ദുബൈക്ക് സൗന്ദര്യം പകർന്ന് 23 വർഷം; മുഹമ്മദ് കുട്ടി മടങ്ങുന്നു
text_fieldsദുബൈ: ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച ലോക നഗരമെന്ന ഖ്യാതിയിലേക്ക് വളരുകയാണ് ദുബൈ. ഏതൊരു നഗരത്തെയും മികച്ചതാക്കുന്നതിൽ പ്രധാനമാണ് ശുചിത്വം. ദുബൈയുടെ സൗന്ദര്യം നിലനിർത്തുന്ന സാധാരണക്കാരായ ശുചീകരണ തൊഴിലാളികളുടെ വലിയ ശൃംഖല തന്നെ നഗരത്തിലുണ്ട്. അക്കൂട്ടത്തിലെ ഒരാളാണ് മലപ്പുറം കോട്ടക്കല്‍ പറങ്ങിമൂച്ചിക്കൽ മുഹമ്മദ് കുട്ടി.
നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നായ അബൂഹൈല്‍ സെന്ററിനടുത്ത് ശുചിത്വം ഉറപ്പാക്കാൻ ഇദ്ദേഹത്തെയാണ് കഴിഞ്ഞ രണ്ട് ദശാബ്ദമായി നിയോഗിച്ചിരിക്കുന്നത്. ഒരിക്കൽ പോലും തന്റെ ജോലിയിൽ ഒരു പരാതിക്കും ഇടവരുത്താത്ത സേവനമാണ് അദ്ദേഹം നിർവഹിച്ചത്.
അതോടൊപ്പം അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വവുമാണ്. ദുബൈ നഗരസഭയിലെ ഏറ്റവും മികച്ച ശുചീകരണ തൊഴിലാളിക്കുള്ള പുരസ്കാരം ആറു തവണയാണ് മുഹമ്മദ് കുട്ടിക്ക് ലഭിച്ചത്.
ഏഴാം ക്ലാസ് പഠനം കഴിഞ്ഞ് നാട്ടിൽ സാധാരണ ജോലികൾ ചെയ്ത് കഴിയുന്നതിനിടെ, ജീവിതം കരുപ്പിടിപ്പിക്കാന്‍ ഗള്‍ഫിലേക്ക് വണ്ടി കയറിയതാണ്. 2002 മുതല്‍ നഗരസഭയുടെ സ്ഥിരം ജോലിക്കാരനാണ്. ഏല്‍പ്പിച്ച ജോലി ആത്മാര്‍ഥമായി ചെയ്തപ്പോൾ ആഗ്രഹിക്കാതെ തന്നെ മുഹമ്മദ്കുട്ടിയെ തേടി അംഗീകാരങ്ങൾ എത്തിച്ചേരുകയായിരുന്നു.
എന്നാലിപ്പോൾ സ്വയം തീരുമാനിച്ച് ദുബൈയോട് വിടപറയുകയാണ്. ശനിയാഴ്ചയായിരുന്നു അവസാന തൊഴിൽദിനം. മേലുദ്യോഗസ്ഥരും മറ്റും, കഴിയുമെങ്കിൽ ജോലിയിൽ തുടരണമെന്ന് സ്നേഹത്തോടെ ആവശ്യപ്പെട്ടിട്ടും തീരുമാനം മാറ്റാൻ കഴിയാത്ത സാഹചര്യമായതിനാൽ മടങ്ങാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
മൂന്നുമാസം മുമ്പ് പക്ഷാഘാതത്തിന്റെ രൂപത്തിൽ തേടിയെത്തിയ പ്രയാസങ്ങളാണ് മുഹമ്മദ് കുട്ടിയെ മടങ്ങാൻ നിർബന്ധിക്കുന്നത്. ആദ്യഘട്ടത്തിൽ റാശിദ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് നാട്ടിലേക്ക് പോയി ചികിത്സിച്ചു. ബാധ്യതകൾ പലതുമുള്ളതിനാൽ വീണ്ടും ജോലിക്ക് എത്തിച്ചേരുകയായിരുന്നു.
എന്നാൽ, തൊഴിലിൽ തുടരാനാകാൻ സാധിക്കില്ലെന്ന് അൽപ ദിവസത്തിനകം തന്നെ തിരിച്ചറിഞ്ഞു. നാട്ടിലേക്ക് പോയി ഫിസിയോ തെറപ്പി ചെയ്ത് ആരോഗ്യം വീണ്ടെടുക്കൽ മാത്രമാണ് രക്ഷ. അതിനിടയിൽ ഡിസംബറിൽ മകളുടെ കല്യാണമുണ്ട്. അത് കഴിഞ്ഞാൽ നാട്ടിൽ തന്നെ ചെറിയ ജോലികളെന്തെങ്കിലും കണ്ടെത്തുകയും വേണം.
മുനിസിപ്പാലിറ്റിയിൽ ജോലി തുടങ്ങിയ 2002 കാലത്തെ ദുബൈ ഏറെ മാറിപ്പോയെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അക്കാലത്ത് കെട്ടിടങ്ങൾ കുറവായിരുന്നു. ചിന്തിക്കാൻ പറ്റാത്ത വളർച്ചയാണ് നഗരം കൈവരിച്ചത്. അതിന് ചെറിയ പങ്കുവഹിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്.
മേലുദ്യോഗസ്ഥരെല്ലാം വളരെ നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. മുദീറുമാർ വന്ന് അഭിനന്ദിക്കുമായിരുന്നു. ജോലിയിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാ സംവിധാനങ്ങളും ഒരുക്കാനും അധികൃതർ ശ്രദ്ധിച്ചിരുന്നു -ദുബൈയെക്കുറിച്ച് പറയാൻ മുഹമ്മദ് കുട്ടിക്ക് നല്ലത് മാത്രം.
പ്രവാസ ജീവിതത്തിലൂടെ 800 സ്ക്വയർ ഫീറ്റിൽ ചെറിയൊരു വീട് വെച്ചതാണ് സമ്പാദ്യമെന്ന് പറയാനുള്ളത്. അതോടൊപ്പം രണ്ട് മക്കളെയും പോറ്റിവളർത്തി ഒരു നിലയിൽ എത്തിക്കാനായി. മൂത്തമകൻ ഇർഷാദ് യു.എ.ഇയിൽ അൽ ഐനിൽ ജോലി ചെയ്യുകയാണ്. മകൾ മുഫീദ പർവീന്റെ വിവാഹമാണ് ഡിസംബറിലേക്ക് നിശ്ചയിച്ചിട്ടുള്ളത്. പിതാവ് മൊയ്തീൻ കുട്ടി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സുബൈദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.