‘ദീവ’ ഓഹരി ഉടമകൾക്ക് 310കോടി ലാഭവിഹിതം
text_fields‘ദീവ’ ഓഹരി ഉടമകളുടെ ജനറൽ അസംബ്ലി
ദുബൈ: എമിറേറ്റിലെ വൈദ്യുതി, ജല വകുപ്പായ ‘ദീവ’യുടെ ഓഹരി ഉടമകൾക്ക് 310കോടി ലാഭവിഹിതം. കഴിഞ്ഞ വർഷം രണ്ടാം പകുതിയിലെ ലാഭം കണക്കാക്കിയ ശേഷമാണ് വിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചേർന്ന ഓഹരി ഉടമകളുടെ ജനറൽ അസംബ്ലിയാണ് ഇത് ലാഭവിഹിതത്തിന് അംഗീകാരം നൽകിയത്. ‘ദീവ’ ഡയറക്ടർ ബോർഡ് ചെയർമാൻ മതാർ ഹുമൈദ് അൽ തായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ‘ദീവ’ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, 92.2ശതമാനം ഓഹരി ഉടമകൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ദുബൈയിലെ കെംപിൻസ്കി ദി ബൊളീവാർഡ് ഹോട്ടലിലാണ് യോഗം നടന്നത്.
2025 മാർച്ച് 31 എന്ന ഡിവിഡന്റ് റെക്കോർഡ് തീയതിക്ക് മുമ്പ് ‘ദീവ’യുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഓഹരി ഉടമകൾക്ക് അടുത്ത 12 മാസത്തെ ലാഭവിഹിതം 5.0ശതമാനമാണ്. കമ്പനിയുടെ ഐ.പി.ഒ ഓഹരി വില 2.48ദിർഹമായിരുന്നു. കഴിഞ്ഞ വർഷം രണ്ടാം പകുതിയിലെ ആകെ വരുമാനം 3098കോടി ദിർഹമാണ്.
വൈദ്യുതിക്കും വെള്ളത്തിനുമുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുക മാത്രമല്ല, ശുദ്ധവും കൂടുതൽ സുസ്ഥിരവുമായ ഊർജ്ജ ഭാവിയിലേക്കുള്ള പരിവർത്തനത്തിന് വഴിയൊരുക്കുക കൂടിയാണ് ‘ദീവ’യെന്ന് ചെയർമാൻ മതാർ ഹുമൈദ് അൽ തായർ പറഞ്ഞു. കഴിഞ്ഞ വർഷം ‘ദീവ’യുടെ അതിജീവനശേഷി, കാര്യക്ഷമത, ദീർഘവീക്ഷണമുള്ള ചിന്താഗതി എന്നിവ വെളിപ്പെട്ട വർഷമായിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകൾ, സ്മാർട്ട് രീതികൾ, ലോകോത്തര സംവിധാനങ്ങൾ എന്നിവയിലൂടെ പ്രവർത്തനപരവും സാമ്പത്തികവുമായ മികവിലേക്കുയരുന്നത് തുടരാനായി -അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ‘ദീവ’യുടെ വൈദ്യുതി ഉൽപാദന ശേഷി 17,179 മെഗാവാട്ടിൽ എത്തിയെന്നും അതിൽ 3,060 മെഗാവാട്ട് ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.