ഒരാഴ്ചക്കാലം ദുബൈയിൽ 28 കായിക പരിപാടികൾ
text_fieldsദുബൈ: എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ അടുത്ത ഒരാഴ്ചക്കിടെ ആറ് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ 28 വിവിധ കായിക മത്സരങ്ങൾ നടക്കും. ദുബൈ മസിൽ ഷോ, യുനൈറ്റഡ് ഇന്റർനാഷനൽ ബേസ്ബാൾ ലീഗ്, ദുബൈ ഇന്റർനാഷനൽ പാരച്യൂട്ടിങ് ചാമ്പ്യൻഷിപ്, ജൂനിയേഴ്സ് ടെന്നിസ് ചാമ്പ്യൻഷിപ്, ഇന്റർനാഷനൽ റിഥമിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്, സ്പാർട്ടൻ ചലഞ്ച്, ദുബൈ റണ്ണിങ് ചലഞ്ച്, എപ്പി ഇന്റർനാഷനൽ ഫെൻസിങ് ചാമ്പ്യൻഷിപ് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടത്. ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ചും യു.എ.ഇയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിലുമാണ് ഈ പരിപാടികൾ അരങ്ങേറുന്നത്.
അന്താരാഷ്ട്ര ഇവന്റുകളിൽ ദുബൈ മസിൽ ഷോയാണ് ശ്രദ്ധേയമായത്. നവംബർ 24 മുതൽ 26 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണിത് അരങ്ങേറുന്നത്. യുനൈറ്റഡ് ഇന്റർനാഷനൽ ബേസ്ബാൾ ലീഗ് മിഡിൽ ഈസ്റ്റ്- ഇന്ത്യ മേഖലയിലെ ആദ്യ പ്രഫഷനൽ ബേസ്ബാൾ ലീഗാണ്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഉഗാണ്ട, ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ കളിക്കാരാണ് പങ്കെടുക്കുന്നത്. നവംബർ 24 വെള്ളിയാഴ്ചയും 25 ശനിയാഴ്ചയും ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ദുബൈ ഇന്റർനാഷനൽ പാരച്യൂട്ടിങ് ചാമ്പ്യൻഷിപ്പിന്റെ ഏഴാമത് എഡിഷൻ ബുധനാഴ്ച ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 400ലധികം പുരുഷ-വനിത താരങ്ങൾ പങ്കെടുക്കുന്ന ജൂനിയേഴ്സ് ടെന്നിസ് ഇന്റർനാഷനൽ ചാമ്പ്യൻഷിപ് ദുബൈ ടെന്നിസ് സ്റ്റേഡിയത്തിലും നടക്കുന്നുണ്ട്. വിവിധ കായിക മത്സരങ്ങൾക്ക് ഒരേ സമയം വേദിയാകുന്ന ദുബൈയുടെ ഈ മേഖലയിലെ വളർച്ചയെയാണ് അടയാളപ്പെടുത്തുന്നത്. ദുബൈ ഫിറ്റ്നസ് ചലഞ്ച് കൂടി നടക്കുന്ന സാഹചര്യത്തിൽ കായിക മേഖലയിൽ വലിയ ഉണർവാണ് ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.