ഷാർജയിൽ ഒക്ടോബർ മുതൽ പ്ലാസ്റ്റിക് കാരിബാഗിന് 25 ഫിൽസ്
text_fieldsഷാർജ: ഷാർജയിൽ ഒക്ടോബർ ഒന്നുമുതൽ പ്ലാസ്റ്റിക് കാരിബാഗിന് ഉപഭോക്താക്കളിൽനിന്ന് 25 ഫിൽസ് വീതം ഇൗടാക്കാമെന്ന് നിർദേശം.
2024 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ പൂർണമായി നിരോധിക്കുന്നതിന് മുന്നോടിയായാണ് പുതിയ പരിഷ്കരണം. ഷാർജ എക്സിക്യൂട്ടിവ് കൗൺസിലിന്‍റേതാണ് തീരുമാനം. ഇത്തരം ഉൽപന്നങ്ങളുടെ നിർമാണവും വിതരണവും ഇറക്കുമതിയും ഈ ഉത്തരവിന്‍റെ പരിധിയിൽപെടും. ദുബൈക്കും അബൂദബിക്കും പിന്നാലെയാണ് ഷാർജയും പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങുന്നത്.
ഉപഭോക്താക്കളെ ബോധവത്കരിക്കാനും ഉപയോഗം ഗണ്യമായി കുറച്ചുകൊണ്ടുവരാനും നടപടി സ്വീകരിക്കും. നിരോധനം പൂർണമായി നടപ്പാക്കുന്നതോടെ ഒന്നിലധികം തവണ ഉപയോഗിക്കാൻ പറ്റുന്ന പ്രകൃതിസൗഹൃദ ബദൽ ഉൽപന്നങ്ങളിലേക്ക് സ്ഥാപനങ്ങൾ മാറേണ്ടിവരും.
പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണത്തിൽനിന്ന് പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന കാരിബാഗുകൾക്ക് മുനിസിപ്പൽ അഫയേഴ്‌സ് വിഭാഗം നിഷ്കർഷിക്കുന്ന ഗുണനിലവാരം ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ജൂലൈ ഒന്നുമുതൽ ദുബൈയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന കാരിബാഗുകൾക്ക് 25 ഫിൽസ് ഈടാക്കാൻ തീരുമാനിച്ചിരുന്നു. റീട്ടെയില്‍, ടെക്‌സ്റ്റൈല്‍, ഇലക്ട്രോണിക് സ്‌റ്റോറുകള്‍, റസ്‌റ്റാറന്‍റുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ കൗണ്ടറുകളില്‍ ഉപയോഗിക്കുന്ന ബാഗുകള്‍ക്കാണ് 25 ഫില്‍സ് ഈടാക്കുന്നത്. ഇ-കോമേഴ്‌സ് ഡെലിവറികള്‍ക്കും താരിഫ് ബാധകമാണ്. പൂർണമായും പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നതിന്‍റെ മുന്നോടിയായാണ് ദുബൈയിലും 25 ഫിൽസ് ഈടാക്കുന്നത്. ഇതേ വഴിയാണ് ഷാർജ പിന്തുടരുന്നത്.
അബൂദബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ജൂണ്‍ ഒന്നുമുതല്‍ നിരോധിച്ചിരുന്നു. 2024ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റിറോഫോം പ്ലേറ്റുകളും കണ്ടെയ്‌നറുകളും നിരോധിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.