ഷാർജയിൽ ആറുമാസം 351 സൈബർ കുറ്റകൃത്യങ്ങൾ
text_fieldsഷാർജ: എമിറേറ്റിൽ ഈ വർഷം ആദ്യ ആറുമാസത്തിൽ മാത്രം രജിസ്റ്റർ ചെയ്തത് 351 സൈബർ കുറ്റകൃത്യങ്ങൾ. ഓൺലൈൻ സംവിധാനങ്ങൾ വഴിയുള്ള തട്ടിപ്പുകളും ടെലഫോൺ ഉപയോഗിച്ചുള്ള ചതികളും ഉൾപ്പെടെയാണിത്. ഈ സാഹചര്യത്തിൽ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ കൂടുതൽ ജാഗത്ര പാലിക്കണമെന്ന് ഷാർജ പൊലീസ് ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് തട്ടിപ്പ്, ബ്ലാക്ക് മെയിൽ എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ ശംസി പറഞ്ഞു. സംശയാസ്പദമായ ലിങ്കുകളും വെബ്സൈറ്റുകളും ഉപയോഗിക്കരുതെന്ന അവബോധം ഇല്ലാത്തതാണ് ഇത്തരം കേസുകളുടെ വർധനവിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കാൻ വിവിധ സുരക്ഷ സംവിധാനങ്ങൾ അക്ഷീണം പ്രയത്നിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘ബി അവെയർ’ എന്ന പേരിൽ ബോധവത്കരണ പ്ലാറ്റ്ഫോം ഷാർജ പോലീസ് ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പുകൾക്ക് ഇരകളാകുന്നവർ അധികൃതർക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ പൂർണ രഹസ്യാത്മകത സൂക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. താമസക്കാരെയും പൗരന്മാരെയും സന്ദർശകരെയും വിവിധ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കാമ്പയിനിന്റെ ഭാഗമായി ബോധവത്കരിക്കും. ഇ-ബ്ലാക്മെയിൽ, ടെലഫോൺ തട്ടിപ്പ്, ഇലക്ട്രോണിക് കോപ്പിയടി, ഹാക്കിങ് തുടങ്ങിയ വിഷയങ്ങളിലെ പ്രത്യേകമായ നിർദേശങ്ങൾ ബോധവത്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടികൾക്കായി വിദ്യാഭ്യാസപരമായ ഗെയിമും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിലെ നിയമം സൈബർ കുറ്റകൃത്യങ്ങൾക്ക് തടവും പിഴയും ശിക്ഷ നൽകുന്നുണ്ട്.
ഒരു വർഷത്തിൽ കുറയാത്ത തടവും 250,000 ദിർഹത്തിൽ കുറയാത്തതും 10 ലക്ഷം ദിർഹത്തിൽ കൂടാത്തതുമായ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയതോ ആണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.