മലയാളം മിഷൻ ലാറ്ററൽ എൻട്രി പരീക്ഷയിൽ പങ്കെടുത്തത് മുന്നൂറോളം പേർ
text_fieldsഷാർജ: മലയാളം മിഷൻ അജ്മാൻ, ഷാർജ ചാപ്റ്ററുകൾ സംയുക്തമായി നടത്തിയ ലാറ്ററൽ എൻട്രിയിൽ മുന്നൂറോളം പേർ പങ്കെടുത്തു. മലയാളം മിഷൻ കോഴ്സുകൾ പൂർത്തിയാക്കുന്നതിനുള്ള ദൈർഘ്യം കണക്കിലെടുത്ത്, പ്രായത്തെ അടിസ്ഥാനപ്പെടുത്തിയും, മലയാള ഭാഷയിലെ പ്രാവീണ്യം കണക്കിലെടുത്തും പഠിതാക്കൾക്ക് അനുയോജ്യമായ കോഴ്സുകളിലേക്ക് കാലതാമസം കൂടാതെ പ്രവേശനം നൽകുന്ന രീതിയാണ് ലാറ്ററൽ എൻട്രി. ആദ്യത്തെ രണ്ടു കോഴ്സുകൾ രണ്ടു വർഷം വീതവും അടുത്ത രണ്ട് കോഴ്സുകൾ മൂന്നുവർഷം വീതവുമാണ് പഠിക്കേണ്ടത്.
അവസാനത്തെ കോഴ്സ് ആയ നീലക്കുറിഞ്ഞി പാസാകുന്നതോടെ, വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് വിധേയമായ പരീക്ഷക്ക് ഇരിക്കാൻ കുട്ടികൾ അർഹത നേടുകയും ഇതിൽ വിജയിച്ച് മലയാളത്തിൽ പത്താംതരത്തിന് തുല്യമായ സർട്ടിഫിക്കറ്റ് നേടാൻ കഴിയും. സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലേക്കാണ് ലാറ്ററൽ എൻട്രി. മുന്നൂറോളം പേർ പങ്കെടുത്ത ലാറ്ററൽ എൻട്രിയിൽ 95 പേരും അവസാനത്തെ കോഴ്സായ നീലക്കുറിഞ്ഞിയിലേക്ക് പ്രവേശനം തേടി എത്തിയവരായിരുന്നു. അജ്മാൻ ഹാബിറ്റാറ് സ്കൂളിലെ കുട്ടിമലയാളം ക്ലബ് വിദ്യാർഥികളും ലാറ്ററൽ എൻട്രിയിൽ പങ്കാളികളായി. കഴിഞ്ഞ വർഷമാണ് ഹാബിറ്റാറ്റ് സ്കൂളിൽ കുട്ടിമലയാളം ക്ലബ് രൂപവത്കരിച്ചത്.
മാധ്യമ പ്രവർത്തകയും ലോക കേരളസഭ അംഗവുമായ തൻസി ഹാഷിർ ലാറ്ററൽ എൻട്രിയുടെ പൊതുചടങ്ങ് ഉദ്ഘാടനം ചെയ്തു. അജ്മാൻ ചാപ്റ്റർ പ്രസിഡന്റ് സുജി കുമാർ അധ്യക്ഷതവഹിച്ചു. മലയാളം മിഷൻ അക്കാദമിക് കൗൺസിൽ അംഗവും, യു.എ.ഇ കോഓഡിനേറ്ററുമായ കെ.എൽ. ഗോപി, ഷാർജ ചാപ്റ്റർ പ്രസിഡന്റ് ശ്രീകുമാരി ആന്റണി എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ഷാർജ സെക്രട്ടറി രാജേഷ് നിട്ടൂർ സ്വാഗതവും, അജ്മാൻ സെക്രട്ടറി നിഷാദ് പി.കെ നന്ദിയും പറഞ്ഞു.
അജ്മാൻ ചാപ്റ്റർ കൺവീനർ ജോസ് ബേബി, ഷാർജ ചാപ്റ്റർ ജോ. സെക്രട്ടറി അജിത് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെയും, മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ്ങിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഷാർജ ചാപ്റ്റർ ജോയന്റ് സെക്രട്ടറി എ.വി. അജിത്കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.