ദുബൈയുടെ ഗ്രാമവികസനത്തിന് 37 പദ്ധതികൾ
text_fieldsദുബൈ: ഗ്രാമപ്രദേശങ്ങളുടെ വികസനത്തിന് നാലുവർഷത്തേക്ക് 37 പദ്ധതികൾക്ക് അംഗീകാരം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വിനോദസഞ്ചാരികളെ ഗ്രാമങ്ങളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി സൈഹ് അൽ സലാമിൽ മനോഹരമായ പുതിയ പാത നിർമിക്കും. ഇതിന്റെ മാസ്റ്റർ പ്ലാനിനും ശൈഖ് ഹംദാൻ അംഗീകാരം നൽകി. അഞ്ച് വിനോദകേന്ദ്രങ്ങൾ, 97.86 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് ട്രാക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് സൈഹ് അൽ സലാമിലെ വികസന പദ്ധതി.
പുതിയ സൈക്ലിങ് പാതയുടെ നിർമാണം പൂർത്തിയാവുന്നതോടെ പ്രദേശത്തെ ആകെ സൈക്ലിങ് ട്രാക്കിന്റെ നീളം 156.61 കിലോമീറ്ററായി ഉയരും.
അതോടൊപ്പം മേഖലയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും മികച്ച ടൂറിസം അനുഭവങ്ങൾ നൽകുന്നതിനുമായി നിലവിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും കൂടുതൽ വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. 37 പദ്ധതികൾക്കായി 39 കോടി ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സൈഹ് അൽ സലാമിലെ അഞ്ച് സ്റ്റേഷനുകളിൽ പ്രധാനപ്പെട്ടത് അൽ ഖുദ്റ തടാകത്തിന് അരികിലാണ് നിർമിക്കുക. പ്രാദേശിക ഉൽപന്നങ്ങൾ വിൽപന നടത്തുന്ന ഷോപ്പുകൾ ഉൾപ്പെടുന്ന പരമ്പരാഗത മാർക്കറ്റായിരിക്കും ഇവിടത്തെ പ്രത്യേകത. കൂടാതെ ലാസ്റ്റ് എക്സിറ്റിന് സമീപത്തായി ഓപൺ എയർ സിനിമ കൊട്ടകയും നിർമിക്കും.
അൽ ഖുദ്റ തടാകത്തോട് ചേർന്നുള്ള ലക്ഷ്വറി മാർക്വീസിൽ സന്ദർശകർക്ക് ക്യാമ്പു ചെയ്യാനാകും. ഫ്ലമിംഗോ തടാകത്തിന് അരികിലായാണ് രണ്ടാമത് സ്റ്റേഷനായ വൈൽഡ്ലൈഫ് സ്റ്റേഷൻ.
വന്യജീവികളെയും ലൗവ് ലേക്കിലെ കാഴ്ചകളും ആകാശത്ത് പറന്നുനടന്ന് ആസ്വദിക്കാനും കഴിയുന്ന ഹോട്ട് എയർ ബലൂണുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. സന്ദർശകർക്ക് പ്രത്യേക ക്യാമ്പിങ് സൗകര്യവുമുണ്ടാവും.
ലൗവ് ലേക്ക്, ഖുദ്റ, ഫ്ലിമിംഗോ തടാകങ്ങളുമായി ബന്ധിപ്പിച്ചുള്ള ഉയർന്ന നടപ്പാതകളും പദ്ധതിയിൽ ഉൾപ്പെടും. എക്സ്പോ 2020 തടാകത്തോട് ചേർന്ന് നിർമിക്കുന്നതാണ് മൂന്നാമത്തെ സ്റ്റേഷനായ അഡ്വഞ്ചർ സ്റ്റേഷൻ. ഒറിക്സ് പ്ലാറ്റ്ഫോമിനോട് ചേർന്ന് നിർമിക്കുന്ന സാഹസിക പാർക്കാണ് ഇവിടത്തെ ആകർഷണീയത. കായികക്ഷമത നിലനിർത്താനുള്ള നടപ്പാതകളും ഇവിടെ നിർമിക്കും.
എക്സ്പോ തടാകത്തിന് ചുറ്റുമായി മണൽ പാതകളും സൈക്ലിങ് പാതകളുമുണ്ടാകും. കൾച്ചറൽ എക്സ്പീരിയൻസ് സ്റ്റേഷനാണ് നാലാമത്തേത്. അൽ മർമൂമിലെ ഒട്ടക ഫാമിനോട് ചേർന്നാണ് ഇത് നിർമിക്കുക. പാരമ്പര്യമായ രീതിയിലുള്ള മജ്ലിസ്, ഓപൺ തിയറ്റർ എന്നിവയാണ് ഇവിടെ നിർമിക്കുന്നത്.
മരുഭൂമിയിലെ അഡ്വഞ്ചർ സ്റ്റേഷനാണ് അഞ്ചാമത്തെ സ്റ്റേഷൻ. മണൽതിട്ടകളിലൂടെയുള്ള സൈക്ലിങ് യാത്ര, ഡസർട്ട് സഫാരി തുടങ്ങി മരുഭൂമിയിൽ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.