ദുബൈ പൊലീസ് ഉദ്യോഗസ്ഥർക്ക് 246 അപ്പാർട്ട്മെന്റുകൾ
text_fieldsഎമിറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി നിർമിക്കുന്ന
ഭവനങ്ങളുടെ രൂപരേഖ
ദുബൈ: എമിറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് താമസത്തിനായി 246 അപ്പാർട്ട്മെന്റുകൾ കൂടി നിർമിക്കും. അൽഐൻ റോഡിനോട് ചേർന്ന് ഉമ്മുൽ ദമാം ഭാഗത്താണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ആറു കെട്ടിടങ്ങളിലായി 246 അപ്പാർട്ട്മെന്റ് നിർമിക്കുക. ഇതിൽ 71 ശതമാനത്തിൽ മൂന്ന് ബെഡ്റൂമുകളും 29 ശതമാനത്തിൽ നാല് ബെഡ്റൂമുകളും ഉണ്ടാകുമെന്ന് ജനറൽ കമാൻഡ് ഓഫ് പൊലീസിന്റെ അസറ്റ് ആൻഡ് ഫെസിലിറ്റീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഫൈസൽ അൽ തമീമി പറഞ്ഞു. അടുത്തവർഷം അവസാന പാദത്തോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നാല് കളിസ്ഥലങ്ങൾ, രണ്ട് കായിക മൈതാനങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഓരോ സ്പോർട്സ് സെന്ററുകൾ, വലിയ സ്റ്റോറുകൾ, ഹരിത ഇടങ്ങൾ, പൂന്തോങ്ങൾ, ഓട്ടത്തിനും സൈക്ലിങ്ങിനുമായുള്ള ട്രാക്കുകൾ എന്നിവയും നിർമിക്കും. മൂന്നാംഘട്ടം വലിയ രീതിയിലായിരിക്കും ആരംഭിക്കുക. ഇതിൽ 146 ഉദ്യോഗസ്ഥ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിൽ 300 വില്ലകൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. പൊലീസ് സേനയുടെ ഭവന പദ്ധതിക്കായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാശിദ് ആൽ മക്തൂം 200 കോടി ദിർഹമിന്റെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.