അൽ ഗുവൈഫത്ത് അതിർത്തിയിൽ പരിശോധനക്ക് 30 മിനിറ്റ് മതി
text_fieldsഅബൂദബി: കര അതിർത്തികൾവഴി യു.എ.ഇയിലേക്ക് വരുന്ന എല്ലാ ഭക്ഷണസാധനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും പൂർത്തീകരിക്കാൻ അബൂദബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി കർശനമായ നിയന്ത്രണസംവിധാനം നടപ്പാക്കുന്നു. സൗദിയിൽനിന്ന് അബൂദബിയിലേക്കുള്ള അൽ ഗുവൈഫത്ത് അതിർത്തിയിലൂടെ എത്തുന്ന ഭക്ഷ്യവസ്തുക്കൾ 30 മിനിറ്റിനകം പരിശോധിക്കും. ആരോഗ്യപരമായ എല്ലാ അപകടസാധ്യതകളും മൂന്നിൽകണ്ടുള്ള കർശന പരിശോധനാ സംവിധാനമാണ് അബൂദബി എമിറേറ്റിലെ തുറമുഖങ്ങളിലൂടെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധനയിലും നടപ്പാക്കുക.
അതിർത്തികളിലും തുറമുഖങ്ങളിലും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങൾ ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും പരിശോധിക്കുന്നതിന് ആവശ്യമായ നിയമങ്ങളിൽ ഭേദഗതിവരുത്തിയാണ് കർശന നടപടി നടപ്പാക്കുന്നത്. ഔദ്യോഗികരേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ആധികാരികത പരിശോധനയിൽ ഉറപ്പുവരുത്തും. അംഗീകൃത സ്റ്റാൻഡേർഡ് സവിശേഷതകളുമായി പൊരുത്തപ്പെടുംവിധം ഇറക്കുമതിചെയ്തവയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കും. കര, കടൽ, വ്യോമ അതിർത്തി ഔട്ട്ലെറ്റുകളിൽ നിയന്ത്രണം കർശനമാക്കാനുള്ള ഉത്തരവാദിത്തത്തിൽ മുൻവിധികളില്ലാതെ ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനുമുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലും അതോറിറ്റി ശ്രദ്ധാലുവാണെന്നും അധികൃതർ പറഞ്ഞു.
അതിർത്തികളിലൂടെ വരുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധനക്ക് ഇൻസ്പെക്ടർമാർ വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കൽ, ഭക്ഷ്യപരിശോധനാ പ്ലാറ്റ്ഫോമുകൾ ഹാൻഡ് സാനിറ്റൈസർ ഉൾപ്പെടെയുള്ള അണുനശീകരണ പ്രവർത്തനംപോലുള്ള മുൻകരുതൽ പ്രതിരോധനടപടികൾ സ്വീകരിക്കുന്നതായും അതോറിറ്റി സ്ഥിരീകരിച്ചു. അതിർത്തികടന്നുള്ള ഭക്ഷ്യകയറ്റുമതിയുടെ സുരക്ഷയും അണുനശീകരണവും അധികൃതർ ഉറപ്പാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.