ഈ വർഷം പിടികൂടിയത് 25 ലക്ഷം വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍
text_fieldsഅബൂദബി: ഈ വർഷം ഇതുവരെ 25 ലക്ഷം വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍, അല്‍ ഐന്‍ എന്നിവിടങ്ങളിലെ 20 ഇടങ്ങളില്‍ അല്‍ ഫുതൈം ഓട്ടോമോട്ടിവ് നടത്തിയ പരിശോധനയിലാണ് ഏകദേശം 74.6 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍ പിടികൂടിയത്. 28.1 ലക്ഷം ദിര്‍ഹമിന്റെ വ്യാജ ഓയില്‍ ഫില്‍റ്ററുകള്‍, 85,000 ദിര്‍ഹമിന്റെ വ്യാജ കാബിന് എ.സി ഫില്‍റ്ററുകള്‍ എന്നിവയടക്കമുള്ള സ്പെയര്‍ പാര്‍ട്സുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്. 2021നെ അപേക്ഷിച്ച് 116 ശതമാനം വര്‍ധനയാണ് ഈ വർഷം വ്യാജ സ്പെയര്‍ പാര്‍ട്സ് പിടിച്ചെടുക്കലില്‍ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
വാഹനങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ അപകടം ചെയ്യുന്നതാണ് വ്യാജ സ്പെയര്‍ പാര്ട്സുകളെന്ന് അല്‍ ഫുതൈം ഓട്ടോമോട്ടിവ് വ്യക്തമാക്കി.
വ്യാജ സ്പെയര്‍ പാര്‍ട്സ് വില്പന തടയാനായി പരിശോധനകള്‍, സമഗ്ര പരിശീലന പരിപാടികള്‍, ബോധവത്കരണ കാമ്പയിനുകള്‍ എന്നിവ നടത്തിവരുകയാണെന്ന് അല്‍ ഫുതൈം ഓട്ടോമോട്ടിവ് അറിയിച്ചു. വ്യാജ സ്പെയര്‍ പാര്‍ട്സ് വില്പന തടയുന്നതിനായി ഏഴ് എമിറേറ്റുകളില്‍നിന്നായി 414 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 2024ല്‍ പരിശീലനം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.
2023ന്റെ ആദ്യ പകുതിയില്‍ സാമ്പത്തിക മന്ത്രാലയം 4444 പരിശോധനകള്‍ നടത്തുകയും ഇതില്‍ വാണിജ്യ തട്ടിപ്പും ഉല്പന്ന അനുകരണവും അടക്കമുള്ളവയായി 620 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. 2024ന്റെ മൂന്നാം പാദത്തില്‍ മാത്രം അല്‍ ഫുതൈം ഓട്ടോമോട്ടിവ് അഞ്ച് പരിശോധനകളിൽനിന്നായി 20 ലക്ഷം ദിര്‍ഹമിന്റെ വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍ പിടിച്ചെടുത്തു.
ഒറിജിനല്‍ സ്പെയര്‍ പാര്ട്സുകളാണെന്ന് തോന്നുമെങ്കിലും സുരക്ഷക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന ഗുണമേന്മയില്ലാത്തവയാണ് അവയെന്നും അല്‍ ഫുതൈം ഓട്ടോമോട്ടിവ് വൈസ് പ്രസിഡന്റ് അന്റോയിന്‍ ബാര്തസ് പറഞ്ഞു. അംഗീകൃത വ്യാപാരികളില്‍നിന്ന് മാത്രമേ സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങാവൂ എന്നും വാങ്ങിയതിന്റെ തെളിവായി തങ്ങളുടെ പേരില്‍ വാറ്റ് ഇന്‍വോയ്സുകള്‍ വാങ്ങിവെക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.