ആദ്യ പാദം ദുബൈയിൽ നിക്ഷേപമിറക്കിയത് 30 പുതിയ സ്റ്റാർട്ടപ്പുകൾ
text_fieldsദുബൈ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 30 പുതിയ സ്റ്റാർട്ടപ്പ് കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കാൻകഴിഞ്ഞതായി ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമി അവകാശപ്പെട്ടു.
ദുബൈ ചേംബറിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകളിൽ ഒന്നാണ് ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമി. സുസ്ഥിര സാമ്പത്തിക വികസനം ലക്ഷ്യംവെക്കുന്ന ദുബൈയുടെ ഡി 33 അജണ്ടയെ പിന്തുണക്കുന്നതിനും എമിറേറ്റിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി നടത്തിയ ശ്രമഫലമാണ് ഈ നേട്ടമെന്നും ചേംബർ വ്യക്തമാക്കി.
ഡിജിറ്റൽ സാമ്പത്തിക രംഗത്തെ പ്രത്യേക ഏരിയകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്വകാര്യ കമ്പനികൾക്കായി ചേംബർ 10 വർക്ഷോപ്പ് പരമ്പരകളാണ് സംഘടിപ്പിച്ചത്. 3ഡി പ്രിന്റിങ്, സോഷ്യൽ മീഡിയ, ഇ-കോമേഴ്സ്, വിഡിയോ ഗെയിംസ്, ഫിനാൻഷ്യൽ ടെക്നോളജി, ക്രിപ്റ്റോ കറൻസി, ഹെൽത്ത് ടെക്, നിർമിത ബുദ്ധി, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകളായിരുന്നു വർക്ഷോപ്പുകളിൽ നടന്നത്. കൂടാതെ ഡിജിറ്റൽ ബിസിനസ് കമ്യൂണിറ്റിയിലെ പ്രധാന കമ്പനികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പുതിയ സംരംഭങ്ങൾക്കും ചേംബർ ഇക്കാലയളവിൽ തുടക്കമിട്ടിരുന്നു.
വരുംവർഷങ്ങളിൽ 300 പുതിയ ഡിജിറ്റൽ സ്റ്റാർട്ടപ്പുകളെ കൂടി ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളും ചേംബർ നടത്തുന്നുണ്ടെന്ന് നിർമിത ബുദ്ധി, ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥ, റിമോട്ട് വർക് ആപ്ലിക്കേഷൻ മന്ത്രിയും ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമി ചെയർമാനുമായ ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു. ഇതിന്റെ ഭാഗമായി ഒക്ടോബറിൽ ‘എക്സ്പാൻഡ് നോർത്ത് സ്റ്റാർ’ ഉച്ചകോടിക്ക് ചേംബർ ആതിഥ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.