ദുബൈയിൽ റമദാൻ ആദ്യ 10 ദിവസം 33 യാചകർ പിടിയിൽ
text_fieldsദുബൈയിൽ പിടിയിലായ യാചകർ
ദുബൈ: റമദാൻ മാസത്തിൽ സമൂഹത്തെ ചൂഷണം ചെയ്ത് യാചന നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ദുബൈ പൊലീസ്. എമിറേറ്റിൽ റമദാൻ ആദ്യ 10 ദിവസം 33 യാചകർ പിടിയിലായിട്ടുണ്ട്. വ്യത്യസ്ത രാജ്യക്കാരായ യാചകരാണ് ‘യാചകരില്ലാത്ത അവബോധമുള്ള സമൂഹം’ എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി പിടിയിലായത്. റമദാൻ ആദ്യദിവസം മുതൽ അധികൃതർ പരിശോധന ശക്തമാക്കിയിരുന്നു. ആദ്യദിനത്തിൽ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളുമടക്കം ഒമ്പത് യാചകർ പിടിയിലായിരുന്നു.
വ്യത്യസ്ത രീതികൾ യാചനക്ക് ഉപയോഗിച്ച് വരുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെയും രോഗികളെയും ഭിന്നശേഷിക്കാരെയും ചൂഷണം ചെയ്യുന്ന സംഭവങ്ങളും ഇതിലുൾപ്പെടും. റമദാനോടനുബന്ധിച്ച് എല്ലാ വർഷവും പൊലീസ് യാചന തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാറുണ്ട്. പരമ്പരാഗത രീതിയിൽ പള്ളികൾക്ക് സമീപവും സൂഖുകൾക്ക് സമീപവുമുള്ള യാചനക്കൊപ്പം ഓൺലൈൻ രീതികളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അതോടൊപ്പം വിദേശത്ത് പള്ളി പണിയുന്നതിനും മാനുഷിക കാര്യങ്ങൾക്കും എന്നു പറഞ്ഞുള്ള സംഭാവന ആവശ്യപ്പെടുന്നവരെയും പിടികൂടുന്നുണ്ട്.യു.എ.ഇയിൽ യാചനക്ക് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. ഭിക്ഷാടനം സംഘടിപ്പിക്കുന്നതോ രാജ്യത്തിന് പുറത്തുനിന്ന് ഭിക്ഷ യാചിക്കുന്നതിനായി വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതോ ആയ കുറ്റകൃത്യങ്ങൾക്ക് ആറുമാസം തടവും ഒരുലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.
അനുമതിയില്ലാതെ ഫണ്ട് സ്വരൂപിക്കുന്നവർക്ക് അഞ്ചുലക്ഷം ദിർഹം വരെ പിഴ ചുമത്തുകയും ചെയ്യും. റമദാനിൽ വിശ്വാസികളുടെ അനുകമ്പ ഭിക്ഷാടകർ മുതലെടുക്കുന്നതായും അതിന് അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യാചന ശ്രദ്ധയിൽപ്പെട്ടാൽ 901 അടിയന്തര സഹായ നമ്പറിലോ ദുബൈ പൊലീസ് ആപ്പിലെ പൊലീസ് ഐ വഴിയോ ഇ-ക്രൈം ഓൺലൈൻ പ്ലാറ്റ്ഫോം വഴിയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
യാചകർ മണിക്കൂറിൽ സമ്പാദിക്കുന്നത് 367 ദിർഹം!
ഷാർജ പൊലീസ് പരീക്ഷണമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
ഷാർജ: റമദാനിൽ ജനങ്ങളുടെ അനുകമ്പയെ ചൂഷണം ചെയ്യുന്ന യാചകർക്കെതിരെ മുന്നറിയിപ്പുമായി ഷാർജ പൊലീസ്. അധികൃതർ നടത്തിയ ‘റിയൽ ലൈഫ്’ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്. യാചകന്റെ വേഷമിട്ട് തെരുവിൽ ഒരാളെ ഭിക്ഷാടനത്തിന് നിയോഗിച്ചാണ് പരീക്ഷണം നടത്തിയത്. യാചകർ മണിക്കൂറിൽ 367 ദിർഹം സമ്പാദിക്കുന്നുണ്ടെന്നും പരീക്ഷണത്തിൽ കണ്ടെത്തി.
യാചകർക്ക് ചെവികൊടുക്കരുതെന്നും ഔദ്യോഗിക മാർഗങ്ങൾ വഴി മാത്രമേ പണം സംഭാവന ചെയ്യാവൂ എന്നും പൊലീസ് താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭിക്ഷാടനം കുറ്റകൃത്യമാണെന്നും 80040 അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ച് ഇത്തരക്കാരെ കുറച്ച വിവരം അറിയിക്കണമെന്നും പൊലീസ് താമസക്കാരോട് അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.