രണ്ടരപ്പതിറ്റാണ്ടിന്‍റെ പ്രവാസം; സഈദ് സാഹിബ് ആറളത്തേക്ക്
text_fieldsദുബൈ: 28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ദുബൈ മുഹൈസിനക്കാരുടെ 'സഈദ് സാഹിബ്' എന്ന സഈദ് ആറളം നാട്ടിലേക്ക് മടങ്ങുന്നു. 15 വർഷം ദുബൈ മുനിസിപ്പാലിറ്റിയിലും 13 വർഷം ശൈഖ് മുഹമ്മദ് ചാരിറ്റി ഫൗണ്ടേഷനിലും സേവനമനുഷ്ഠിച്ചാണ് മടക്കം. ചാരിറ്റി ഡിപ്പാർട്മെന്‍റിലെ ജോലിയെ അന്വർഥമാക്കുമാറ്, മുഹൈസിന പ്രദേശത്തെ ഒട്ടുമിക്ക ജീവകാരുണ്യ പ്രവർത്തനങ്ങളിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചാരിതാർഥ്യത്തിലാണ് മടക്കം. സമസൃഷ്ടികളുടെ കണ്ണീരൊപ്പാനും അവശത അനുഭവിക്കുന്ന ജനങ്ങളോട് ചേർന്നുനിൽക്കാനും ഈ കാലയളവിൽ കഴിഞ്ഞതായി അദ്ദേഹം ഓർമിക്കുന്നു. അർപ്പണ ബോധവും ത്യാഗസന്നദ്ധതയുംകൊണ്ട് മറ്റുള്ളവർക്ക് മാതൃകയാക്കിയാണ് പ്രവാസത്തിന് വിരാമം കുറിക്കുന്നത്.
കുറ്റ്യാടി ഇസ്‌ലാമിയ കോളജിലെ പഠനം കഴിഞ്ഞ് നാട്ടിലെ എട്ടുവർഷത്തെ അധ്യാപന ജീവിതവും കഴിഞ്ഞാണ്, ഖുർആൻ മനഃപാഠമാക്കിയ സഈദ് സാഹിബ് പ്രവാസിയാകുന്നത്. അടുത്ത ബന്ധുവായ പെൺകുട്ടിയുടെ വിവാഹത്തിന് തന്‍റെ അധ്യാപന ജോലി ഒരുലക്ഷം രൂപക്ക് വേറൊരാൾക്ക് കൈമാറിക്കൊണ്ടാണ് അദ്ദേഹം പ്രവാസം തിരഞ്ഞെടുത്തത്. ഈ കാലയളവിൽ പ്രദേശത്തെ മലയാളികൾക്ക് അറിവ് പറഞ്ഞുകൊടുക്കുകയും വേദഗ്രന്ഥം പഠിപ്പിക്കുകയും ചെയ്തുവെന്നത് മധുരമുള്ള ഓർമയായി മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് അദ്ദേഹം മടങ്ങുന്നത്.
1994ൽ നാലുദിവസത്തെ യാത്രക്കുശേഷം ബോംബെയിലെത്തി അവിടെ നിന്നാണ് ദുബൈയിലേക്ക് വിമാനം കയറുന്നത്. നാല് വർഷത്തെ പ്രവാസം ആഗ്രഹിച്ച് തുടങ്ങിയ ഗൾഫ് ജീവിതം രണ്ടര പതിറ്റാണ്ടും പിന്നിട്ടത് വിസ്മയകരമാണ്. മുനിസിപ്പാലിറ്റിയിലെ ജോലിക്കാലത്ത് സബീൽ പലസുമായുണ്ടായിരുന്ന ബന്ധം മൂലം ഭരണാധികാരികളെ നേരിട്ടുകാണാനും അഭിവാദ്യമർപ്പിക്കാനും കഴിഞ്ഞത് മായാത്ത, അഭിമാനമുള്ള ഓർമയായി ഉള്ളിൽ കൊണ്ടുനടക്കുന്നു. ഭരണാധികാരികളുടെ ജനക്ഷേമ തല്പരതയും ദയാവായ്‌പും അദ്ദേഹത്തിന്‍റെ മനസ്സിനെ പുളകം കൊള്ളിച്ചിട്ടുണ്ട്. നാട്ടിൽ പോയി ചെറിയ രീതിയിൽ കൃഷി നടത്തിയും നാട്ടുകാർക്ക് വിദ്യ പകർന്നുനൽകിയും ഖുർആൻ ക്ലാസുമൊക്കെയായി ശിഷ്ടജീവിതവും വിശ്രമരഹിതമാക്കാനുള്ള ശ്രമത്തിനുവേണ്ടിയാണ് മടക്കം.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സും രാജ്യത്തെ നിയമമനുസരിച്ചുള്ള ജീവിതവും സഹായം ചെയ്യാനുള്ള മാനസിക ഒരുക്കവും ഉണ്ടെങ്കിൽ പ്രവാസം വിജയമാക്കാമെന്ന സന്ദേശമാണ് അദ്ദേഹത്തിന് യുവസമൂഹത്തിനെ ഓർമിപ്പിക്കാനുള്ളത്. കൂടാതെ വരുമാനത്തിന്‍റെ 20 ശതമാനമെങ്കിലും സമ്പാദ്യം ഉറപ്പാക്കണമെന്നും അദ്ദേഹം പ്രവാസ സമൂഹത്തെ ഉദ്ബോധിപ്പിക്കുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബജീവിതം സന്തോഷകരമാണ്. മൂത്തമകന് താൻ ജോലി ചെയ്ത ശൈഖ് മുഹമ്മദ് ചാരിറ്റി ഫൗണ്ടേഷനിൽതന്നെ ജോലി ശരിയാക്കിക്കൊടുത്താണ് സ്ഥാപനമേധാവികൾ അവരുടെ സ്നേഹം പ്രകടിപ്പിച്ചത്. മകനും മകളും വിവാഹിതരായി. ഇളയ മകൾ പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.