ഗസ്സയിൽനിന്ന് ചികിത്സക്കായി 27 പേർ കൂടി എത്തി
text_fieldsദുബൈ: ഗസ്സയിൽ ഇസ്രായേൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികളും അർബുദ ബാധിതരും ഉൾപ്പെടെ 27 ഫലസ്തീൻ പൗരന്മാർ കൂടി ചികിത്സക്കായി യു.എ.ഇയിലെത്തി. ഗസ്സയിൽ നിന്ന് ചികിത്സക്കായി യു.എ.ഇയിലെത്തുന്ന 15ാമത്തെ സംഘമാണിത്. 27 രോഗികളും 60 കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ചയാണ് അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. തുടർന്ന് അടിയന്തര ചികിത്സ ആവശ്യമുള്ളവരെയും ഗുരുതരമായി പരിക്കേറ്റവരെയും ചികിത്സക്കായി ആശുപത്രിയിലേക്കും മറ്റ് രോഗികളെയും ബന്ധുക്കളെയും എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലെ വീടുകളിലേക്കും മാറ്റി.
ഗസ്സ മുനമ്പിൽ യു.എ.ഇ നിർമിച്ച ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവരാണ് തുടർ ചികിത്സക്കായി രാജ്യത്തേക്ക് എത്തുന്നത്. ഇവർക്ക് വേണ്ട മുഴുവൻ സൗകര്യങ്ങളും സൗജന്യമായി സർക്കാർ ചെയ്തു വരുന്നുണ്ട്. ഗസ്സയിലേക്ക് സഹായമെത്തിക്കാനായി ‘ഗാലന്റ് നൈറ്റ് 3’ എന്ന പേരിൽ സംരംഭത്തിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുടക്കമിട്ടിരുന്നു. ഇതുകൂടാതെ സമുദ്ര ഇടനാഴി വഴിയും ആകാശ മാർഗവും സഹായങ്ങൾ എത്തിച്ചുവരുന്നുണ്ട്. ഗസ്സയിൽ തന്നെ ചികിത്സ ലഭ്യമാക്കുന്നതിനായി 150 കിടക്കകൾ ഉൾക്കൊള്ളുന്ന ഫ്ലോട്ടിങ് ആശുപത്രിയും യു.എ.ഇ നിർമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.