്കിയ പദ്ധതികൾ ഫലപ്രദമായിരുന്നു. നിർമിത ബുദ്ധി അടക്കമുള്ളവ മഹമാരിയെ പ്രതിരോധിക്കാൻ ഉപയോഗപ്പെടുത്തണം. ഐക്യത്തോടെ പോരാടണം. മഹാമാരിക്കെതിരായ ആഗോള പോരാട്ടത്തിൽ തുടക്കം മുതൽ യു.എ.ഇ മുന്നിലുണ്ടായിരുന്നു. 135 രാജ്യങ്ങളിലേക്ക് മെഡിക്കൽ സഹായം എത്തിച്ചു. വികസ്വര രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നതിന് 50 ദശലക്ഷം ഡോളർ സംഭാവന നൽകി. ഒമ്പത് രാജ്യങ്ങളിൽ ഫീൽഡ് ആശുപത്രികൾ സ്ഥാപിക്കുന്നതിന് സഹായം നൽകി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ അംഗമെന്ന നിലയിൽ, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉദ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് ആഗോള ആരോഗ്യ മേഖലകൾക്ക് സംഭാവനകൾ എത്തിക്കുന്നുവെന്നും റീം അൽ ഹാഷ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.