യു.എ.ഇ പൗരന്മാരുടെ 221 കോടി ദിർഹമിെൻറ ഭവനവായ്പ എഴുതിത്തള്ളി
text_fieldsഅബൂദബി: ഈദുൽ ഫിത്ർ പ്രമാണിച്ച് യു.എ.ഇ പൗരൻമാരുടെ 221 കോടി ദിർഹമിെൻറ ഭവനവായ്പ അബൂദബി സർക്കാർ എഴുതിത്തള്ളി.യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശത്തെ തുടർന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 1658 ഇമറാത്തികൾക്ക് ഇതിെൻറ ഗുണം ലഭിക്കും.
അബൂദബിയിലെ ഇമറാത്തി പൗരന്മാർക്ക് കൂടുതൽ ഭവനവായ്പ അനുവദിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അറിയിച്ചു. സർവിസിൽനിന്ന് വിരമിച്ചവരെയും വായ്പ നിലനിൽക്കെ മരിച്ചവരുടെ കുടുംബങ്ങളെയുമാണ് വായ്പ തിരിച്ചടവിൽനിന്ന് ഒഴിവാക്കിയത്. യു.എ.ഇയിൽ 15 വർഷം ജോലി ചെയ്തിരുന്നവരും 10 വർഷമോ അതിൽ കൂടുതലോ താമസിച്ചിട്ടുള്ളവരുമായ ഇമറാത്തികൾക്ക് സർക്കാറിൽനിന്ന് ഭവനനിർമാണത്തിന് സ്ഥലമോ അല്ലെങ്കിൽ വീടോ വാങ്ങുന്നതിന് അഞ്ചു ലക്ഷം മുതൽ 22.5 ലക്ഷം ദിർഹം വരെ വായ്പകൾക്ക് അപേക്ഷിക്കാം. ഈ വായ്പ തുക അവരുടെ ജീവിതകാലത്ത് എപ്പോഴെങ്കിലും തിരിച്ചടച്ചാൽ മതി.
ഭരണാധികാരിയുടെ പ്രത്യേക നിർദേശപ്രകാരം ചിലപ്പോൾ ഇത് ഒഴിവാക്കാം. സാധാരണഗതിയിൽ സർവിസിൽനിന്ന് വിരമിച്ചവരെയും കുറഞ്ഞ വരുമാനമുള്ള ഇമാറാത്തികളെയുമാണ് വായ്പ തിരിച്ചടക്കുന്നതിൽനിന്ന് ഒഴിവാക്കുന്നത്. ശൈഖ് സായിദ് ഭവനവായ്പ പദ്ധതിക്കു പുറമെ അബൂദബി ഹൗസിങ് അതോറിറ്റിയുമാണ് സ്വദേശികൾക്ക് ഭവനവായ്പ പദ്ധതി അബൂദബിയിൽ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.