ദുബൈയിൽ 32 പുത്തൻ കിയോസ്കുകൾ സ്ഥാപിച്ച് ആർ.ടി.എ
text_fieldsദുബൈ: എമിറേറ്റിലെ 21 സ്ഥലങ്ങളിൽ ഏറ്റവും നവീന സംവിധാനങ്ങളുള്ള 32 പുതിയ കിയോസ്കുകൾ സ്ഥാപിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
28 ഡിജിറ്റൽ സേവനങ്ങൾ ദിവസം മുഴുവനും ലഭ്യമാകുന്ന സംവിധാനം ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണ്.
ആധുനിക രൂപകൽപനയിൽ സജ്ജമാക്കിയ കിയോസ്കുകൾ പുതുതലമുറ സാങ്കേതികവിദ്യകൾ സംവിധാനിച്ചതാണ്. ഭിന്നശേഷിക്കാർക്കും പ്രയാസരഹിതമായി ഉപയോഗിക്കാവുന്ന രൂപത്തിലുള്ളതാണിത്.
ആർ.ടി.എയുടെ പ്രധാന കെട്ടിടങ്ങൾ, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും സ്ഥാപിച്ചിരിക്കുന്നത്.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ കിയോസ്കുകൾ ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികൾ ദുബൈയിൽ നടപ്പാക്കാനുള്ള ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗവുമാണിത്. വാഹന ലൈസൻസ്, പാർക്കിങ്, നോൽ കാർഡ്, റവന്യൂ മാനേജ്മെന്റ് സേവനങ്ങൾ തുടങ്ങിയവ കിയോസ്കിൽ ലഭ്യമായിരിക്കും.
ഉപയോക്താക്കൾക്ക് വിവിധതരം പെമെന്റ് ഓപ്ഷനുകളും ഇതിലുണ്ട്. കാഷ്, ക്രെഡിറ്റ് കാർഡ്, സ്മാർട്ട് ഫോണുകളിലെ എൻ.എഫ്.സി വഴി പേമെന്റ് തുടങ്ങിയവ ഉപയോഗപ്പെടുത്താം.
കിയോസ്കുകൾ കാര്യക്ഷമതയുള്ളതും മികച്ച ഗുണനിലവാരമുള്ളതുമായ സേവനങ്ങൾ ഉറപ്പുവരുത്തുമെന്ന് അധികൃതർ പ്രതികരിച്ചു.
സ്മാർട്ട് കിയോസ്കുകൾ അപ്ഗ്രേഡ് ചെയ്യുന്നതിന് ആർ.ടി.എ 2021ലാണ് പദ്ധതി പ്രഖ്യാപിച്ചത്. മികച്ച സേവനം ലഭ്യമാക്കിയതോടെ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽനിന്ന് ലഭിച്ചുവരുന്നത്. കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനം ലഭ്യമാക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.